തൃക്കാക്കര > വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരിവസ്തുക്കളുടെ ഉപയോഗം തടയാന്‍ അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും പരിശീലനം നല്‍കുമെന്ന് മന്ത്രി സി രവീന്ദ്രനാഥ്. വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരിവസ്തുക്കളുടെ ഉപയോഗം എന്ന വിഷയത്തില്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റി എറണാകുളത്തു നടത്തിയ തെളിവെടുപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലഹരിവസ്തുക്കളുടെ ഉപയോഗം തടയാന്‍ വിവിധ തലത്തിലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കും. മദ്യവും മയക്കുമരുന്നും വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് എത്തിക്കുന്നത് തടയുക എന്നതാണ് ഒരു നടപടി. ഇതിനായി എക്സൈസ്, പൊലീസ് വകുപ്പുകളുടെ സേവനം ഫലപ്രദമായി ഉപയോഗിക്കും. അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും നല്‍കുന്ന പരിശീലനമാണ് രണ്ടാമത്തെ തലം. 38 ലക്ഷം മാതാപിതാക്കള്‍ക്ക് പരിശീലനം നല്‍കാനുള്ള മൊഡ്യൂള്‍ തയ്യാറാക്കുകയാണ്.

എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തരവാദി കുട്ടിയാണ് എന്ന അഭിപ്രായം മാറ്റണം. കുട്ടികള്‍ക്ക് ഒറ്റപ്പെടല്‍ തോന്നുന്നതും സ്നേഹവും അംഗീകാരവും ലഭിക്കാത്ത സ്ഥിതിയും പലപ്പോഴും കുട്ടികളെ ലഹരിമരുന്നിന് അടിമയാക്കുന്നുണ്ട്. മാതാപിതാക്കളുടെയും അധ്യാപകരുടെയും പൊതുസമൂഹത്തിന്റെയും കാര്യക്ഷമമായ ഇടപെടലിലൂടെ മാത്രമേ ഇത്തരത്തിലുള്ള വൈകാരികപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാവൂ.  കൃത്യമായ ബോധവല്‍കരണം ഇത്തരത്തില്‍ ഉണ്ടാകണം. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് മനസ്സിലാക്കുന്നതിനു പുറമെ  ലഹരി തലച്ചോറിനെ എങ്ങനെ ബാധിക്കുന്നുവെന്നും ബോധവല്‍കരണ ക്ളാസുകളില്‍ ദൃശ്യങ്ങള്‍വഴി വ്യക്തമാക്കും. ലഹരി ഉപഭോഗം സംബന്ധിച്ച നിയമവശങ്ങളും ശാസ്ത്രീയവശങ്ങളും വിശദമാക്കുന്നമതാകും ബോധവല്‍കരണ ക്ളാസുകള്‍.

വിദ്യാര്‍ഥികേന്ദ്രീകൃത വിദ്യാഭ്യാസസമ്പ്രദായത്തില്‍ അധ്യാപകര്‍ പരിശീലിക്കേണ്ടതുണ്ട്. ഹൈടെക് വിദ്യാഭ്യാസസമ്പ്രദായത്തിലേക്കും അധ്യാപകര്‍ മാറണം. ഇതിനുള്ള പരിശീലനവും നല്‍കി വരുന്നു. ഓരോ കുട്ടിയെയും തിരിച്ചറിഞ്ഞ് അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന ടാലന്റ് ലാബ് പൊതുവിദ്യാഭ്യാസയജ്ഞത്തിന്റെ ഭാഗമായി പല സ്കൂളിലും നടപ്പാക്കിക്കഴിഞ്ഞു. ഇങ്ങനെ കുട്ടികളുടെ സമഗ്രമായ കഴിവുകളെ വളര്‍ത്തുന്നതാണ് ഇപ്പോഴത്തെ വിദ്യാഭ്യാസരീതി. വിദ്യാര്‍ഥിരാഷ്ട്രീയം ക്യാമ്പസുകളില്‍ നിരോധിക്കുമ്പോള്‍ ഉണ്ടാകുന്ന തിക്തഫലങ്ങളിലൊന്നാണ് ലഹരിമരുന്നുകളുടെ ഉപയോഗം വര്‍ധിക്കുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങളും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു