വഴികാട്ടി – വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു

വൈറ്റില മൊബിലിറ്റി ഹബ്ബില്‍ യാത്രക്കാര്‍ക്കായി ആരംഭിച്ച ആരോഗ്യസേവനകേന്ദ്രമായ വഴികാട്ടിയുടെ ഉദ്ഘാടനം വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ദേശീയ ആരോഗ്യദൗത്യത്തിന്റെ നേതൃത്വത്തിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
കേന്ദ്രത്തില്‍ പ്രഷര്‍, പ്രമേഹം, ബി എം ഐ നിര്‍ണയം, പാനീയചികിത്സ, അടിയന്തരഘട്ടങ്ങളില്‍ പ്രഥമ ചികിത്സ, ഗര്‍ഭനിര്‍ണയകിറ്റ്, കുടുംബാസൂത്രണമാര്‍ഗങ്ങള്‍ തുടങ്ങിയ വിവിധ സേവനങ്ങള്‍ ലഭ്യമാവും. ആരോഗ്യ, സാമൂഹ്യക്ഷേമ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങളും അപേക്ഷാഫോമുകളും ലഭിക്കും.
രാവിലെ എഴ് മുതല്‍ വൈകിട്ട് എഴ് വരെയാണ് കേന്ദ്രം പ്രവര്‍ത്തിക്കുക. ജെ പി എച്ച് എന്‍, ആശ എന്നിവരാണ് സേവനങ്ങള്‍ നല്‍കുന്നതിനായി കേന്ദ്രത്തിലുണ്ടാവുക. ആരോഗ്യ, ശുചിത്വ ബോധവത്കരണപരിപാടികളും നടത്തും.
ചടങ്ങില്‍ പി ടി തോമസ് എം എല്‍ എ, ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള, അസിസ്റ്റന്റ് കളക്ടര്‍ ഈശ പ്രിയ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എന്‍ കെ കുട്ടപ്പന്‍, ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ മാത്യൂസ് നുമ്പേലി, വാര്‍ഡ് കൗണ്‍സിലര്‍ പി എസ് ഷൈന്‍ എന്നിവര്‍ പങ്കെടുത്തു.
മൊബിലിറ്റി ഹബ്ബില്‍ എത്തുന്ന എല്ലാ വാഹനങ്ങളിലെയും ജീവനക്കാരുടെ പ്രഷര്‍, പ്രമേഹം, ബി എം ഐ നിര്‍ണയം ആദ്യഘട്ടത്തില്‍ നടത്തും. ആരോഗ്യകാര്യത്തില്‍ പാലിക്കേണ്ട ചിട്ടകളെ കുറിച്ച് ബോധവത്കരണം നല്‍കുകയും ആവശ്യമെങ്കില്‍ ചികിത്സാസൗകര്യം അടുത്തുള്ള ആരോഗ്യകേന്ദ്രവുമായി ചേര്‍ന്നുകൊണ്ട് നല്‍കുകയും ചെയ്യും. നാലു ലക്ഷത്തി തൊണ്ണൂറായിരം രൂപ ചെലവിട്ടാണ് കേന്ദ്രം പണികഴിപ്പിച്ചത്. സില്‍ക്കാണ് നിര്‍മാണപ്രവൃത്തി എറ്റെടുത്ത് നടത്തിയത്.