തിരുവനന്തപുരം > ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ പാലക്കാട് കോങ്ങാട് ജിയുപിഎസും എറണാകുളം ഉദയംപേരൂർ എസ്എൻഡിപി എച്ച്എസ്എസും ഒന്നാം സ്ഥാനം നേടി. നിശാഗന്ധി ഓഡിറ്റോറിയത്തിൽ ചൊവ്വാഴ്ച നടന്ന ഗ്രാൻഡ് ഫിനാലെയിലാണ് വിജയികളെ പ്രഖ്യാപിച്ചത്. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷനാണ് (കൈറ്റ്) സംഘാടകർ. ഒന്നാം സ്ഥാനക്കാർക്ക് 12 ലക്ഷം രൂപവീതം ക്യാഷ് അവാർഡ് ലഭിച്ചു.

മലപ്പുറം കൊട്ടുകര പൂക്കോയ തങ്ങൾ സ്മാരക എച്ച്എസ്എസിനാണ് രണ്ടാം സ്ഥാനം. 10 ലക്ഷം രൂപയാണ് സമ്മാനത്തുക. മൂന്നാം സ്ഥാനം രണ്ടു സ്കൂളുകൾ പങ്കിട്ടു. തിരുവനന്തപുരം ആനാട് ജിഎൽപിഎസും കാസർകോട് ചന്ദേര ഇസ്സത്തുൽ ഇസ്ലാം എയുപിഎസും. നാലു ലക്ഷം വീതമാണ് സമ്മാനത്തുക.

മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനങ്ങൾ വിതരണം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിജയിച്ചതിന്റെ തെളിവാണ് ഈ റിയാലിറ്റി ഷോയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാലയത്തിന്റെ പശ്ചാത്തല വികസനമെന്നാൽ കെട്ടിടങ്ങളുടെ ഭംഗി വർധിപ്പിക്കലല്ല എന്നത് ഹരിത കേരളത്തിലൂടെ സ്കൂളുകൾ തെളിയിച്ചു. വിദ്യാലയ പരിസരങ്ങളെ പ്രകൃതിയെ തൊട്ടറിയാനുള്ള സങ്കേതങ്ങളായി സ്കൂളുകൾ രൂപപ്പെടുത്തി. ഈ ആധുനികകാലത്ത് അറിവ് സ്വായത്തമാക്കാനുള്ള എല്ലാ സൗകര്യങ്ങളും സ്കൂളുകൾ ഒരുക്കുന്നു. സർക്കാരിന്റെ മാത്രം ശ്രമഫലമായല്ല ഇത് യാഥാർഥ്യമായത്. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേർന്ന കൂട്ടായ്മയാണ് സ്കൂളുകളുടെ മുഖഛായ മാറ്റിയത്. എല്ലാ വിദ്യാലയങ്ങളുടെയും നിലവാരം ഒരുപോലെ ഉയർത്തുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ ടി എം തോമസ് ഐസക്, സി രവീന്ദ്രനാഥ്, ഡോ.ഷാജഹാൻ, കെ വി മോഹൻകുമാർ എന്നിവർ സംസാരിച്ചു. ജൂറി ചെയർപേഴ്സൺ പിയൂഷ് ആൻണി റിപ്പോർട്ട് അവതരിപ്പിച്ചു. ഐടി അറ്റ് സ്കൂൾ ഡയറക്ടർ ഡോ. അൻവർസാദത്ത് സ്വാഗതം പറഞ്ഞു.