ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്തു

പാര്‍ശ്വവത്കരിക്കപ്പെട്ടവരില്ലാത്ത വിദ്യാര്‍ഥിസമൂഹത്തെ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. സര്‍വശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ ഉപകരണ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മണക്കാട് സത്രം സ്‌കൂളില്‍ നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള വിദ്യാഭ്യാസത്തിന്റെ എല്ലാ അര്‍ഥതലവും വികസിപ്പിച്ച് ഭിന്നശേഷിയുള്ളവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരും. എല്ലാവരെയും ഒരുപോലെയല്ല, ഓരോരുത്തരെയും അവരുടെ കഴിവുകളനുസരിച്ചാണ് കാണേണ്ടത്. അവരുടെ ശേഷി കണ്ടെത്തി വികസിപ്പിക്കുന്നതിലാണ് വിജയം. ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് ഇത്തരത്തിലുള്ള പ്രോത്‌സാഹനം നല്‍കുന്ന ആത്മവിശ്വാസം വലുതാണെന്നും അദ്ദേഹം പറഞ്ഞു.

നവീകരിച്ച ഓട്ടിസം സെന്ററിന്റെയും തെറാപ്പി യൂണിറ്റുകളുടെയും ഉദ്ഘാടനവും എസ്‌കോര്‍ട്ടിംഗ് അലവന്‍സ് വിതരണവും നിര്‍വഹിച്ചു. ചടങ്ങില്‍ മേയര്‍ വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു.

എസ്.എസ്.എ കേരളം സ്‌റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ. എ.പി. കുട്ടികൃഷ്ണന്‍, നഗരസഭാ കൗണ്‍സിലര്‍ എസ്. സുരേഷ്, വിദ്യാഭ്യാസ ഉപജില്ലാ ഡയറക്ടര്‍ റ്റി.വി. രമണി, എസ്.എസ്.ഒ.എസ്.എസ്.എ സാം ജി. ജോണ്‍, ഡി.പി.ഒ ബി. ശ്രീകുമാരന്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എസ്. പുഷ്‌കല കുമാരി, യു.ആര്‍.സി സൗത്ത് ബി.പി.ഒ എ. നജീബ് എന്നിവര്‍ സംബന്ധിച്ചു.