തിരുവനന്തപുരം: ജയില്‍ അന്തേവാസികളെ സാക്ഷരരാക്കുന്ന ‘ജയില്‍ ജ്യോതി’ പദ്ധതിയില്‍ സംസ്ഥാനത്ത് 297 പേര്‍ പരീക്ഷയെഴുതി. സാക്ഷരതാ മിഷനും ജയില്‍ വകുപ്പും ചേര്‍ന്നാണു പരീക്ഷ നടത്തിയത്.

അക്ഷരമറിയാത്ത തടവുകാര്‍ക്കായി കഴിഞ്ഞ മാസം നടത്തിയ പരിശീലനം പൂര്‍ത്തിയാക്കിയവരാണ് ശനിയാഴ്ച നടന്ന സാക്ഷരതാ പരീക്ഷയെഴുതിയത്.

ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതിയത് തിരുവനന്തപുരം ജില്ലയിലാണ് -121 പേര്‍. ഇതില്‍ ഏഴുപേര്‍ സ്ത്രീകളാണ്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 59 പേര്‍ പരീക്ഷയെഴുതി. വനിതാ ജയിലില്‍ ഏഴു പേരും സ്‌പെഷ്യല്‍ ജയിലില്‍ 30 പേരും ജില്ലാ ജയിലില്‍ 25 പേരും പങ്കെടുത്തു.

കോട്ടയം(13), തൃശ്ശൂര്‍(25), പാലക്കാട്(29), മലപ്പുറം(30), കണ്ണൂര്‍(15), കാസര്‍കോട്(33), വയനാട്(22), എറണാകുളം(9) എന്നിങ്ങനെയും സാക്ഷരതാ പരീക്ഷയെഴുതി.

100 മാര്‍ക്കില്‍ വായന, കണക്ക്, എഴുത്ത് എന്നീ വിഭാഗത്തിലാണ് പരീക്ഷ. ഇവര്‍ക്ക് തുടര്‍വിദ്യാഭ്യാസത്തിന്റെ ഭാഗമായി നാലാം തരം, ഏഴാം തരം, പത്താം തരം തുല്യതാ പരീക്ഷകള്‍ക്കുള്ള പരിശീലനവും നല്‍കും.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടന്ന പരീക്ഷ, ദക്ഷിണമേഖലാ ജയില്‍ ഡി.ഐ.ജി. ബി.പ്രദീപ്, ഏറ്റവും പ്രായം കൂടിയ പഠിതാവായ ചന്ദ്രന് ചോദ്യക്കടലാസ് നല്‍കി ഉദ്ഘാടനം ചെയ്തു. ജയില്‍ സൂപ്രണ്ട് എസ്.സന്തോഷ്, വെല്‍ഫെയര്‍ ഓഫീസര്‍ വി.എസ്.സുമന്ത്, സാക്ഷരതാ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ രഞ്ചി, കോ-ഓര്‍ഡിനേറ്റര്‍ പ്രശാന്ത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.