തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ വിതരണംചെയ്യുന്ന ഉച്ചഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും ഗുണനിലവാരം ഉറപ്പാക്കാനായി മൈക്രോ ബയോളജി ലാബോറട്ടറിയിൽ പരിശോധിക്കാൻ തീരുമാനം.

കേരളത്തിലെ 12327 സ്കൂളുകളിലും പരിശോധന നടത്തി ഗുണനിലവാര റിപ്പോർട്ട് തയ്യാറാക്കാനായി കാഷ്യു എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ(സിഇപിസിഐ)യുടെ  കൊല്ലത്തുള്ള ഇൻസ്റ്റിറ്റ്യൂട്ടിനെ തെരഞ്ഞെടുത്തു. ലാബ് അധികൃതർ പരിശോധനാഫലം പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറും.

വിദ്യാർഥികൾക്കുള്ള ഭക്ഷണം ശുചിത്വപൂർണമാണെന്ന് ഉറപ്പാക്കണമെന്ന മന്ത്രി സി രവീന്ദ്രനാഥിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് മുഴുവൻ സ്കൂളുകളിലെയും ഭക്ഷണവും വെള്ളവും മൈക്രോ ബയോളജി പരിശോധനയ്ക്ക് വിധേയമാക്കുന്നത്. നിലവിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ സ്കൂളുകളിൽ എത്തി പരിശോധന നടത്തുന്നുണ്ട്. കുടിവെള്ളം പരിശോധിക്കേണ്ടത് സ്കൂൾ അധികൃതരുടെയും ഉ ത്തരവാദിത്തമാണ്്. ഇതെല്ലാമുണ്ടായിട്ടും ചിലയിടങ്ങളിൽ ഭക്ഷ്യവിഷബാധകളുണ്ടാകുന്നുണ്ട്. തുടർന്നാണ് സ്കൂളുകളിൽ വിദ്യാഭ്യാസ വകുപ്പിന്റെതന്നെ ചുമതലയിൽ ഗുണമേന്മാപരിശോധന ഏറ്റവും ആധുനിക ലാബോറട്ടികളിൽത്തന്നെ നടത്താൻ തീരുമാനിച്ചത്.

ഒരു സ്കൂളിലെ ഭക്ഷണവും വെള്ളവും പരിശോധിക്കുന്നതിന് 472 രൂപ ലാബിന് വിദ്യാഭ്യാസവകുപ്പ് നൽകും. മുന്നറിയിപ്പില്ലാതെ ആധുനികസജ്ജീകരണങ്ങളുമായി ലാബ് അധികാരികൾ സ്കൂളുകളിലെത്തും
ഭക്ഷണപദാർഥങ്ങൾ ശേഖരിക്കുമ്പോഴുള്ള ഊഷ്മാവിൽത്തന്നെ പരിശോധനാസമയംവരെ സൂക്ഷിക്കാനുള്ള സൗകര്യങ്ങളുള്ളതാണ് കൊല്ലത്തെ സിഇപിസിഐയുടെ ലാബ്.  മന്ത്രി സി രവീന്ദ്രനാഥിന്റെ സാന്നിധ്യത്തിൽ ലാബ് അധികാരികളും വിദ്യാഭ്യാസവകുപ്പ് മേധാവികളും തിങ്കളാഴ്ച ധാരണപത്രത്തിൽ ഒപ്പുവയ്ക്കും