കൊച്ചി: സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും ഓണ സന്ദേശം ജീവിതത്തിലും പകര്‍ത്തുമ്പോഴാണ് ആഘോഷങ്ങള്‍ സാര്‍ഥകമാകുന്നതെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ജില്ല ഭരണകൂടവും ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്നു സംഘടിപ്പിക്കുന്ന ലാവണ്യം 2017 ഓണാഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷമായ ഉത്സവത്തിന്റെ സന്ദേശമാണ് ഓണം സമൂഹത്തിന് നല്‍കുന്നത്. ഓണപ്പൂക്കളില്‍ നിന്നാവാഹിച്ചെടുക്കുന്ന സന്തോഷം തുടര്‍ന്ന് വര്‍ഷം മുഴുവന്‍ നിലനില്‍ക്കണം. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം മനസില്‍ പകര്‍ത്തി സമൂഹത്തില്‍ പ്രചരിപ്പിക്കണം. സമത്വവും സന്തോഷകരവുമായ ഓണം സമസ്ത വിഭാഗങ്ങള്‍ക്കും ആഘോഷിക്കുന്നതിന് എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട്. സമൂഹ വികസനവും സാധാരണക്കാരന്റെ ജീവല്‍പ്രശ്‌നങ്ങളും ഒരു പോലെ പരിഗണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ 60 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് വിവിധ പെന്‍ഷന്‍, ആനുകൂല്യ ഇനങ്ങളിലായി 12,250 കോടി രൂപയാണ് ഓണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ വിതരണം ചെയ്തിരിക്കുന്നതെന്ന് ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ പറഞ്ഞു. നഗരസംസ്‌കാരത്തിന്റെ ലാവണ്യം വിവിധ മേഖലകളിലേക്ക് വ്യാപിച്ചത് അത്യധികം സന്തോഷകരമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഹൈബി ഈഡന്‍ എംഎല്‍എ പറഞ്ഞു. കെ.വി. തോമസ് എം.പി., പി.ടി. തോമസ് എംഎല്‍എ, മേയര്‍ സൗമിനി ജെയിന്‍, ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, കൗണ്‍സിലര്‍ കെ.വി.പി. കൃഷ്ണകുമാര്‍, ഡിടിപിസി എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായ പി.ആര്‍. റെനീഷ്, പി.എസ്. പ്രകാശന്‍, എസ്. സതീഷ്, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.ജി. ശിവന്‍, ഫിനാന്‍സ് ഓഫീസര്‍ അജി ഫ്രാന്‍സിസ്, ഡിടിപിസി സെക്രട്ടറി എസ്. വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.