സംസ്ഥാനത്ത് രണ്ടു വര്‍ഷത്തിനിടയില്‍ വലിയ മാറ്റങ്ങള്‍ക്കാണ് വിദ്യാഭ്യാസ മേഖല സാക്ഷിയായത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി വകുപ്പ് തലത്തിലും ജനകീയ ഇടപെടലുകളിലൂടെയും നടന്ന പ്രവര്‍ത്തനങ്ങള്‍ പൊതുവിദ്യാഭ്യാസ മേഖലയുടെ മുഖച്ഛായ മാറ്റി. പതിവിലധികം കുട്ടികളാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ പൊതുവിദ്യാഭ്യാസ രംഗത്ത് അധ്യയനത്തിനായി എത്തിയത്. സ്വാശ്രയ-അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍യ്ക്കിടയില്‍ മാറ്റത്തിനായി കാത്തിരുന്ന പൊതുവിദ്യാഭ്യാസരംഗം സടകുടഞ്ഞ് ഉണരുന്ന കാഴ്ചയാണ് േരണ്ടുവര്‍ഷത്തിനുള്ളില്‍ കണ്ടത്. പ്രൈമറി ക്ലാസുമുതല്‍ പ്ലസ് വണ്‍ വരെയുള്ള പ്രവേശനത്തില്‍ വലിയ വര്‍ധനയുണ്ടായി. അണ്‍ എയ്ഡഡ്, സ്വാശ്രയ സ്കൂളുകള്‍വിട്ട് സര്‍ക്കാര്‍ – എയ്ഡഡ് സ്കൂളുകളിലേക്ക് വിദ്യാര്‍ഥികള്‍ എത്തുന്ന അനുഭവമുണ്ടായി. വിദ്യാഭ്യാസ മേഖലയില്‍ ഭാവനാപൂര്‍ണവും സമൂലവുമായ ഇടപെടലുകള്‍ക്ക് തയാറായ ഒരു മന്ത്രിയുടേയും അതിന് തുണയേകിയ ഉദ്യോഗസ്ഥരുടേയും പ്രവര്‍ത്തനങ്ങളാണ് പൊതുവിദ്യാഭ്യാസമേഖലയ്ക്ക് ഇപ്പോഴുണ്ടായ ഉണര്‍വിന് ആധാരമായത്. പൊതുവിദ്യാലയങ്ങളെ മികവിന്‍റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയുടെ വിജയമായിരുന്നു  രണ്ടുവര്‍ഷമായി നാം കണ്ടത്. പശ്ചാത്തല സൗകര്യ വികസനം, കെട്ടിട നവീകരണം തുടങ്ങിയ മേഖലയ്ക്കായിരുന്നു സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയത്. ഇതിന്‍റെ ഭാഗമായി ജില്ലയില്‍ 13 സ്കൂളുകള്‍ക്ക് അഞ്ചുകോടി രൂപ വീതവും 17 സ്കൂളുകള്‍ക്ക് മൂന്നുകോടി രൂപ വീതവും അനുവദിച്ചു. കൃത്യമായ മാസ്റ്റര്‍ പ്ലാനിന്‍റെ അടിസ്ഥാനത്തില്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് വിദ്യാലയങ്ങളെ ഉയര്‍ത്തുകയാണ് ഈ ഇടപെടലിന്‍റെ ലക്ഷ്യം. കുട്ടികളില്‍ പരിസ്ഥിതി അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ സ്കൂളുകളിലും ജൈവ വൈവിധ്യ പാര്‍ക്ക് എന്ന ആശയത്തിനു രൂപം നല്‍കിയത്. ഇതിനായി സര്‍വശിക്ഷാ അഭിയാന്‍ വഴി 36 സ്കൂളുകള്‍ക്ക് 18,800 രൂപ വീതവും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ വഴി 107 സ്കൂളുകള്‍ക്കു 10,000 രൂപ വീതവും അനുവദിച്ചു. ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും ജൈവവൈവിധ്യ പാര്‍ക്ക് നിര്‍മാണം പൂര്‍ത്തിയായി.

ലാബ്, ലൈബ്രറി സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഹൈസ്കൂളുകള്‍ക്കും രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ അഥവാ ആര്‍എംഎസ്എയുടെ ഭാഗമായി 10,000 രൂപ വീതം അനുവദിച്ചു. ക്ലാസ് റൂമുകള്‍ ഹൈടെക്കാക്കി മാറ്റുന്നതിന്‍റെ ഭാഗമായി ജില്ലയിലെ 442 സ്കൂളുകളിലെ 3902 ക്ലാസ് മുറികളില്‍ 3184 എണ്ണം ഹൈടെക്ക് ആക്കി മാറ്റി. രക്ഷാകര്‍തൃ വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി ബിആര്‍സിയുടെ നേതൃത്വത്തില്‍ പ്രത്യേക ക്ലാസുകളും സംഘടിപ്പിച്ചു.       തൃശൂര്‍ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിലും വലിയ ഇടപെടലുകളുണ്ടായി. പട്ടിക വര്‍ഗ വിഭാഗത്തിലെ കുട്ടികള്‍ക്കായി പൊലിക പദ്ധതിയുടെ ഭാഗമായി സഹവാസ ക്യാമ്പുകള്‍, തൊഴില്‍ പരിശീലനം, പഠനയാത്രകള്‍, ലൈബ്രറി അധ്യാപക പരിശീലന കേന്ദ്രത്തിലെ അധ്യാപകര്‍ക്കായി അഭിനവം റസിഡന്‍ഷ്യല്‍ ശില്‍പശാല, ശ്രദ്ധ കൈപ്പുസ്തക നിര്‍മാണം, നാഷണല്‍ അച്ചീവ്മെന്‍റ് സര്‍വേയ്ക്കുള്ള മുന്നൊരുക്കങ്ങള്‍, പ്രീ പ്രൈമറി അധ്യാപകര്‍ക്ക് കരിക്കുലം പരിശീലനം, ടിടിഐകളിലെ അക്കാദമിക് കലണ്ടര്‍ രൂപീകരണം, സെമസ്റ്റര്‍ വിലയിരുത്തല്‍, ചോദ്യപേപ്പര്‍ തയാറാക്കല്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് ഡയറ്റ് നടത്തിയത്. സര്‍വശിക്ഷാ അഭിയാന്‍റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ 715 സ്കൂളുകളിലെ 1,2 ക്ലാസുകളിലെ മുഴുവന്‍ ഡിവിഷനുകളുമാണ് ലൈബ്രറി ഒരുക്കിയത്. മാതൃഭാഷാശേഷി വര്‍ധിപ്പിക്കുന്ന മലയാളത്തിളക്കം, ഗണിതശേഷി കൂട്ടുന്ന ഗണിതവിജയം, ഭിന്നശേഷിയുള്ള കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമിടുന്ന ഐഇഡിസി തുങ്ങിയ പദ്ധതികളിലൂടെ എസ്എസ്എയും വലിയ ഇടപെടലാണ് നടത്തുന്നത്. പഠന സാമഗ്രികളുടെ നിര്‍മാണ ശില്പശാല, കോര്‍ണര്‍ പിടിഎ, പ്രതിഭാകേന്ദ്രം തുടങ്ങിയ പദ്ധതികളും നടപ്പാക്കി കഴിഞ്ഞു.

വിദ്യാലയങ്ങളിലെ ജൈവവൈവിധ്യ പാര്‍ക്കില്‍നിന്നു തെരഞ്ഞെടുത്ത മികച്ച മൂന്ന് പാര്‍ക്കുകള്‍ക്ക് പുരസ്കാരം നല്‍കാനും ഉദ്ദേശിക്കുന്നുണ്ട്. ചാലക്കുടി ഗവ. വിഎച്ച്എസ്എസില്‍ ഐഡിയല്‍ ലാബ് നിര്‍മാണത്തിനനുവദിച്ച 50 ലക്ഷം രൂപ ഉടന്‍ വിനിയോഗിക്കാനുളള ഒരുക്കത്തിലാണ്. ഇങ്ങനെ വിദ്യാഭ്യാസ മേഖലയില്‍ നവോേډഷത്തിന്‍റെ നാളുകളാണ് നമ്മെ കാത്തിരിക്കുന്നത്.