വിദ്യാഭ്യാസ വകുപ്പ്

വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ ആറ് മാസത്തിനുള്ളില്‍ നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

• നവകേരള മിഷന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.
• പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിച്ചു ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞ് സര്‍ക്കാര്‍ അടച്ചു പൂട്ടാന്‍ ഉത്തരവിട്ടതുമായ മലാപ്പറമ്പ് സ്‌കൂളടക്കം സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ കച്ചവട താല്പര്യത്തോടെ അടച്ചുപൂട്ടാന്‍ നടപടികള്‍ സ്വീകരിച്ച 4സ്‌കൂളുകള്‍ സര്‍ക്കാര്‍ എറ്റെടുത്തു.

• സ്‌കൂള്‍ പൂട്ടുന്നതിന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് അധികാരം നല്‍കിയിരുന്ന കെ.ഇ. ആക്ടിലെ ബന്ധപ്പെട്ട സെക്ഷനുകള്‍ ഭേദഗതി ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നു.

• പാഠപുസ്തക വിതരണം സമയബന്ധിതമായും കാര്യക്ഷമമായും നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. പുസ്തകഭാരം കണക്കിലെടുത്ത് അടുത്തവര്‍ഷം മുതല്‍ 3 വാല്യങ്ങള്‍.

• 1 മുതല്‍ 8 വരെ ക്ലാസ്സുകളിലെ എ.പി.എല്‍/ബി.പി.എല്‍ ഭേദമെന്യേ എല്ലാ കുട്ടികള്‍ക്കും യൂണിഫോം. ഈ അദ്ധ്യയന വര്‍ഷം 1 മുതല്‍ 5 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് കൈത്തറി യൂണിഫോം

• സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യ ഇന്‍ഷ്വുറന്‍സ് പദ്ധതിയും രക്ഷിതാക്കള്‍ മരണപ്പെട്ടാല്‍ കുട്ടിക്ക് സ്ഥിരനിക്ഷേപമായി 50,000 രൂപാ നല്‍കുന്ന പദ്ധതിയും ആവിഷ്‌കരിച്ചു.

• ഉച്ചഭക്ഷണ പാചക കൂലിയും, പാചക ചെലവും വര്‍ദ്ധിപ്പിച്ചു. ദിവസകൂലി 400 രൂപ മുതല്‍ 475 രൂപ വരെ

• കുട്ടികളുടെ കുറവുമൂലം തസ്തിക നഷ്ടപ്പെട്ട നാലായിരത്തിലധികം അധ്യാപകരെ പുനര്‍വിന്യസിച്ചു.

• അധ്യാപക ബാങ്ക് നിയമവിധേയമാക്കി, അധ്യാപക നിയമനത്തിനും, പുനര്‍ വിന്യാസത്തിനും ശാസ്ത്രീയ മാര്‍ഗ്ഗം സ്വീകരിച്ചു. ഇതിനാവശ്യമായ ഭേദഗതികള്‍ കെ.ഇ.ആര്‍ ചട്ടങ്ങളില്‍ വരുത്തുന്നതിന്റെ മുന്നോടിയായി സര്‍ക്കാര്‍ ഉത്തരവിറക്കി.

• 1 മുതല്‍ 8 വരെ ക്ലാസ്സുകളിലെ കുട്ടികളില്‍ നിന്നും കലോത്സവത്തിന് ഫണ്ട് ശേഖരിക്കുന്നത് നിര്‍ത്തലാക്കി. മേളയുടെ നടത്തിപ്പിന് 4 കോടിരൂപ സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചു.

• പ്രീ-പ്രൈമറി അധ്യാപികമാരുടേയും ആയമാരുടേയും ഹോണറേറിയം വര്‍ദ്ധിപ്പിച്ചു. പ്രി-പ്രൈമറി രംഗത്തെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി SCERT യെ ചുമതലപ്പെടുത്തി.

• ബദല്‍ സ്‌കൂളുകളിലെ (MGLC) അധ്യാപകരുടെ വേതനം വര്‍ദ്ധിപ്പിച്ചു.

• IEDSS റിസോഴ്‌സ് അധ്യാപകരുടെ വേതനം വര്‍ദ്ധിപ്പിച്ചു.

• ജൈവ വൈവിധ്യത്തെയും കൃഷിയെയും പരിസ്ഥിതിയെയും കുറിച്ച് വിദ്യാര്‍ത്ഥികളെയും ബഹുജനങ്ങളെയും പഠിപ്പിക്കുവാന്‍ വേണ്ടി ക്യാമ്പസ് ഒരു പാഠപുസ്തകം എന്ന സങ്കല്‍പം യാഥാര്‍ഥ്യമാക്കിക്കൊണ്ട് ജൈവ വൈവിധ്യ ഉദ്യാനങ്ങള്‍ നിര്‍മിക്കാനുള്ള നടപടികള്‍ തുടങ്ങി.

• 141 RMSA സ്‌കൂളുകളെ സര്‍ക്കാര്‍ സ്‌കൂളിന് തുല്യമാക്കി അധിക തസ്തികകള്‍ സൃഷ്ടിച്ച് അധ്യാപക / അനധ്യാപക ക്ഷാമം പരിഹരിച്ചു.

• സര്‍ക്കാര്‍ യു.പി സ്‌കൂളുകളില്‍ കലാ-കായിക-പ്രവൃത്തിപരിചയ അധ്യാപകരെ നിയമിക്കാന്‍ നടപടി സ്വീകരിച്ചു.

• ഹൈടെക് പഠനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു ഉപജില്ലയ്ക്ക് ഒന്ന് വീതം ഐ.ടി അറ്റ് സ്‌കൂളില്‍ മാസ്റ്റര്‍ ട്രെയിനര്‍മാരുടെ സേവനം ലഭ്യമാക്കി.
• ഹയര്‍സെക്കന്ററി മുതല്‍ ഡിഗ്രി കോഴ്‌സുകള്‍ വരെ സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചു, കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ഒരുക്കി.

• പുതുതായി തുടങ്ങിയ / അപ്‌ഗ്രേഡ് ചെയ്ത സ്‌കൂളുകളില്‍ 2015-16 വര്‍ഷം നിയമിക്കപ്പെട്ട എല്ലാ അധ്യാപക/അനധ്യാപകര്‍ക്കും നിയമനാംഗീകാരം നല്‍കി ഈ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നം പരിഹരിച്ചു.

• മതിയായ എണ്ണം കുട്ടികളില്ലാത്ത സ്‌കൂളുകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം അംഗീകരിക്കാന്‍ ഉത്തരവായി.

• ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ തസ്തിക സൃഷ്ടിക്കാത്തതിനാല്‍ വേതനമില്ലാതെ ജോലി ചെയ്തുവരുന്ന മൂവായിരത്തോളം അദ്ധ്യാപകര്‍ക്ക് ദിവസവേതനം അനുവദിച്ചു (70 കോടി രൂപ).
• എഞ്ചിനീയറിംഗ് വിദ്യാഭ്യാസ മേഖലയില്‍ മെറിറ്റും സാമൂഹ്യനീതിയും ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി പ്രവേശന പരീക്ഷ പാസ്സായിട്ടുള്ള വിദ്യാര്‍ഥികള്‍ മാത്രമേ സ്വാശ്രയ കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലും പ്രവേശനം നേടുന്നുള്ളു എന്ന് ഉറപ്പു വരുത്താന്‍ കഴിഞ്ഞു. സ്വാശ്രയ കോളേജുകളിലെ മെറിറ്റ് സീറ്റില്‍ ഫീസ് കുറച്ചു. അഡ്മിഷന്‍ നടപടികള്‍ കൃത്യസമയത്ത് പൂര്‍ത്തീകരിച്ചു.

• തിരുവനന്തപുരം ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ രണ്ട് പുതിയ പോസ്റ്റ് ഗ്രാഡ്വേറ്റ് കോഴ്‌സുകള്‍ അനുവദിച്ചു.

• കാസറഗോഡ്, ചേര്‍ത്തല സര്‍ക്കാര്‍ പോളിടെക്‌നിക്കുകളില്‍ മെക്കാനിക്കല്‍ ബ്രാഞ്ചുകളില്‍ ഓരോ കോഴ്‌സുകള്‍ അനുവദിച്ചു.

• എ.ഐ.സി.റ്റി.ഇ അംഗീകാരം നഷ്ടമായ തിരുവനന്തപുരം സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജില്‍ 26 തസ്തികകള്‍ അനുവദിച്ചു. അംഗീകാരം പുന:സ്ഥാപിക്കുന്നതിന് എ.ഐ.സി.റ്റി.ഇ നിര്‍ദ്ദേശിച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി.

• ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ കോളേജുകളും കോഴ്‌സുകളും അനുവദിക്കുന്നതിന് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു.

• മൂന്നാര്‍ ഗവ.കോളേജില്‍ എം.എ തമിഴ്, എം.കോം എന്നീ കോഴ്‌സുകളും അതിലേക്കാവശ്യമായ അധ്യാപക തസ്തികകളും സൃഷ്ടിച്ച് ഉത്തരവായി.
• കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ.കോളേജില്‍ എം.എ മാസ് കമ്യൂണിക്കേഷന്‍ & ജേര്‍ണലിസം, എം.എ ഇക്കണോമിക്‌സ് എന്നീ കോഴ്‌സുകള്‍ അനുവദിച്ചു.

• മാനന്തവാടി ഗവ.കോളേജില്‍ എം.എ ഇംഗ്ലീഷ്, എം.എ ഡവലപ്‌മെന്റ് ഇക്കണോമിക്‌സ് എന്നീ കോഴ്‌സുകള്‍ അനുവദിച്ചു.

• തലശ്ശേരി, ധര്‍മ്മടം ഗവ.ബ്രണ്ണന്‍ കോളേജില്‍ ബി.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ്, എം.എസ്.സി സുവോളജി എന്നീ കോഴ്‌സുകള്‍ അനുവദിച്ചു.

• ഗവ.കോളേജ് കട്ടപ്പന എം.എ ഇക്കണോമിക്‌സ്, ബി.എസ്.സി കെമിസ്ട്രി എന്നീ കോഴ്‌സുകള്‍ അനുവദിച്ചു.
• സര്‍വ്വകലാശാല സിന്‍ഡിക്കേറ്റുകള്‍ പുന:സംഘടിപ്പിച്ചു.

• സര്‍വ്വകലാശാല പരീക്ഷാ നടത്തിപ്പ് കാര്യക്ഷമവും സമയബന്ധിതവും ആക്കുന്നതിനും സര്‍വ്വകലാശാലകള്‍ തമ്മിലുള്ള അക്കാദമിക് ബന്ധം മെച്ചപ്പെടുത്തുന്നതിനും നടപടികള്‍ സ്വീകരിച്ചു.

• പരീക്ഷാ കലണ്ടര്‍ മുന്‍കൂട്ടി പ്രസിദ്ധീകരിക്കുന്നതിനും ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരീക്ഷാ നടത്തിപ്പ് കുറ്റമറ്റതാക്കുന്നതിനും ഫലപ്രഖ്യാപനത്തിലെ കാലതാമസം ഒഴിവാക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചു.

• പൊതുജന സമ്പര്‍ക്ക വിഭാഗത്തിന്റെയും പരാതി പരിഹാര സെല്ലുകളുടെയും പ്രവര്‍ത്തന മികവ് ഉറപ്പ് വരുത്തുന്നതിന് നടപടി സ്വീകരിച്ചു.

• ഓരോ സര്‍വ്വകലാശാലയിലേയും ഗവേഷണ ഫലങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ശില്പശാലകള്‍ സംഘടിപ്പിക്കുന്നതിനും പൊതുവായ ഒരു ഗവേഷണ ജേര്‍ണല്‍ ആരംഭിക്കുന്നതിനുമുള്ള സാധ്യതകള്‍ പരിശോധിച്ച് നടപ്പില്‍ വരുത്തുന്നതിന് 5 വൈസ് ചാന്‍സലര്‍മാര്‍ അടങ്ങുന്ന ഒരു സമിതിയെ നിയോഗിച്ചു.

• കേന്ദ്രഗവര്‍മെണ്ട് പദ്ധതിയായ റൂസ പദ്ധതി പ്രകാരം ഇന്‍ഫ്രാ സ്ട്രക്ചര്‍ ഗ്രാന്റ് ഇനത്തില്‍ 72 കോടി 87 ലക്ഷം രൂപ 15 കോളേജുകള്‍ക്കും ഒരു യൂണിവേഴ്‌സിറ്റിക്കും വിതരണം നടത്തി.

• പുതുതായി അക്രഡിറ്റേഷന്‍ ലഭിച്ച രണ്ടു കോളേജുകള്‍ക്ക് ഒരു കോടി രൂപ വീതവും, കേരള യൂണിവേഴ്‌സിറ്റിയുടെ അക്കാഡമിക് സ്റ്റാഫ് കോളേജിന് 50 ലക്ഷം രൂപയും ഇകവിറ്റി ഇന്‍ഷ്യേറ്റീവിന് 2 കോടി 50 ലക്ഷം രൂപയും റൂസ മുഖാന്തിരം ലഭ്യമാക്കി.

• Preparatory Grant സമയബന്ധിതമായി ചെലവഴിച്ചതിനുള്ള അംഗീകാരമായി 4 കോടി 61 ലക്ഷം രൂപ ഈ ഇനത്തില്‍ അനുവദിച്ചു. ഇന്ത്യയില്‍ ഇത് ലഭിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് കേരളം.

• അസാപ്പ് പദ്ധതി പ്രകാരം പുതിയ 10 സ്‌കില്‍ ഡവലപ്പ്‌മെന്റ് സെന്ററുകള്‍ സ്ഥാപിക്കാന്‍ നടപടികളായി.

• സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന് (CCEK) എമര്‍ജിംഗ് കേരള ആന്റ് ഡി.സി. മീഡിയ ഏര്‍പ്പെടുത്തിയ Best Training and Test Preparation Institute നുള്ള Excellent Award ലഭിച്ചു.

• തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ആരംഭിക്കാനായി CCEK യും വ്യവസായ വകുപ്പും ധാരണാ പത്രത്തില്‍ ഒപ്പുവച്ചു.

• കണ്ണൂര്‍ കല്യാശ്ശേരിയില്‍ CCEK യുടെ പുതിയ സെന്റര്‍ ഈ മാസം 17-ാം തീയതി പ്രവര്‍ത്തനം ആരംഭിക്കുന്നു.

മുകളില്‍ പറഞ്ഞവ ഉള്‍പ്പെടെ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ താഴെ ചേര്‍ക്കുന്നു.

1. ഹൈസ്‌കൂള്‍ തലത്തിലും ഹയര്‍ സെക്കന്ററി തലത്തിലും 45,000 ക്ലാസ് മുറികള്‍ ഹൈ ടെക് ആക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

2. എല്ലാ നിയമസഭാ മണ്ഡലത്തിലേയും ഓരോ സ്‌കൂള്‍ മികവിന്റെ കേന്ദ്രം ആക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്

3. സര്‍ക്കാര്‍ മേഖലയിലെ 229 സ്‌കൂളുകളുടെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്താന്‍ 3 കോടി രൂപ വീതം നല്കും

4. 200 വര്‍ഷം പിന്നിടുന്ന പൈതൃക സ്‌കൂളുകള്‍ക്ക് പ്രത്യേക പരിഗണന നല്കുന്ന പദ്ധതി നടപ്പാക്കും

5. കുട്ടികളുടെ സാമൂഹ്യ സാമ്പത്തിക വൈകാരിക പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പഠനത്തില്‍ മികവു പുലര്‍ത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ ഉയര്‍ത്തുന്നതിനുള്ള ”ശ്രദ്ധ” പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കും. ഇതിനായി 2017-18 ല്‍ 3 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

6. കരിക്കുലം അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റല്‍ ഉള്ളടക നിര്‍മ്മാണത്തിനുള്ള കേന്ദ്രമായി സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എഡ്യൂക്കേഷന്‍ ടെക്‌നോളജിയെ ഉയര്‍ത്തുന്നതിനുള്ള പദ്ധതി.

7. സ്‌കൂള്‍ കലോത്സവ നടത്തിപ്പിനുള്ള സര്‍ക്കാര്‍ ഫണ്ട് 4 കോടിയില്‍ നിന്നും 6 കോടിയായി വര്‍ദ്ധിപ്പിച്ചു

8. സ്‌കൂള്‍ ലൈബ്രറികളും ലബോറട്ടറികളും ആധുനികവല്ക്കരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

9. കലാ-കായിക വിദ്യാഭ്യാസത്തിന് അനുഗുണമായ ഭൗതിക സാഹചര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് വിദ്യാലയങ്ങളെ ആരോഗ്യ-മാനസിക-സാംസ്‌കാരിക വികാസത്തിന്റെ അടിസ്ഥാന കേന്ദ്രങ്ങളാക്കി വികസിപ്പിക്കുന്നതിനായി കലാ-കായിക-സാംസ്‌കാരിക പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു

10. ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് വളരാനും വികസിക്കാനുമുള്ള ഇടങ്ങളായി ഓട്ടിസം പാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി

11. കുട്ടികളില്‍ അന്തര്‍ലീനമായ എല്ലാ തരം പ്രതിഭകളേയും കണ്ടെത്താനും വികസിപ്പിക്കാനും ടാലന്റ് ലാബുകള്‍ ആരംഭിക്കാനുള്ള പദ്ധതി നടപ്പിലാക്കും.

12. അന്തര്‍ ദേശീയ നിലവാരമുള്ള ലാബുകള്‍ സ്‌കൂളുകളില്‍ സജ്ജീകരിക്കാനായി Ideal Lab പദ്ധതി

13. സര്‍വ്വകലാശാലകളെ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍ പ്രത്യേക പദ്ധതി. ആദ്യഘട്ടത്തില്‍ കൊച്ചി സര്‍വ്വകലാശാലക്ക് 240 കോടി രൂപയുടെ പദ്ധതി

14. എഞ്ചിനീയറിംഗ് കോളേജുകളില്‍ ഉല്പന്ന രൂപീകരണത്തിനും വികസനത്തിനുമായിട്ടുള്ള കേന്ദ്രം, ഗ്രാമീണ സാങ്കേതിക വികസന കേന്ദ്രം എന്നിവ ആരംഭിക്കും

15. ഗവേഷണ പ്രവര്‍ത്തങ്ങളില്‍ മികവു പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പ്രൊത്സാഹിപ്പിക്കാന്‍ കൈരളി ഗവേഷണ അവാര്‍ഡുകള്‍.

16. 1 മുതല്‍ 10 വരെ ക്ലാസ്സുകളില്‍ മലയാള ഭാഷാ നിര്‍ബന്ധിത പഠന വിഷയമാക്കിക്കൊണ്ടുള്ള മലയാള ഭാഷാ (നിര്‍ബന്ധിത ഭാഷ) ബില്‍ 2017 കൊണ്ടുവന്നു.