വൻകിട നിർമ്മാണപ്രവർത്തങ്ങളല്ല മറിച്ച് പാർശ്വവൽക്കരിക്കപെടാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് വികസനപ്രക്രിയയയുടെ ആദ്യപടി എന്നും അത്തരമൊരു സമൂഹ സൃഷ്ടിക്കാണ് കേരളസർക്കാർ ശ്രമിക്കുന്നതെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്‌ പറഞ്ഞു. പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യ പക്ഷാചരണത്തിന്റെ ഭാഗമായി കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പൊതുസമ്മേളനവും സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു മേഖലയെ ശക്തിപെടുത്തിയാൽ മാത്രമേ ഈ ലക്‌ഷ്യം  കൈവരിക്കാൻ സാധിക്കൂ. അതിനാലാണ് കേരളത്തിൽ പൊതുവിദ്യാലയങ്ങളും പൊതു ആരോഗ്യമേഖലയും ശക്തിപ്പെടുത്തുന്ന പ്രവർത്തങ്ങൾക്ക് സർക്കാർ നേതൃത്വം നൽകുന്നത്. മന്ത്രി പറഞ്ഞു.  കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക്പഞ്ചായത്ത് പ്രദേശത്ത് എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ പട്ടികജാതി വിഭാഗത്തിൽപെട്ട കുട്ടികൾക്ക് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്‌ പുരസ്‌കാരങ്ങൾ വിതരണം  ചെയ്തു. തുടർന്ന് ‘പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗക്കാർക്കുള്ള നിയമ പരിരക്ഷ സ്ത്രീധന നിരോധന നിയമം’ എന്ന വിഷയത്തിൽ അഡ്വ. കെ ആർ സുമേഷ് ക്ലാസ്സെടുത്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്മാരായ വി.എ മനോജ്‌കുമാർ, കെ.കെ.ഷീജു, വൈസ് പ്രസിഡണ്ട്  ടി.എസ് ബൈജു,ജില്ലാ പഞ്ചായത്ത്  പൊതുമരാമത്ത് സ്ഥിരംസമതി ചെയർമാൻ കെ.ജെ.ഡിക്സൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ മറ്റു ജനപ്രതിനിധികൾ  ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ പട്ടിക ജാതി വികസന ഓഫീസർ സിന്ധു പരമേശ്‌ സ്വാഗതവും കൊടകര ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി  വികസന ഓഫീസർ വി.എ. ലാസർ നന്ദിയും പറഞ്ഞു.