കൊച്ചി > സംസ്ഥാന സർക്കാരിന്റെ സാങ്കേതികവിദ്യാഭ്യാസനയത്തിന് ഹൈക്കോടതിയുടെ അംഗീകാരം. ഈ അധ്യയനവർഷം സ്വകാര്യ സ്വാശ്രയ മേഖലയിൽ പുതിയ എൻജിനിയറിങ് കോളേജുകളും കോഴ്സുകളും അനുവദിക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

സംസ്ഥാനത്ത് സ്വാശ്രയ എ ൻജിനിയറിങ് കോളേജുകൾ കൂണുപോലെ മുളയ്ക്കുന്നത് തടയണമെന്നും 118 എൻജിനിയറിങ് കോളേജുകൾ പോളിടെക്നിക്കുകളായി മാറ്റാൻ നടക്കുന്ന നീക്കം തടയണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലയാണ് സർക്കാർ സാങ്കേതിക വിദ്യാഭ്യാസനയം കോടതിയിൽ സമർപ്പിച്ചത്.

സംസ്ഥാനത്ത് 169 സാശ്രയ എൻജിനിയറിങ് കോളേജുകൾ ഉള്ളതിൽ 119ഉം സ്വകാര്യ മേഖലയിലാണ്. കഴിഞ്ഞ അധ്യയനവർഷം സ്വാശ്രയ മേഖലയിൽ 25,470 സീറ്റാണ് ഒഴിഞ്ഞുകിടന്നത്. ഇതിൽ 22,819 സീറ്റും സ്വകാര്യ എൻജിനീയറിങ് കോളേജുകളിലാണ്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സ്വശ്രയ മേഖലയിൽ ഒഴിവുവരുന്ന സീറ്റുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. മൂന്ന് വർഷം തുടർച്ചയായി മോശം പ്രകടനം കാഴ്ചവയ്ക്കുന്ന എൻജിനിയറിങ് കോളേജുകൾ അടച്ചു പൂട്ടണമെന്ന് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു.

സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേക ഊന്നൽ നൽകുമെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി.
കൂടുതൽ ഇടപെടൽ നടത്തി ഗുണനിലവാരം ഉയർത്താൻ മികച്ച സൗകര്യങ്ങൾ ഒരുക്കുമെന്നും സർക്കാർ വിശദീകരിച്ചു. ഹർജിയിലെ തുടർ നടപടികൾ കോടതി അവസാനിപ്പിച്ചു.