കൗമാരക്കാരായ വിദ്യാർത്ഥികൾ നേരിടുന്ന മാനസികവും അനുബന്ധവുമായുള്ള പ്രശ്നങ്ങൾ കണ്ടെത്തി ആരോഗ്യകരമായ ഇടപെടൽ നടത്തി പരിഹരിക്കുന്നതിന് അധ്യാപകരുടെ പ്രാപ്‌തി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വിദ്യാഭ്യാസ മാനേജ്‌മെന്റ് പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് -സീമാറ്റ് കേരള വിഭാവന ചെയ്യുന്ന പരിപാടിക്ക് 20ന് തുടക്കമാകുന്നു. ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ 389 കരിയർ മാസ്റ്റർമാർക്കാണ് 7 ബാച്ചുകളിലായി ത്രിദിന റെസിഡൻഷ്യൽ പരിശീലനം നൽകുന്നത്. മാർച്ച്‌ 6 ന് അവസാന ബാച്ചും പരിശീലനം പൂർത്തിയാക്കും. തിരുവനന്തപുരത്തു റീജിയണൽ ടെലികോം ട്രെയിനിങ് സെന്ററിലാണ് പരിപാടി നടക്കുക.

ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ.എം കെ സി നായർ, ഡോ.എസ് വിനോദ് കുമാർ (ബിഹേവിയറൽ സയൻസസ് മേധാവി, കണ്ണൂർ സർവകലാശാല ), ഡോ.ജസീർ (സൈക്കോളജി വകുപ്പ് മേധാവി, കേരള സർവകലാശാല), ഡോ.ഷിബു (സൈക്കോളജി വകുപ്പ് മേധാവി , യൂണിവേഴ്സിറ്റി കോളേജ്), പ്രമുഖ കൗൺസലിങ് വിദഗ്ദ്ധൻ ഡോ. ജസ്റ്റിൻ പടമാടൻ, മനഃശാസ്ത്ര വിദഗ്ദ്ധരായ ഡോ.അരുൺ ബി നായർ, ഡോ.മോഹൻ റോയ്, ഡോ.ജയപ്രകാശ് ,ഡോ. അജിത് കുമാർ, ഡോ.കിരൺ, വിദ്യാഭ്യാസ വിദഗ്ദ്ധൻ ഡോ. രഘു, ഫാ.ഡോ.ജോയ് ജെയിംസ്, ഫാ.ഡോ. പി . ഡി .തോമസ്, ഡോ. എസ് കെ പ്രമോദ്, ഡോ.അജിലാൽ, ശ്രീ.അമർ രാജൻ എന്നിവർ വിവിധ സെഷനുകൾ കൈകാര്യം ചെയ്യും.

വിശദമായ അവലോകനം നടത്തി അടുത്ത ഘട്ടത്തിൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും . തുടർന്ന് അനന്തരഫല പഠനത്തിന്റെ ഭാഗമായി നവീകരിച്ച പദ്ധതി തയ്യാറാക്കി പ്രൊഫെഷണൽ കോളേജുകളെയും ആർട്സ് ആൻഡ് സയൻസ് കോളേജുകളെയും ഉൾപ്പെടുത്തി കൗമാരക്കാരായ വിദ്യാർത്ഥികളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടാൻ അധ്യാപകരെ സജ്ജമാക്കുന്ന പരിപാടി വിപുലപ്പെടുത്തുന്നതാണ്