മഹത് വ്യക്തികളെ സംഭാവന ചെയ്യുന്ന നാടിന്റെ ഊര്‍ജ സ്രോതസുകളാണ് പ്രൈമറി സ്‌കൂളുകളെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. കൂടല്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ ഹൈടെക് ആക്കുന്നതിന് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്തിട്ടുള്ള സ്‌കൂളുകളില്‍ ഒന്നാണ് കൂടല്‍ സ്‌കൂള്‍. നൂറ്റാണ്ടിന്റെ ചരിത്രമുള്ള സ്‌കൂളിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടാണ് ആദ്യഘട്ടത്തില്‍ തന്നെ സ്‌കൂളിനെ ഹൈടെക് ആക്കാന്‍ തിരഞ്ഞെടുത്തത്. മറ്റു സംസ്ഥാനങ്ങളില്‍ പൊതു വിദ്യാലയങ്ങളില്‍ നിന്ന് കുട്ടികള്‍ സ്വകാര്യ വിദ്യാലയങ്ങളിലേക്ക് കൂട്ടത്തോടെ പോകുന്ന സ്ഥിതിയാണുള്ളത്. എന്നാല്‍, കേരളത്തില്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് 1,45,208 കുട്ടികള്‍ പുതുതായി എത്തി. ഇത് പൊതുവിദ്യാലയങ്ങള്‍ ശക്തിപ്പെടുന്നതിന്റെ ശുഭസൂചനയാണ്. ഈമാറ്റം ഉള്‍ക്കൊണ്ട് പൊതു വിദ്യാലയങ്ങളെ സംരക്ഷിക്കുന്ന നടപടികളുമായി മുന്നോട്ടു പോകാന്‍ പൊതുസമൂഹവും അധ്യാപകരും മുന്‍കൈയെടുക്കണം. വിദ്യാഭ്യാസരംഗത്ത് 100 വര്‍ഷം പിന്നിടുന്ന കൂടല്‍ സ്‌കൂള്‍ വരും തലമുറകള്‍ക്ക് മാര്‍ഗദര്‍ശനമാകുമെന്നും മന്ത്രി പറഞ്ഞു.
അടൂര്‍ പ്രകാശ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൗദ രാജന്‍, ജില്ലാ പഞ്ചായത്തംഗം ബിനി ലാല്‍, ബ്ലോക്ക് പഞ്ചായത്തംഗം ടി.എന്‍. സോമരാജന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.വി. ജയകുമാര്‍, ജ്യോതിശ്രീ, മനോജ് മുറിഞ്ഞകല്‍, ആശ സജി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ടി. ശ്രീദേവി, സംഘാടകസമിതി ചെയര്‍മാന്‍ എം. മനോജ് കുമാര്‍, ഏലിയാസ് ബര്‍സോം, ഡി. സുജ, സി.സത്യദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.