തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി  സ്കൂളുകള്‍ക്കും ഓഫീസുകള്‍ക്കും ഐടി ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്കരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥാന സര്‍ക്കാര്‍, എംപി, എംഎല്‍എ എന്നീ ഫണ്ടുകള്‍ ഉപയോഗിച്ച് ഐടി ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള  മാര്‍ഗനിര്‍ദേശങ്ങളാണ് പുതുക്കിയത്. ഓരോ ഐടി ഉപകരണങ്ങള്‍ക്കും ഈടാക്കാവുന്ന പരമാവധി തുക, മിനിമം സ്പെസിഫിക്കേഷന്‍, വില്‍പനാനന്തര സേവനവ്യവസ്ഥകള്‍ എന്നിവ നിഷ്കര്‍ഷിക്കുന്നതാണ് ഉത്തരവ്. ലാപ്ടോപ്പ്, പ്രൊജക്ടര്‍, സ്ക്രീന്‍, 3കെവിഎ യുപിഎസ്, വൈറ്റ്ബോര്‍ഡ്, യുഎസ്ബി സ്പീക്കര്‍, പ്രൊജക്ടര്‍ മൌണ്ടിംഗ് കിറ്റ് എന്നീ ഇനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമായിരിക്കും.

പോര്‍ട്ടബിലിറ്റി, പവര്‍ബാക്ക്അപ്, വൈദ്യുതി ഉപയോഗം എന്നിവ പരിഗണിച്ചായിരിക്കണം ലാപ്ടോപ്പുകള്‍ സ്കൂളുകളില്‍ വിന്യസിക്കേണ്ടത്. എല്ലാ ഉപകരണങ്ങള്‍ക്കും അഞ്ചു വര്‍ഷ വാറണ്ടി ഉറപ്പാക്കണം. വിതരണക്കാര്‍ പ്രഥമാധ്യാപകനും ഐടി കോര്‍ഡിനേറ്റര്‍ക്കും ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചു കാണിക്കണം.  വിതരണം ചെയ്യുന്ന എല്ലാ ഉപകരണങ്ങളിലും ഇന്‍സ്റ്റലേഷന്‍ തീയതി, വാറണ്ടി പീരിയഡ്, സര്‍വീസ് നടത്തേണ്ട സ്ഥാപനം/വ്യക്തിയുടെ വിശദാംശങ്ങള്‍ എന്നിവ രേഖപ്പെടുത്തണം. ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നവര്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള കോള്‍ സെന്റര്‍ നമ്പര്‍, വെബ് പോര്‍ട്ടല്‍ അഡ്രസ് എന്നിവ സ്കൂളുകള്‍ക്ക് ലഭ്യമാക്കണം. പരാതികള്‍  അഞ്ചു പ്രവര്‍ത്തി ദിവസങ്ങള്‍ക്കകം പരിഹരിക്കണം. അല്ലെങ്കില്‍ പ്രതിദിനം 100 രൂപ നിരക്കില്‍ പിഴ ഈടാക്കും.

ഹൈടെക് സ്കൂള്‍ പദ്ധതിയുടെ ‘ഭാഗമായി കൈറ്റ് ദേശീയ ടെണ്ടര്‍വഴി നടത്തിയ ബള്‍ക് പര്‍ച്ചേസിലെ വിലവിവരങ്ങള്‍കൂടി പരിഗണിച്ച് ജി ജയശങ്കര്‍ ചെയര്‍മാനും കൈറ്റ് വൈസ് ചെയര്‍മാന്‍ കെ അന്‍വര്‍ സാദത്ത് കണ്‍വീനറുമായ സാങ്കേതിക സമിതിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ചാണ് മാര്‍ഗനിര്‍ദേശങ്ങള്‍  പുതുക്കിയത്. ഡിജിറ്റല്‍ പാഠഭാഗങ്ങള്‍ സ്കൂളുകള്‍ക്ക് ലഭ്യമാക്കുന്നതിന് മുമ്പ് എസ്സിഇആര്‍ടിയുടെ അംഗീകാരം ലഭിക്കണം. പ്രൊപ്രെെറ്ററി ആയതും ലൈസന്‍സ് നിബന്ധനകള്‍ ഉള്ളതുമായ സോഫ്റ്റ്വെയറുകള്‍ സ്കൂളുകളില്‍ വിന്യസിക്കാന്‍ പാടില്ല. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഉപകരണങ്ങള്‍  കെല്‍ട്രോണ്‍വഴി നേരിട്ട് വാങ്ങാം
മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പരാമര്‍ശിക്കാത്ത ഉപകരണങ്ങള്‍ അത്യാവശ്യമെന്നു തോന്നുന്നപക്ഷം ഉപകരണമൊന്നിന് 15,000  രൂപയില്‍ കവിയാതെയും മൊത്തം പ്രോജക്ട് തുക 50,000 രൂപയില്‍ കവിയാതെയും വാങ്ങാം. ഹൈടെക്/സ്മാര്‍ട്ട് ക്ളാസ്റൂമിന് ആവശ്യമായ ഉപകരണങ്ങളുടെ ലിസ്റ്റും ഉത്തരവില്‍ ഉണ്ട്. ഡെസ്ക്ടോപ്പ് കമ്പ്യൂട്ടര്‍, ഇന്ററാക്ടിവ് വൈറ്റ് ബോര്‍ഡ്, സ്മാര്‍ട്ട് ടെലിവിഷന്‍ പോലുള്ളവ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങരുത്. സ്കൂളുകളിലും ഓഫീസുകളിലും സ്വതന്ത്ര സോഫ്റ്റ്വെയര്‍ നിര്‍ബന്ധമാക്കുകയും ഡിജിറ്റല്‍ ഉള്ളടക്കത്തിന് അക്കാദമിക് പരിശോധന നിര്‍ബന്ധമാക്കുകയും ചെയ്തു.