കലോത്സവങ്ങള്‍ പഠനവേദിയാക്കുകയാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. 2018 ജനുവരി 6 മുതല്‍ 10 വരെ തൃശൂരില്‍ നടക്കുന്ന 58-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം തൃശൂര്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യഭ്യാസ യജ്ഞത്തിന്റെ ലക്ഷ്യം തന്നെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും പരിപോഷിപ്പിക്കുകയും സമഗ്രമാക്കലുമാണ്. വിദ്യാര്‍ത്ഥികളുടെ യഥാര്‍ത്ഥ സര്‍ഗശേഷി അറിഞ്ഞ് പ്രോത്സാഹിപ്പിക്കലും ഇതിന്റെ ഭാഗമാകുമ്പോള്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്ന എല്ലാ വേദികളും പഠനവേദികളാക്കി മാറ്റാന്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്നു. പൊതുവിദ്യാലയങ്ങള്‍ പരിശോധിച്ചാല്‍ ഇതു മനസ്സിലാകും. ശാസ്ത്രീയമായ വിദ്യാഭ്യാസം നടക്കുന്നത് പൊതുവിദ്യാലയങ്ങളിലാണെന്ന് കണ്ടെത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.ആര്‍ഭാടം ഒഴിവാക്കിക്കൊണ്ടായിരിക്കും 58-ാമത് കേരള സ്‌കൂള്‍ കലോത്സവം തൃശൂരില്‍ നടത്തുക. ജനുവരിയില്‍ നടക്കുന്ന കലോത്സവം ലാളിത്യം കൊണ്ട് മാതൃകയായി മാറും. എല്ലാ വേദികളിലും ഗ്രീന്‍ പ്രോട്ടോകോള്‍ ഉണ്ടാകും. ആ രീതിയിലാണ് മാന്വല്‍ പരിഷ്‌ക്കരിച്ചീട്ടുളളതെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടികളുടെ കഴിവ് പൊതുസമൂഹം അറിയണം. അതുകൊണ്ടു തന്നെ ആര്‍ഭാടത്തിന്റെ ആവശ്യമില്ല. ഘോഷയാത്ര അടക്കമുളള പരിപാടികള്‍ അതിനായി ഒഴിവാക്കിയിട്ടുണ്ട്. സാംസ്‌ക്കാരിക സംഗമങ്ങള്‍ കൂട്ടി ചേര്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തേക്കിന്‍കാട് മൈതാനം മുഖ്യവേദിയാക്കി ഇരുപത്തഞ്ചോളം വേദികളാണ് കലോത്സവത്തിന് ഉദ്ദേശിച്ചിട്ടുളളത്. ഇതിനു പുറമേ തൃശൂര്‍ ടൗണിനു ചുറ്റും പുതിയ വേദികള്‍ വേണമെങ്കില്‍ അതും കണ്ടെത്തും. ഏഴു ദിവസമായിരുന്ന കലോത്സവം അഞ്ചുദിവസമാക്കി മാറ്റിയിട്ടുണ്ട്. അക്കാദമിക് ഇയറില്‍ 200 പ്രവൃത്തി ദിവസം ഉണ്ടാകണം. അതിനു വേണ്ടിയാണ് ദിവസം കുറച്ചതെന്നും അദ്ദേഹം എടുത്തു പറഞ്ഞു. തുടര്‍ച്ചയായി രണ്ടുതവണ കലാപരിപാടികള്‍ ജഡ്ജ് ചെയ്ത വരെ ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. കലോത്സവത്തിന്റെ ആശയം ഉത്സവമാണെങ്കിലും സാംസ്‌കാരികകോര്‍ജ്വോല്പാദനമാണ് ലക്ഷ്യം. കലോത്സ വിജയത്തിനായി തുടര്‍ദിവസങ്ങളില്‍ ഓരോ കമ്മിറ്റിയും പ്ലാനിംഗോടു കൂടി പ്രവര്‍ത്തിക്കണം. സാംസ്‌കാരിക നഗരിയില്‍ നടക്കാന്‍ പോകുന്ന കലോത്സവം മാറ്റ് കലോത്സവങ്ങള്‍ക്ക് ഉത്തമ മാതൃകയായി മാറണം. ഇപ്പോഴുളള മാന്വലിനു മാറ്റങ്ങള്‍ വരുത്തുവാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
യോഗത്തില്‍ കൃഷി വകുപ്പു മന്ത്രി അഡ്വ. വി. എസ്. സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ലളിതവും പ്രൗഡഗംഭീരവുമായി കലോത്സവത്തെ മാറ്റണം. 2012 നു ശേഷം ജില്ലയില്‍ എത്തുന്ന സംസ്ഥാന കലോത്സവം പരാതികളില്ലാതെ ചരിത്രസംഭവമാക്കി മാറ്റാന്‍  ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ.കെ.രാജന്‍ എം എല്‍ എ, മേയര്‍ അജിത ജയരാജന്‍, ജില്ലാ പഞ്ചായത്തംഗം ഷീല വിജയകുമാര്‍, മുന്‍ എം എല്‍ എ ടി വി ചന്ദ്രമോഹന്‍, ജില്ലാ കളക്ടര്‍ ഡോ.എ.കൗശിഗന്‍, ഡെപ്യൂട്ടി മേയര്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജുള അരുണന്‍, എ ഡി എം സി.വി.സജന്‍, അസിസ്റ്റന്റ് കളക്ടര്‍ ഡോ.രേണു രാജ്, ഡോ.പി.വി.കൃഷ്ണന്‍, ഡോ.സി.രാവുണ്ണി, ബാലചന്ദ്രന്‍ വടക്കേടത്ത്, തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, അദ്ധ്യാപക സംഘടന പ്രതിനിധികള്‍, സാംസ്‌കാരിക നായകന്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.  21 സബ് കമ്മിറ്റിയുടെ  സംഘാടക സമിതി പാനല്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സുമതി അവതരിപ്പിച്ചു. വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് കൃഷി വകുപ്പ് മന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാറിനു നല്‍കി 2017-18 ലെ  കലോത്സവ മാന്വല്‍  പ്രകാശിപ്പിച്ചു. അഡീഷണല്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ (ജനറല്‍) ജെസി ജോസഫ് സ്വാഗതവും ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ ഇന്‍-ചാര്‍ജ്ജ് ഡോ.പി.പി.പ്രകാശന്‍ നന്ദിയും പറഞ്ഞു.