കൊച്ചി: വിദ്യാഭ്യാസത്തിന്റെ ദര്‍ശനം ശരിയായ രീതിയില്‍ മനസിലാക്കേണ്ടത് പരീക്ഷകളിലെ മാത്രമല്ല ജീവിതവിജയത്തിനും അനിവാര്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. മനുഷ്യനിലെ മാനവികമല്ലാത്ത ഭാവങ്ങളെ ഒഴിവാക്കി സംസ്‌കരിക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസമെന്ന തിരിച്ചറിവ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.
സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷാ പരീശലനം നല്‍കുന്നതിനായി എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള മുന്‍കയ്യെടുത്ത് ആവിഷ്‌കരിച്ച പുതുയുഗം പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കേവലം വിവരശേഖരണമായി വിദ്യാഭ്യാസത്തെ മനസിലാക്കാതെ അതിന്റെ ദാര്‍ശനികമായ തലം കണ്ടെത്താന്‍ കഴിയണം. പാഠപുസ്തകങ്ങളില്‍ നിന്നും എന്തു പഠിച്ചെന്നും പഠിച്ചത് ഓര്‍ത്തെടുക്കാന്‍ കഴിയുന്നുണ്ടോ എന്നുമുള്ള വിലയിരുത്തലാണ് സാധാരണപരീക്ഷകളില്‍ നടക്കുന്നത്. എന്നാല്‍ വിഷയം എത്രമാത്രം മനസിലാക്കിയിട്ടുണ്ടെന്നും അപഗ്രഥനശേഷി എത്രത്തോളുമുണ്ടെന്നുമാണ് എന്‍ട്രന്‍സ് പരീക്ഷകളില്‍ പരിശോധിക്കുന്നത്. വിവിധ മേഖലകളില്‍ അഭിരുചിയുള്ളവരെ കണ്ടെത്തി അവരെ അതിലേക്ക് തിരിച്ചുവിടാനുള്ള തിരഞ്ഞെടുപ്പാണിതെന്നും മന്ത്രി പറഞ്ഞു.
സാമ്പത്തികവും സാമൂഹികവുമായി പിന്നില്‍ നില്‍ക്കുന്നവരെ പ്രവേശനപരീക്ഷവിജയത്തിന് സജ്ജരാക്കുന്നതിന് എറണാകുളം ജില്ലാ ഭരണകൂടം വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതി മാതൃകാപരമാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും ഇത് നടപ്പാക്കാവുന്നതാണ്. വിദ്യാഭ്യാസരംഗത്ത് ഭരണകൂടത്തിന് എങ്ങനെ ഇടപെടാനാകുമെന്ന് മാതൃക കാട്ടിയ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയെ സംസ്ഥാന സര്‍ക്കാരിന് വേണ്ടി താന്‍ അഭിനന്ദിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള പദ്ധതി വിശദീകരിച്ചു. അസിസ്റ്റന്റ് കളക്ടര്‍ ഈഷ പ്രിയ, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പ്രസാദ് കെ. പണിക്കര്‍, കൊച്ചി കപ്പല്‍ശാല ജനറല്‍ മാനേജര്‍ എം.ഡി വര്‍ഗീസ്, സതര്‍ലാന്‍ഡ് ടെക്‌നോളജീസ് മോര്‍ട്ട്‌ഗേജ് വിഭാഗം മേധാവി പിങ്കി തല്‍രേജ, അല്‍ഫോണ്‍ കണ്ണന്താനം അക്കാദമി ഫോര്‍ കരിയര്‍ എക്‌സലന്‍സ് റീജിയണല്‍ മാനേജര്‍ ലീബ സൂസന്‍, പുതുയുഗം നോഡല്‍ ഓഫീസര്‍ സി.കെ. പ്രകാശ്, വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ സി.എ. സന്തോഷ്, അന്‍പൊടു കൊച്ചി പ്രതിനിധി മുഹമ്മദ് റാഫി തുടങ്ങിയവര്‍ പ്രസംഗിച്ചു.
മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശനപരീക്ഷകള്‍ക്കും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിലും വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുകയാണ് പുതുയുഗം പദ്ധതിയുടെ പ്രധാനലക്ഷ്യം. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെയാണ് ഇതിലേക്ക് തിരഞ്ഞെടുക്കുന്നത്. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള കുടുംബങ്ങളില്‍ നിന്നുള്ള 400 വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ വര്‍ഷം പരിശീലനത്തിന് അവസരം ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ പ്രത്യേക പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ഇവരെ തിരഞ്ഞെടുത്തത്.
തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശനപരീക്ഷ ലക്ഷ്യമിട്ട് 450 മണിക്കൂര്‍ പരിശീലനം നല്‍കും. 50 മണിക്കൂറാണ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിലുള്ള പരിശീലനം. എല്ലാ രണ്ടാം ശനിയാഴ്ചകളിലും പൊതു അവധി ദിനങ്ങളിലും എറണാകുളം ഗവ. ഗേള്‍സ് ഹൈസ്‌ക്കൂള്‍, ആലുവ, ഗവ. ഗേള്‍സ് ഹൈസ്‌ക്കൂള്‍, പെരുമ്പാവൂര്‍ ഗവ. ഗേള്‍സ് ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളിലാണ് ക്ലാസുകള്‍ നടത്തുന്നത്. എന്‍ട്രന്‍സ് പരീക്ഷയ്ക്കുള്ള പരിശീലന ക്ലാസുകള്‍ അല്‍ഫോന്‍സ് കണ്ണന്താനം അക്കാദമി ഓഫ് കരിയര്‍ എക്‌സലന്‍സിന്റെയും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകള്‍ സതര്‍ലാന്‍ഡ് ഗ്ലോബല്‍ സര്‍വീസസിന്റെയും പിന്തുണയോടെയാണ് സംഘടിപ്പിക്കുന്നത്. പദ്ധതിക്കാവശ്യമായ സാമ്പത്തിക പിന്തുണ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും ഭാരത് പെട്രോളിയം കോര്‍പ്പറേഷനും നല്‍കും.