ആലപ്പുഴ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പാഠ്യ-പാഠ്യേതര ഭാഗങ്ങളെ ആസ്പദമാക്കി ഡിജിറ്റൽ ഉള്ളടക്കം നിർമിക്കുന്നതിന് സംസ്ഥാന വിദ്യാഭ്യാസ ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ(എസ്.ഐ.ഇ.റ്റി.) ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. എസ്.ഐ.ഇ.റ്റി. ആലപ്പുഴ വിദ്യാഭ്യാസ ജില്ലയുടെ സഹകരണത്തോടെ വിദ്യാർഥികൾക്കായി നാലുദിവസമായി നടത്തിയ ചലച്ചിത്രശിൽപശാലയുടെ സമാപനസമ്മേളനം തകഴി സ്മാരകത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എസ്.ഐ.ഇ.റ്റി.ക്ക് ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാന ബജറ്റിൽ പണം അനുവദിച്ചത്. ഇതുപയോഗിച്ചാണ് ഡിജിറ്റൽ പാഠഭാഗങ്ങൾ തയാറാക്കുക. പരീക്ഷകളിൽ വിദ്യാർഥികൾ കരസ്ഥമാക്കുന്ന എ പ്ലസ് ജീവിത്തിലും എ പ്ലസാക്കി മാറ്റണം. വിദ്യാർഥികൾക്കായി നടത്തിയ ചലച്ചിത്രശിൽപശാല വിദ്യാഭ്യാസ രംഗത്തെ പുതിയ ചുവടുവയ്പാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ എല്ലാവരുടെയും പങ്കാളിത്തം വേണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു.

തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ഷിബു, എസ്.ഐ.ഇ.റ്റി. ഡയറക്ടർ ബി. അബുരാജ്, ബ്ലോക്ക് പഞ്ചായത്തംഗം സജിതകുമാരി, വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി. ലതിക, തകഴി സ്മാരക സമിതി വൈസ് ചെയർമാൻ പ്രൊഫ. എൻ. ഗോപിനാഥപിള്ള, സംവിധായകൻ നൂറനാട് രാമചന്ദ്രൻ, സ്മാരക സമിതി സെക്രട്ടറി കെ.ബി. അജയകുമാർ, ഡി.ഇ.ഒ. കെ.പി. കൃഷ്ണദാസ്, എ.ഇ.ഒ. ദീപ റോസ്, ആലപ്പുഴ നഗരസഭാംഗം അഡ്വ. മനോജ്കുമാർ, ഫാ. ബെന്നി ബെനഡിക്റ്റ്, എസ്. അജയകുമാർ, ക്യാമ്പ് കോ-ഓർഡിനേറ്റർ ജി. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.