കേരള വിദ്യാഭ്യാസ നിയമത്തിലെ വകുപ്പ് 11, കെ.ഇ.ആർ. അദ്ധ്യായം 14 എ, ചട്ടം 1 പ്രകാരം എയ്ഡഡ് പ്രൈമറി-ഹൈസ്കൂളുകളിലേയും, കെ.ഇ.ആർ. അദ്ധ്യായം 32 ചട്ടം 5 പ്രകാരം എയ്ഡഡ് ഹയർ സെക്കന്ററി സ്കൂളുകളിലേയും അദ്ധ്യാപക-അനദ്ധ്യാപക നിയമനങ്ങളുടെ അധികാരി അതത് സ്കൂൾ മാനേജർമാരാണ്. കെ.ഇ.ആർ. അദ്ധ്യായം 14 എ, ചട്ടം 8 പ്രകാരം നിയമനം നേടിയ അദ്ധ്യാപകർ ജോലിയിൽ പ്രവേശിച്ച് 15 ദിവസത്തിനകം മാനേജർ നിയമനാംഗീകാരത്തിനുള്ള പ്രൊപ്പോസൽ ഉപജില്ലാ, ജില്ലാ വിദ്യാഭ്യാസ ആഫീസർമാർക്ക് സമർപ്പിക്കണം. തുടർന്ന് ഒരു മാസത്തിനുള്ളിൽ ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളണം.  ചട്ടങ്ങളിൽ ഇപ്രകാരം വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും നിയമനാംഗീകാര ഫയലുകളിൽ തീർപ്പ് കല്പിക്കുന്നതിന് വിദ്യാഭ്യാസ ഓഫീസുകളിൽ കാലതാമസം ഉണ്ടാകുന്നുണ്ട്.

തസ്തിക നിർണ്ണയം, അദ്ധ്യാപക-അനദ്ധ്യാപക തസ്തികകളിലെ നിയമന ഉത്തരവുകളുടെ സമർപ്പണം, നിയമനാംഗീകാരം എന്നിവ സുതാര്യമായും സമയബന്ധിതമായും പൂർത്തിയാക്കുന്നതിന് ശാസ്ത്രീയ മാർഗ്ഗങ്ങൾ കൊണ്ടുവരാൻ ഉദ്ദേശിക്കുന്നു. ഇതിനായി പ്രൈമറി-ഹൈസ്കൂൾ-ഹയർ സെക്കന്ററി അദ്ധ്യാപക-അനദ്ധ്യാപക നിയമനാംഗീകാരം സംബന്ധിച്ച അപേക്ഷ മാനേജരിൽ നിന്നും ഓൺലൈൻ വഴി സ്വീകരിച്ച്, ഓൺലൈൻ വഴി തന്നെ തീർപ്പ് കല്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. ഇതിനാവശ്യമായ ഭേദഗതി കെ.ഇ.ആറിലെ ബന്ധപ്പെട്ട ചട്ടങ്ങളിൽ വരുത്തുന്നതുമാണ്.