കിഫ്ബിയില്‍നിന്ന് 300 കോടി രൂപ  എല്ലാ എല്‍പി, യുപി സ്കൂളുകളിലും കംപ്യൂട്ടര്‍ ലാബ് സ്ഥാപിക്കാന്‍ ചെലവഴിക്കും. 150 വര്‍ഷം പിന്നിട്ട എല്ലാ സ്കൂളിനും പ്രത്യേക ധനസഹായം നല്‍കും. 4775 സ്കൂളിലായി ഈവര്‍ഷം 45,000 ഹൈടെക് ക്ളാസ് മുറിയും ഐടി ലാബും സ്ഥാപിക്കും. ഈമാസം അവസാനിക്കുംമുമ്പ് ഇരുപതിനായിരം ക്ളാസ് മുറികളും മാര്‍ച്ചില്‍ പതിനായിരം ക്ളാസ് മുറികളും ഏപ്രില്‍-മെയ് മാസങ്ങളിലായി പതിനയ്യായിരം ക്ളാസ് മുറികളും ഹൈടെക്കാകും.

മികവിന്റെ കേന്ദ്രങ്ങളാകാന്‍ 138 സ്കൂളിന് 614 കോടിയും  ആയിരം കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന 70 സ്കൂളിന് 210 കോടിയും അനുവദിച്ചു.സ്കൂള്‍ നവീകരണപരിപാടിയില്‍ 500 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന എല്ലാ സ്കൂളിന്റെയും പശ്ചാത്തല സൌകര്യവികസനത്തിന് 50 ലക്ഷംമുതല്‍ ഒരുകോടി വരെ ചെലവഴിക്കും. ഹരിതവിദ്യാലയം റിയാലിറ്റി ഷോയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട എല്ലാ സര്‍ക്കാര്‍ സ്കൂളുകള്‍ക്കും ഈ ധനസഹായത്തിന് അര്‍ഹതയുണ്ടാകും.

അക്കാദമിക നിലവാരം ഉയര്‍ത്താനുള്ള വിവിധ പരിപാടികള്‍ക്ക് 35 കോടി വകയിരുത്തും. ശിശുകേന്ദ്രീകൃതമായ പ്രവൃത്തി പരിചയം, കലാസ്പോര്‍ട്സ് പ്രോത്സാഹനം, അതിമികവുകാട്ടുന്ന കുട്ടികള്‍ക്കുള്ള പ്രത്യേക സഹായം, ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക സഹായം തുടങ്ങിയവയ്ക്ക് 54 കോടിയും വകയിരുത്തും. സ്കൂള്‍ കലോത്സവ നടത്തിപ്പിന് 6.5 കോടി വകയിരുത്തി.