തിരുവനന്തപുരം  : അടുത്ത അധ്യയനവർഷംമുതൽ സംസ്ഥാനത്തെ സർവകലാശാലകൾക്ക് ഏകീകൃത അക്കാദമിക്, പരീക്ഷാ കലണ്ടറും പുതിയ അവധിസമ്പ്രദായവും കൊണ്ടുവരാൻ പ്രോ വൈസ് ചാൻസലർമാരുടെ യോഗം തീരുമാനിച്ചു. പ്ലസ്ടു ഫലം പുറത്തുവന്ന് ഒരുമാസത്തിനകം ഒന്നാം സെമസ്റ്റർ ഡിഗ്രി ക്ലാസുകൾ ആരംഭിക്കണം .വാർഷികാടിസ്ഥാനത്തിലുള്ള അവധിക്കുപകരം നവംബർ, മെയ് മാസങ്ങളിലായി അവധി വിഭജിക്കാനും വിദ്യാഭ്യാസമന്ത്രി  സി രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

മൂന്ന് അലോട്ട്മെന്റുകൾക്ക് ശേഷം ക്ലാസുകൾ ആരംഭിക്കും. പരീക്ഷാതീയതി പ്രഖ്യാപനം മുതൽ ഫലപ്രഖ്യാപനംവരെയുള്ള തീയതികൾ വർഷാരംഭത്തിൽത്തന്നെ അധ്യാപക, വിദ്യാർഥി, ജീവനക്കാരുടെ സംഘടനകളുമായി ചർച്ചചെയ്ത് പ്രസിദ്ധീകരിക്കും. കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളുടെ ഷെഡ്യൂളുകൾ മുൻകൂട്ടി തയ്യാറാക്കും. സ്വാശ്രയ കോളേജുകളിലെയും കോഴ്സുകളിലെയും അധ്യാപകർക്ക് സർവകലാശാല അംഗീകാരം നൽകി യോഗ്യതയുള്ളവരെ പരീക്ഷാജോലിയിൽ നിയോഗിക്കണം. അവധി വിഭജിക്കുമ്പോൾ അധ്യാപകരുടെയും ജീവനക്കാരുടെയും നിലവിലുള്ള ആനുകൂല്യങ്ങൾ സംരക്ഷിക്കാനും യോഗം തീരുമാനിച്ചു.

ഒന്ന്, മൂന്ന്, അഞ്ച് സെമസ്റ്റർ പരീക്ഷകളുടെ ഫലം ഡിസംബർ 31ന് മുമ്പും രണ്ട്, നാല്, ആറ് സെമസ്റ്ററുകളുടെ ഫലം ജൂൺ 30 ന് മുമ്പും പ്രസിദ്ധീകരിക്കും. പ്രൈവറ്റ് രജിസ്ട്രേഷൻ, വിദൂര വിദ്യാഭ്യാസം പരീക്ഷകൾക്ക് പ്രത്യേക കലണ്ടർ തയ്യാറാക്കണം. ഓരോ സെമസ്റ്ററിലും കുറഞ്ഞത് 18 ആഴ്ചകൾ ഉൾക്കൊള്ളുന്ന 90 അധ്യയനദിവസവും ഉണ്ടാകണം. പുതിയ മാറ്റങ്ങൾക്കാവശ്യമായ ഭേദഗതി ജൂണിനുമുമ്പ് നടപ്പാക്കും.

ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രൊഫ. രാജൻ ഗുരുക്കൾ, മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, പ്രോ വൈസ് ചാൻസലർമാരായ പ്രൊഫ. സാബു തോമസ് (മഹാത്മാഗാന്ധി സർവകലാശാല), പ്രൊഫ. ടി അശോകൻ (കണ്ണൂർ സർവകലാശാല), പ്രൊഫ. കെ എസ് രവികുമാർ (ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല), ഡോ. പി മോഹൻ (കോഴിക്കോട് സർവകലാശാല) എന്നിവർ പങ്കെടുത്തു.