തിരുവനന്തപുരം > ഉന്നതവിദ്യാഭ്യാസമേഖല ആര്‍ജിച്ച നേട്ടങ്ങളും ഗവേഷണഫലങ്ങളും ജനങ്ങളുമായി പങ്കുവയ്ക്കാന്‍ ആഹ്വാനംചെയ്ത് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വിഭാവനം ചെയ്ത ‘ശാസ്ത്രയാന്‍’ പ്രദര്‍ശനത്തിന് ഈ അധ്യയനവര്‍ഷം സംസ്ഥാനത്തെ ഏഴ് സര്‍വകലാശാലകളും 35 സര്‍ക്കാര്‍ കോളേജുകളും ഒരുങ്ങി. 42 സ്ഥാപനങ്ങളും പ്രദര്‍ശനത്തിന്റെ രൂപരേഖ തയ്യാറാക്കി ‘രാഷ്ട്രീയ ഉച്ഛതര്‍ ശിക്ഷ അഭിയാനെ’ സമീപിച്ചു. രണ്ടു ദിവസത്തെ പ്രദര്‍ശനം കൂടുതല്‍ ദിവസത്തേക്ക് നീട്ടണമെന്ന ആവശ്യവും ചില കോളേജുകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. അപേക്ഷകള്‍ വിദഗ്ധസംഘം പരിശോധിച്ച്   ജനുവരി, ഫെബ്രുവരി മാസങ്ങളിലായി സര്‍വകലാശാലകളിലും കോളേജുകളിലും പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനം നടത്തും.

തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട സംഘാടകസമിതി രൂപീകരിച്ച് ജനങ്ങളെയാകെ കലാലയങ്ങളിലേക്ക് ആകര്‍ഷിക്കും. ഓരോ കലാലയങ്ങളുടെയും ഇതുവരെയുള്ള നേട്ടങ്ങളും അവിടെനിന്ന് അറിവ് ലഭിച്ച പൂര്‍വ വിദ്യാര്‍ഥികള്‍ക്കുണ്ടായ നേട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള വേറിട്ട പ്രദര്‍ശനങ്ങള്‍ക്കുമാണ് ഓരോ സ്ഥാപനങ്ങളും അനുമതി തേടിയത്. പൊതുജനങ്ങള്‍ക്ക് സര്‍വകലാശാലകളും കലാലയങ്ങളും കാണാനും ഭരണ, അക്കാദമിക് പ്രവര്‍ത്തനം മനസ്സിലാക്കാനും അവസരം ലഭിക്കും.
കേരളത്തിന്റെ ‘ശാസ്ത്രയാന്‍’ പ്രദര്‍ശനപദ്ധതി രാജ്യത്തെ മുഴുവന്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടപ്പാക്കാന്‍ നേരത്തെ റൂസ നിര്‍ദേശം നല്‍കിയിരുന്നു.  പ്രദര്‍ശനം സംഘടിപ്പിക്കാന്‍ സര്‍വകലാശാലകള്‍ക്ക് മൂന്നു ലക്ഷം രൂപയും സ്പെഷ്യല്‍ ഗ്രേഡ് കോളേജുകള്‍ക്ക് 2.5 ലക്ഷം രൂപയും ഇതര കോളേജുകള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും റൂസ വഴി അനുവദിച്ചിട്ടുണ്ട്.