കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ആവിഷ്കരിച്ച നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായ “പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം” വർദ്ധിത ആവേശത്തോടെയും ഏറെ താല്പര്യത്തോടെയും കേരളീയ സമൂഹം ഏറ്റെടുത്തു എന്നത് തികച്ചും ആഹ്ലാദകരമാണ്. പൊതുവിദ്യാലയങ്ങളുടെ ആവശ്യകതയും നിലനില്പും ഗുണപരമായ മാറ്റവുമെല്ലാം പൊതു സമൂഹത്തിന്റെ സജീവ ചർച്ചയ്ക്കും പരിഗണനയ്ക്കും വിഷയീഭവിച്ചിരിക്കുന്നു. മതനിരപേക്ഷതയുടെ മഹനീയ സങ്കല്പങ്ങളെ മനസാവരിച്ച്, പൊതുഇടങ്ങളെ വികസിപ്പിക്കുന്നതിനുള്ള എല്ലാ അവസരങ്ങളേയും അർത്ഥപൂർണ്ണമായി പ്രയോജനപ്പെടുത്തുന്ന ബോധമണ്ഡലം കേരളീയ സമൂഹത്തിന്റെ ഒസ്യത്താണ്. നവോത്ഥാന പ്രസ്ഥാനങ്ങളും അതിന്റെ തുടർച്ചയായി ഇടതുപക്ഷ രാഷ്ട്രീയവും സൃഷ്ടിച്ച ഈ പൊതുബോധത്തെ അടിത്തറയാക്കി വിദ്യാഭ്യാസത്തിന്റെ ജനകീയവല്ക്കരണവും ജനാധിപത്യവല്ക്കരണവുമാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്‍. ഈ പശ്ചാത്തലത്തിലാണ് ജനകീയ മതനിരപേക്ഷ വിദ്യാഭ്യാസം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ എൽ.ഡി.എഫ്. സർക്കാർ ഏറ്റെടുത്തത്. വിദ്യാഭ്യാസ ആസൂത്രണത്തിൽ പൊതു സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്ന ഈ പരിപാടി വിദ്യാഭ്യാസമേഖലയിൽ സമൂല മാറ്റത്തിനിടവരുത്തുമെന്നതിൽ സംശയമില്ല. ജനകീയവും ജനാധിപത്യപരവും മതനിരപേക്ഷവുമായ വിദ്യാഭ്യാസമെന്ന എൽ.ഡി.എഫ് സർക്കാരിന്റെ കാഴ്ചപ്പാട് പ്രാവർത്തികമാക്കുന്നതിന് ജനപങ്കാളിത്തത്തോടെയുള്ള ആസൂത്രണം അനിവാര്യമാണ്. വിദ്യാഭ്യാസ വിചക്ഷണന്മാരടക്കം സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ ഒരുമിച്ചിരുന്ന് അവരുടെ ജീവിതാനുഭവങ്ങളിൽ നിന്നും പ്രാദേശിക അറിവുകളിൽ നിന്നും തയ്യാറാക്കിയ അക്കാദമിക മാസ്റ്റർ പ്ലാൻ വിദ്യാഭ്യാസ മേഖലയിൽ ആദ്യ സംരഭമാണ്.

ഓരോ വിദ്യാലയം കേന്ദ്രീകരിച്ചും വൈവിദ്ധ്യമാര്‍ന്നതും വിപുലവുമായ പ്രവര്‍ത്തനങ്ങളാണ് ഇപ്പോൾ നടന്നു വരുന്നത്. പൊതുവിദ്യാലയങ്ങളെ പ്രാദേശിക സമൂഹത്തിന്റെ വിദ്യാഭ്യാസവും സാംസ്കാരികവുമായ ആവശ്യങ്ങൾ നേടാൻ പ്രാപ്തമായ നിലയില്‍ സജ്ജമാക്കുന്നതിനുള്ള ദീര്‍ഘകാല പരിപാടികളും ഉണ്ടാകേണ്ടതുണ്ട്. എന്നാല്‍ മുഖ്യഘടകമാകേണ്ടത് അതത് വിദ്യാലയത്തില്‍ ‍എത്തിച്ചേരുന്ന ഓരോ കുട്ടിയ്ക്കും ലഭ്യമാകേണ്ട ഉയര്‍ന്ന നിലവാരത്തിലുള്ള പഠനബോധന അനുഭവങ്ങളും വ്യക്തിപരമായ ശ്രദ്ധയും പരിഗണനയുമാണ്. ഇത് നിര്‍ണ്ണയിക്കുന്നത് വിദ്യാലയങ്ങളില്‍ നടക്കുന്ന അക്കാദമിക പ്രവര്‍ത്തനങ്ങളാണ്. ആധുനിക കാലഘട്ടത്തിനനുഗുണമായ ഭൗതിക സൗകര്യ വികസനവും നടത്തേണ്ടതുണ്ട്.

ഇതെല്ലാം ചെയ്തുകൊണ്ട് അതത് പ്രായഘട്ടത്തില്‍ ആര്‍ജ്ജിക്കാവുന്ന ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള അറിവും കഴിവും നേടാനും ജനാധിപത്യ ബോധം ഉളവാക്കാനും കുട്ടികളെ സജ്ജരാക്കിക്കൊണ്ട് അനന്യമായ കേരളീയ വിദ്യാഭ്യാസ അനുഭവങ്ങൾ വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യം സാര്‍ത്ഥകമാക്കാനുളള പ്രവര്‍ത്തനങ്ങൾ ഓരോ സ്കൂളും കേന്ദ്രീകരിച്ച് നടക്കുന്നു. അക്കാദമിക മികവിലൂടെ വിദ്യാലയ മികവ് എന്നതാണ് കാഴ്ചപ്പാട്. ഈ കാഴ്ചപ്പാട് എങ്ങനെ നടപ്പാക്കും എന്ന് വ്യക്തമാക്കുന്ന ആസൂത്രണ രേഖയാണ് അക്കാദമിക മാസ്റ്റർ പ്ലാൻ.

വിദ്യാഭ്യാസ രംഗത്തെ ഒന്നാം തലമുറ പ്രശ്നങ്ങളായ സ്കൂളുകളുടെ ലഭ്യത, സ്കൂളില്‍ എത്തിച്ചേര്‍ന്ന കുട്ടിയുടെ പഠനത്തുടര്‍ച്ച എന്നിവ നാം അഭിമുഖീകരിച്ചു കഴിഞ്ഞു. രണ്ടാം തലമുറ പ്രശ്നങ്ങളായ തുല്യത, ഗുണത എന്നിവയാണ് ഇനി നാം ഉറപ്പാക്കേണ്ടത്.

ഓരോ പ്രായ ഘട്ടത്തിലും കുട്ടി നേടണമെന്ന് കരിക്കുലം വിഭാവനം ചെയ്യുന്ന അക്കാദമിക ലക്ഷ്യങ്ങൾ മികവാര്‍ന്ന തലത്തില്‍ നേടി എന്ന് ഉറപ്പാക്കാൻ കഴിയണം. സ്കൂൾ വിദ്യാഭ്യാസത്തിലൂടെ കടന്നുവരുന്ന കുട്ടികളില്‍ ജനാധിപത്യ മൂല്യങ്ങൾ, പാരിസ്ഥിതികാവബോധം, ലിംഗാവബോധം, വിമര്‍ശനാവബോധം എന്നിവ ഉളവായിട്ടുണ്ട് എന്നുറപ്പാക്കണം.

കുട്ടികളുടെ സര്‍വ്വതോന്മുഖമായ വികാസത്തിന് വേണ്ട പഠനാന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി ആധുനിക സാങ്കേതികവിദ്യാ സാധ്യതകൾ പ്രയോജനപ്പെടുത്തണം. ലഹരിയ്ക്കും മറ്റും അടിമപ്പെടുന്ന സാഹചര്യത്തില്‍ ‍നിന്ന് കുട്ടികളെ വിമോചിപ്പിക്കണം.

സമഗ്രമായ കാഴ്ചപ്പാടും പ്രവര്‍ത്തന പദ്ധതിയും ഇതിനായി വേണ്ടിവരും. ഈ ദിശയിലുള്ള ബഹുജന കൂട്ടായ്മയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. ഭരണ കര്‍ത്താക്കളും ഭരണ നിര്‍വ്വാഹകരും പൊതു സമൂഹവും ഒരുമിച്ചു ചേര്‍ന്ന് ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമെന്ന കാഴ്ചപ്പാടിനനുഗുണമായി സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളായി മാറ്റുന്നതിനുള്ള കൂട്ടായ അന്വേഷണം നടത്തുകയാണ്. ഇതിന്റെ ഭാഗമായി ഓരോ സ്കൂളും ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി ഒരക്കാദമിക പദ്ധതി തയ്യാറാക്കേണ്ടതുണ്ട്. ഈ അക്കാദമിക പദ്ധതി സാര്‍ത്ഥകമാക്കുന്നതിന് അനുകൂലമായ ഭൗതിക സൗകര്യ വികസനാസൂത്രണവും ഉണ്ടാകണം. ഇതോടൊപ്പം പ്രധാനമാണ് സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുക എന്നത്. ഇതെല്ലാം എങ്ങനെ നടത്തും എന്നുള്ളത് വരച്ചുകാട്ടുന്ന രേഖയാണ് മാസ്റ്റർ പ്ലാൻ.  ഈ രേഖയിലൂടെ വിദ്യാലയത്തിന്റെ കാഴ്ചപ്പാട് പ്രതിഫലിപ്പിക്കും. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും അക്കാദമിക മികവിനുള്ള വഴികൾ വരച്ചുകാട്ടും. വിദ്യാലയം മുന്നോട്ട് വെയ്ക്കുന്ന ലക്ഷ്യപൂര്‍ത്തീകരണത്തിനായി സ്വീകരിക്കേണ്ട വഴികൾ വ്യക്തമാക്കും. വിദ്യാലയത്തിന്റെ കാഴ്ചപ്പാട് അക്കാമദിക ലക്ഷ്യങ്ങൾ, മുന്‍ഗണനകൾ, വിഭവ വിനിയോഗം, പ്രവര്‍ത്തന പരിപാടികൾ എന്നിവയെല്ലാം യാഥാര്‍ത്ഥ്യബോധത്തോടെ ഉള്‍ച്ചേര്‍ന്നതായിരിക്കും അക്കാദമിക മാസ്റ്റർ പ്ലാൻ.

ഓരോ ക്ലാസിലും ഭാഷ, ശാസ്ത്രം, ഗണിതം, സാമൂഹിക ശാസ്ത്രം എന്നിങ്ങനെ കരിക്കുലം നിര്‍ദ്ദേശിക്കുന്ന എല്ലാ വിഷയങ്ങളും എല്ലാ കുട്ടികള്‍ക്കും ആസ്വാദ്യകരമാക്കാനും ഏറ്റവും മികച്ച നിലവാരത്തിലേയ്ക്ക് കുട്ടികളെ വളര്‍ത്തിക്കൊ ണ്ടുവരാനുമുള്ള കൃത്യമായതും സമയബന്ധിതവുമായ പ്രവര്‍ത്തന പദ്ധതികൾ അക്കാദമിക മാസ്റ്റർ പ്ലാനില്‍ ഉണ്ടാകും.
നവലിബറല്‍ സാമ്പത്തിക നയങ്ങൾ അനുശാസിക്കുന്നത് പൊതുഇടങ്ങളെയെല്ലാം ദുര്‍ബ്ബലപ്പെടുത്തുക എന്നതാണ്. വിദ്യാഭ്യാസം പോലെയുള്ള സേവന മേഖലകങ്ങളില്‍ നിന്ന് സര്‍ക്കാർ പൂർണ്ണമായും പിന്‍വാങ്ങി സ്വകാര്യ മേഖലയ്ക്ക് എല്ലാം കൈമാറുക എന്നതാണ് ഈ നയങ്ങളുടെ അന്തസത്ത. അതിനനുസൃതമായ തന്ത്രങ്ങളും നിലപാടുകളുമാണ് ഈ നയങ്ങൾ നടപ്പിലാക്കുന്ന സർക്കാരുകൾ കൈക്കൊള്ളുന്നത്.

എന്നാല്‍ പൊതുവിദ്യാഭ്യാസമടക്കമുള്ള എല്ലാ പൊതു സംവിധാനങ്ങളേയും ശക്തിപ്പെടുത്തണമെന്നും, അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട് എന്ന കാഴ്ചപ്പാടാണ് ഇടതുപക്ഷം ബദൽ നയത്തിലൂടേ മുന്നോട്ടു വയ്ക്കുന്നത്. ഈ നിലപാടാണ് കേരള സര്‍ക്കാരിന്റേത്. കേരളത്തിലെ പുരോഗമന സമൂഹത്തിന്റെ പ്രവര്‍ത്തന ഫലമായാണ് പന്ത്രണ്ടാം ക്ലാസുവരെ എല്ലാ കുട്ടികള്‍ക്കും സൗജന്യവും സാര്‍വത്രികവുമായ വിദ്യാഭ്യാസം നമുക്ക് ഉറപ്പിക്കാൻ കഴിഞ്ഞത്. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും ദേശീയ തലത്തില്‍ ഇതൊരു മരീചിക മാത്രമാണ്. സ്കൂൾ പ്രായത്തിലുള്ള കോടിക്കണക്കിന് കുട്ടികൾ സ്കൂളിന് പുറത്താണ്. വിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയ കേന്ദ്രസര്‍ക്കാർ ആകട്ടെ വിദ്യാഭ്യാസ വിദ്യാഭ്യാസ മേഖലയിൽ ഓരോ വര്‍ഷം കഴിയുന്തോറും ബഡ്ജറ്റ് വിഹിതം ഗണ്യമായി വെട്ടിക്കുറക്കുന്നു.
ഇത്തരമൊരു ഘട്ടത്തിലാണ് സ്കൂളുകളുടെ ഭൗതിക സൗകര്യ വികസനത്തിനായാലും, 45000 ക്ലാസ് മുറികൾ ഹൈടെക്കാക്കുന്ന പ്രവര്‍ത്തനമടക്കം പുത്തൻ സാങ്കേതിക വിദ്യയുടെ സ്ഥാപനത്തിലായാലും, ഓട്ടിസമായാലും പലതരം വൈകല്യങ്ങൾ അനുഭവപ്പെടുന്ന കുട്ടികള്‍ക്ക് പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തുന്ന കാര്യത്തിലായാലും കുട്ടികളുടെ സര്‍ഗ്ഗശേഷികൾ വികസിപ്പിക്കുന്ന കാര്യത്തിലായാലും കഠിനമായ സാമ്പത്തിക പരിമിതിയിലും വിദ്യാഭ്യാസമേഖലയിൽ ആവശ്യമായ തുക നീക്കിവെയ്ക്കാനാണ് ഇടതുപക്ഷ സര്‍ക്കാർ സജ്ജമാകുന്നത്. സ്കൂളുകളുടെ അടിസ്ഥാന സൌകര്യ വികസനത്തിന് കലവറയില്ലാത്ത പിന്തുണയാണ് സർക്കാർ ഉറപ്പാക്കിയിട്ടുള്ളത്.

അന്താരാഷ്ട്രാതലങ്ങളിൽ തങ്ങളുടെ സമപ്രായക്കാരായ കുട്ടികൾക്ക് ലഭിക്കുന്ന പഠന സൌകര്യങ്ങളും വിദ്യാഭ്യാസ അനുഭവങ്ങളും കേരളത്തിലെ കുട്ടികൾക്കും പ്രാപ്യമാവുവിധം പൊതുവിദ്യാലയങ്ങൾ മാറാൻ പോവുകയാണ്. ഫെബ്രുവരി 12 മുതൽ സംസ്ഥാനത്തെ സ്കൂളുകൾ പ്രകാശനം ചെയ്തു തുടങ്ങി കഴിഞ്ഞ അക്കാദമിക മാസ്റ്റർ പ്ലാൻ ഇതിന്റെ നാന്ദിയാണ്. ഫെബ്രുവരി 16 ഓട് കൂടി സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും അക്കാദമിക് മാസ്റ്റർപ്ലാൻ പ്രകാശനം ചെയ്തു കഴിയും.

ഇതേപോലെ, ഉന്നത വിദ്യാഭ്യാസ മേഖലയിലെ സർവ്വകലാശാലകൾ, കോളേജുകൾ, എഞ്ചിനീയറിംഗ് കോളേജുകൾ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും സമഗ്രമായ അക്കാദമിക് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.

ഓരോ കുട്ടിയുടെയും ഗുണമേന്മാ വിദ്യാഭ്യാസമെന്ന അവകാശം അരക്കിട്ടുറപ്പിക്കുന്നതിനുമള്ള കർമ്മ പദ്ധതിയാണിത്. ഓരോ വിദ്യാലയത്തിന്റെയും അതിനു ചുറ്റുമുള്ള പൊതു സമൂഹത്തിന്റെയും സാർത്ഥകമായ ഇടപെടലിലൂടെ രൂപപ്പെടുന്ന മാസ്റ്റർപ്ലാനുകൾ വിദ്യാഭ്യാസ മേഖലയുടെ ജനകീയവൽക്കരണത്തിന്റെയും ജനാധിപത്യവൽക്കരണത്തിന്റെയും മകുടോദാഹരണങ്ങളായി പ്രശോഭിക്കും. അവതരിപ്പിക്കപ്പെട്ട മാസ്റ്റർപ്ലാനിലെ പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ പൊതുസമൂഹത്തിന്റെ നിതന്തജാഗ്രത അനിവാര്യമാണ്. അദ്ധ്യാപക രക്ഷാകർതൃ സമിതികളുടെയും ജനപ്രതിനിധികളുടെയും ഉത്തരവാദിത്ത പൂർണ്ണമായ ഇടപെടലിലൂടെ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാനാവുക.

പൊതുവിദ്യാലയങ്ങളുടേ സർവ്വതോന്മുഖമായ വളർച്ച കൈവരിക്കുന്നതിനുവേണ്ടി സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പദ്ധതികളെ നെഞ്ചോട് ചെർത്ത് ഏറ്റെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ.