സമൂഹത്തില്‍പാര്‍ശ്വവത്കരണമുണ്ടാവാത്ത തരത്തില്‍ എല്ലാവര്‍ക്കും മികവാര്‍ന്ന വിദ്യാഭ്യാസം നല്‍കുകയെന്നതാണ് സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. സംസ്ഥാനത്ത് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പഠനപിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി ആരംഭിക്കുന്ന നവപ്രഭ പരിഹാര ബോധന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ വിവിധ പദ്ധതികളാണ് നടപ്പാക്കിവരുന്നത്. എല്ലാ ക്ലാസുകളിലും എല്ലാ വിഷയങ്ങളിലും മികവുണ്ടാക്കുന്നതിനായി ആവിഷ്‌കരിച്ച സമഗ്ര പദ്ധതി, ഒന്നുമുതല്‍ എട്ടു വരെ ക്ലാസുകളില്‍ കണക്ക് പഠനം ലളിതമാക്കുന്ന ഗണിതം വിജയം, ഇംഗ്ലിഷ് പഠനം എളുപ്പമാക്കുന്ന ഹലോ ഇംഗ്ലിഷ് പദ്ധതികള്‍ക്കു പുറമേ ഭാഷാ പഠനം ലളിതമാക്കുന്നതിന് പച്ചമലയാളം, ഗുഡ് ഇംഗ്ലിഷ്, അച്ഛീ ഹിന്ദി തുടങ്ങിയ പദ്ധതികളും സ്‌കൂളുകളില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. പൊതുവിദ്യാലയങ്ങളില്‍ ഈ അധ്യയനവര്‍ഷം പുതുതായെത്തിയത് ഒരു ലക്ഷത്തി നാല്‍പത്താറായിരം വിദ്യാര്‍ത്ഥികളാണ്. അവരുടെയും രക്ഷിതാക്കളുടെയും പ്രതീക്ഷകള്‍ക്കൊത്ത് ഉയരേണ്ട ഉത്തരവാദിത്വം അധ്യാപക സമൂഹത്തിനുണ്ടെന്നും മന്ത്രി പറഞ്ഞു. സെന്റ് ജോസഫ് സ്‌കൂളിലെ വിദ്യാര്‍ത്ഥി നിഖില്‍ ബേബിച്ചന്‍ രൂപകല്‍പന ചെയ്ത നവപ്രഭ മൊബൈല്‍ ആപ്പിന്റെയും വെബ്‌സൈറ്റിന്റെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എസ്.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ ഡോ. ജെ. പ്രസാദ്, എസ.്‌ഐ.ഇ.റ്റി. ഡയറക്ടര്‍ ബി. അബുരാജ്, നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ വഞ്ചിയൂര്‍ പി. ബാബു, എസ്.ഉണ്ണികൃഷ്ണന്‍, സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളായ കെ.സി. ഹരികൃഷ്ണന്‍, പി.ഹരിഗോവിന്ദന്‍, സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ ഫാ.ഡോ.ഡൈസന്‍, പി.ടി.എ പ്രസിഡന്റ് മധുമോഹന്‍ ബി.എല്‍., പ്രിന്‍സിപ്പല്‍ പി.ജെ.വര്‍ഗീസ് തുടങ്ങിയവര്‍ സംബന്ധിച്ചു. രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ സംസ്ഥാന പ്രോജക്ട് ഡയറക്ടര്‍ രാഹുല്‍ ആര്‍ സ്വാഗതവും അഡീഷണല്‍ പ്രോജക്ട് ഡയറക്ടര്‍ പി.എസ് മാത്യു കൃതജ്ഞതയും പറഞ്ഞു.