തിരുവനന്തപുരം:  താളം പിഴയ്ക്കാതെയായിരുന്നു ഇവരുടെ മേളം.പരിമിതികൾ തടസ്സമാകാതെയുള്ള ഈ ബാൻഡ്‌മേളം കേട്ടാൽ ആസ്വാദകരുടെ വിരലുകൾ അറിയാതെ താളമിടും മിഴികളിൽ അതിശയം വിരിയും. ഓട്ടിസം ബാധിതരായ 13 കുട്ടികൾക്ക് ഇത് വെറും കലാപ്രകടനമല്ല, ജീവിതവഴിയിലെ പുതുവെളിച്ചമാണ്. തിരുവനന്തപുരം എസ്എസ്എയിലെ സൗത്ത് യുആർസിക്കുകീഴിലെ ഓട്ടിസം സെന്ററിലെ കുട്ടികളാണ് പരിമിതികളെ മികവിൽ മറികടന്ന് ബാൻഡ്‌മേളം ഒരുക്കുന്നത്. ചുരുങ്ങിയ മാസത്തിനുള്ളിൽ ഇവർ മാർച്ചിങ് പാസ്റ്റ്, വിഐപി ട്യൂൺസ് അവതരിപ്പിക്കാൻ പഠിച്ചു. കൂടുതൽ പാഠങ്ങൾ സ്വായത്തമാക്കാൻ തീവ്രപരിശീലനത്തിലാണിവർ. ഓട്ടിസം ബാധിതരായ കുട്ടികൾക്ക് തൊഴിലധിഷ്ഠിത പരിശീലനമെന്ന ആശയമാണ് ബാൻഡ്‌മേളത്തിലേക്ക് വഴിവച്ചത്. ബിപിഒ എ നജീബിന്റേതായിരുന്നു ആശയം. ഐഇഡിസി പ്രോഗ്രാം ഓഫീസർ ഫ്‌ളവർഷാർലറ്റിന്റെ ഭർത്താവും ബാൻഡ് മാസ്റ്ററുമായ ജോൺ ജയകുമാർ സൗജന്യമായി പഠിപ്പിക്കാൻ തയ്യാറായി. ഓരോ വാദ്യോപകരണവും പരിചയപ്പെടുത്തി. പെട്ടെന്ന് ഇണങ്ങിയതും കൈകാര്യം ചെയ്യാൻ എളുപ്പവുമായ ഉപകരണം നൽകി. ക്ഷമയോടെ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് പഠിപ്പിച്ചു.

സത്രം സ്‌കൂളിനോട് ചേർന്ന സെന്ററിൽ ചൊവ്വാഴ്ചകളിൽ പകൽ 3.30 മുതൽ അഞ്ചുവരെയാണ് പരിശീലനം. അപ്പുക്കുട്ടൻ, ജെ എൽ കൃഷ്ണ, ആരോമൽ എന്നിവരാണ് സൈഡ് ഡ്രം വാദകർ. സായ് സച്ചിൻ ബേസ്ഡ്രമ്മും ബിപിൻ ട്രംപറ്റും രാഹുൽ സിമ്പലും അഭിനവ് രാഗേഷ് ബാരറ്റോണും ഷമീം മേജർ സ്റ്റിക്കും കൈകാര്യം ചെയ്യും. പവൻ, റേജൽ റിയാസ്, മുഹമ്മദ് ഫർഹാൻ, ജയ്‌സൺ, മഹാദേവൻ എന്നിവർ ബ്യൂഗിൾ വാദകർ. അധ്യാപകരായ ആനി സ്റ്റീഫൻ, കുമാരി വിജി, ഷംന, അർച്ചന എന്നിവർ പിന്തുണയുമായുണ്ട്.

ടെക്‌നോപാർക്കിലെ ഹെൽപിങ് ഹാൻഡ്‌സ് കൂട്ടായ്മ ഉപകരണം സംഭാവന നൽകി. പരിശീലനദിനം കുട്ടികൾക്ക് സന്തോഷവും ഉത്സാഹവും ഏറെയെന്ന്  രക്ഷിതാക്കളും ഉദ്യമം ഗുണപരമായ മാറ്റം സൃഷ്ടിച്ചതായി അധ്യാപകരും പറയുന്നു. ഭിന്നശേഷിദിനാചരണ ഉദ്ഘാടനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള സദസ്സിനുമുമ്പാകെയായിരുന്നു കന്നിപ്രകടനം. കുട്ടികൾക്ക് സ്വന്തമായി വരുമാനം ആർജിക്കാൻ കഴിയുന്ന ബാൻഡ് ട്രൂപ്പാണ് ലക്ഷ്യം. കുട്ടികൾക്ക് ഉപകാരമാകുന്ന മൾടിസ്റ്റിമുലേഷൻ സെൻസറി പാർക്ക്, സെൻസറി റൂം എന്നിവ സെന്ററിൽ സ്ഥാപിക്കാൻ സഹായം തേടുകയാണിവർ.
<!–<p>