എൽത്തുരുത്തിൽ തൃശൂർ കോർപറേഷൻ ആരംഭിച്ച പകൽ വീടും കുടുംബശ്രീ സ്വയം തൊഴിൽ പരിശീലന കേന്ദ്രവും വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ജീവിതാനുഭവത്തിലൂടെയുള്ള അറിവാണ് ഏറ്റവും വലിയ സമ്പത്ത്. ആർജിച്ച അറിവായ സമ്പത്ത് പിൻതലമുറയ്ക്ക് കൈമാറുന്നതിന് വയോജനങ്ങൾക്ക് ഒത്തു കൂടാനും യുവതല മുറയ്ക്ക് ഏറ്റുവാങ്ങാനുള്ള ഇടമായി പകൽ വീട് ഉപകരിക്കട്ടേയെന്ന് മന്ത്രി ആശംസിച്ചു. ജനങ്ങളുടെ മനസ്സിൽ സ്ഥാനം നേടാൻ കഴിയുന്ന വിധത്തിലുള്ള സേവനങ്ങൾ നൽകാൻ കഴിയുന്ന തരത്തിലുള്ള സ്വയം തൊഴിൽ പരിശീലിക്കുന്നതിന് പരിശീലന കേന്ദ്രം വഴി കഴിയുമെന്നും അതാണ് ഏറ്റവും വലിയ വളർച്ചയെന്നും മന്ത്രി ഓർമ്മിപ്പിച്ചു. ഭൗതിക സമ്പത്തിനും പണത്തിന്നും അറിവെന്ന സമ്പത്തിന് ശേഷമേ സ്ഥാനമുള്ളൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ കോർപറേഷന്റെ പ്ലാൻ ഫണ്ടിൽ നിന്നും 22 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പണിതിട്ടുള്ളത്. ശുചി മുറിയും വിശ്രമ മുറിയും സമ്മേളന ഹാളും ഉൾപ്പെടെ 1600 ചതുരശ്ര അടി വിസ്തീർണമുണ്ട്. മേയർ അജിത ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. 80 കഴിഞ്ഞ വയോധികരേയും ഡിവിഷനിൽ നിന്ന് സ്ഥാന ക്കയറ്റം ലഭിച്ച് ഡെപ്യൂട്ടി കളക്ടർ വരെയായ എം.ബി ഗിരീഷിനേയും യോഗത്തിൽ ആദരിച്ചു. ഡിവിഷൻ കൗൺസിലർ അനൂപ് ഡേവിസ് കാട , ആസൂത്രസമിതി അംഗം വർഗീസ് കണ്ടംകുളത്തി, കുടുംബശ്രീ മെമ്പർ സെക്രട്ടറി എൻ. സിന്ധു, സി ഡി എസ് 1 ചെയർപേഴ്സൺ സുലോചന ഗോപിനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.