കൊച്ചി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അക്രമങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌നേഹിതയുടെ സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍  പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. 37 കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരും ജെന്‍ഡര്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരും ചേര്‍ന്നാണ് സ്‌നേഹിതയ്ക്ക് നേതൃത്വം നല്‍കുന്നത്.  ക്യാമ്പയിന്റെ ലോഗോ പതിപ്പിച്ച യൂണിഫോമില്‍ അണി നിരക്കുന്ന കുടുബശ്രീ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥും കൂടെയുണ്ട്.
കുടുംബശ്രീ സ്ത്രീ പദവി സ്വയംപഠന പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഷെല്‍ട്ടര്‍ ആന്‍ഡ് ഹെല്‍പ്പ് ഡെസ്‌ക്കാണ് സ്‌നേഹിത.  ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള  ഉദ്ഘാടനം ചെയ്ത ക്യാമ്പയിനില്‍ ഒരു മാസം കൊണ്ട് ഒരു ലക്ഷം പുരുഷന്‍മാരുടെ കൈയൊപ്പുകള്‍ നേടുന്നതിലൂടെ ബോധവത്കരണം നടത്തുകയെന്നതാണ് ലക്ഷ്യം വയ്ക്കുന്നത്. പ്രതികരിക്കുക, പ്രതികരിക്കുന്നവരോടൊപ്പം നില്‍ക്കുക, പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്താതിരിക്കുക എന്നതാണ് ക്യാമ്പയിന്റെ മുദ്രാവാക്യം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നടക്കുന്ന അതിക്രമങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ സ്‌നേഹിതയുടെ ടോള്‍ഫ്രീ നമ്പറായ 180042555678 ല്‍ അറിയിക്കാം.
ഇനി ഒരു സൗമ്യ കൊല്ലപ്പെടരുത്, വീണ്ടും ഒരു ‘മിഷേല്‍’ അപ്രത്യക്ഷമാകരുത് എന്ന ആഗ്രഹത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌നേഹിതയുടെ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി ജില്ലയിലെ ഓട്ടോറിക്ഷ തൊഴിലാളികളും രംഗത്ത് ഉണ്ട്.