പൊതുവിദ്യാഭ്യാസ വകുപ്പ്, കേരള സംഗീതനാടക അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കലാപഠന ശില്പശാലയായ ‘കലാപാഠ’ത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം ജൂണ്‍ 30 ന് തൃശൂരില്‍ നടക്കും. രാവിലെ 10 ന് കേരള സംഗീത നാടക അക്കാദമി കെ.ടി. മുഹമ്മദ് സ്മാരക തിയറ്ററില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍, സംഗീതനാടക അക്കാദമി ചെയര്‍ പേഴ്സണ്‍ കെ.പി.എ.സി. ലളിത, കലാപാഠം ശില്പശാല സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ജെസ്സി ജോസഫ്, സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ പങ്കെടുക്കും.

സംസ്ഥാനത്തെ സെക്കണ്ടറി തല വിദ്യാര്‍ത്ഥികളില്‍ നിന്ന് തെരഞ്ഞെടുക്കുന്നവര്‍ക്ക് നൃത്തകലാ പരിശീലനത്തിനായി ആവിഷ്കരിച്ച പദ്ധതിയാണ് കലാപാഠം. മോഹിനിയാട്ടം, കേരളനടനം, ഭരതനാട്യം, കുച്ചിപ്പുഡി തുടങ്ങിയ നൃത്ത ഇനങ്ങളിലാണ് പരിശീലനം നല്‍കുന്നത്. തൃശൂരില്‍ 30 ന് ആരംഭിക്കുന്ന പദ്ധതി ഓഗസ്റ്റ് 12 ന് തിരുവനന്തപുരത്ത് സമാപിക്കും. ജില്ലയില്‍ നിന്ന് കലാപാഠത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ ഹെഡ് മാസ്റ്റര്‍ മുഖേന ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ക്കാണ് അപേക്ഷ നല്‍കണം.