തിരുവനന്തപുരം: കെഎസ്ടിഎ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സമഗ്ര വിദ്യാഭ്യാസപദ്ധതി ‘ഉണർവി’ന്റെ ജില്ലാതല ഉദ്ഘാടനം കോട്ടൂർ ചോനാംപാറ ആദിവാസി ഊരിൽ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് നിർവഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പാർശ്വവൽക്കരിക്കപ്പെട്ട ആദിവാസി, തീരദേശ, പിന്നോക്ക മേഖലകളിലെ കുട്ടികളുടെ വിദ്യാഭ്യാസ സാമൂഹ്യ പുരോഗതി ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതി ഉദ്ഘാടനംചെയ്യാനെത്തിയ മന്ത്രിയെ മുളന്തേനും കാട്ടുപൂക്കളും നൽകി സ്വീകരിച്ചു. രണ്ടുലക്ഷം രൂപയുടെ പഠനോപകരണങ്ങൾ മന്ത്രി വിതരണംചെയ്തു. പദ്ധതിയുടെ ഭാഗമായി പഠനവീട് ഒരുക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി കെ മധു അധ്യക്ഷനായി. കെഎസ്ടിഎ ജനറൽ സെക്രട്ടറി കെ സി ഹരികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എ നജീബ് റിപ്പോർട്ട് അവതരിപ്പിച്ചു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യസമിതി ചെയർമാൻ അഡ്വ. ജി സ്റ്റീഫൻ, ജില്ലാപഞ്ചായത്ത് അംഗം വി വിജു മോഹൻ, കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി കെ പി സന്തോഷ്‌കുമാർ, വാർഡ് അംഗം വി രമേശ്, ഫോറസ്റ്റ് വാർഡൻ ടി അനിൽകുമാർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജി മണികണ്ഠൻ സ്വാഗതവും സി പ്രസാദ് രാജേന്ദ്രൻ നന്ദിയും പറഞ്ഞു.