ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്റ്റാറ്റ്യൂട്ടറി സമിതിയായ യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മീഷനെ ഇല്ലാതാക്കി പകരം ഹയർ എഡ്യൂക്കേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ രൂപീകരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്കിടവരുത്തും. കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന കരട് നിയമം ഉന്നത വിദ്യാഭ്യാസ മേഖലയുടെ ജനാധിപത്യപരമായ വളർച്ചയെ തടസ്സപ്പെടുത്തുന്നതും, ഈ രംഗത്ത് കേന്ദ്രസർക്കാരിന് കൂടുതൽ പിടിമുറുക്കാൻ ലക്ഷ്യമിട്ടുള്ളതുമാണ്. ഇതിലൂടെ സാധാരണക്കാർക്കും പാർശ്വവൽക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങൾക്കും ഉന്നത വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് സംജാതമാകുന്നത്. യു.ജി.സി. ധനസഹായത്തിനു പകരം സ്ഥാപനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തിൽ മാനവ വിഭവശേഷി മന്ത്രാലയം നേരിട്ട് ധനസഹായം നല്കാനാണ് ബിൽ വ്യവസ്ഥ ചെയ്യുന്നത്. സ്ഥിരനിയമനങ്ങൾ പരിമിതപ്പെടുത്തി ഗസ്റ്റ് അദ്ധ്യാപക നിയമനം വ്യാപകമാക്കാൻ ബിൽ നിർദ്ദേശിക്കുന്നു. കരാർ നിയമനങ്ങൾ വ്യാപകമാക്കാനുള്ള ഈ നീക്കം ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണപരമായ ഉള്ളടക്കത്തേയും പ്രതികൂലമായി ബാധിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏത് വിഷയത്തിലും ഇടപെടാൻ ഉന്നത വിദ്യാഭ്യാസ കമ്മീഷന് അനിയന്ത്രിതമായ അധികാരങ്ങളാണ് ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. സംസ്ഥാനങ്ങളുടെ പരിമിതമായ അധികാരങ്ങൾ പോലും കവർന്നെടുക്കാൻ ലക്ഷ്യമിട്ടുള്ള ഈ നിർദ്ദേശം ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറൽ തത്വങ്ങളുടെ ലംഘനമാണ്. സമീപകാലത്ത് ഉന്നത വിദ്യാഭ്യാസരംഗം കൈപ്പിടിയിലാക്കാനുള്ള മാർഗ്ഗ നിർദ്ദേശങ്ങളും ഭേദഗതികളും യു.ജി.സി. നിർദ്ദേശിച്ചിരുന്നു. പക്ഷെ പദ്ധതി രൂപീകരണം, സിലബസ് നിർണ്ണയം തുടങ്ങി സർവ്വകലാശാലകളുടെ അധികാര പരിധിയിൽ വരുന്ന വിഷയങ്ങളിൽ യു.ജി.സി. നിബന്ധനകൾ അടിച്ചേല്പിച്ച് സർവ്വകലാശാലകളുടെ ജനാധിപത്യ ഉള്ളടക്കത്തിന്മേൽ കേന്ദ്രസർക്കാർ പിടിമുറുക്കിയിരുന്നു. വിദ്യാഭ്യാസ മേഖലയെ വർഗ്ഗീയവൽക്കരിക്കാനും വാണിജ്യവൽക്കരിക്കാനുമുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് ഈ നടപടികൾ. പൊതുവിദ്യാഭ്യാസ സംവിധാനങ്ങളെ ദുർബ്ബലപ്പെടുത്തി വിദ്യാഭ്യാസത്തിന്റെ ജനകീയവൽക്കരണത്തേയും ജനാധിപത്യവൽക്കരണത്തേയും തകർക്കുന്നതും സ്വകാര്യവൽക്കരണത്തിന് ആക്കം കൂട്ടുന്നതുമായ ഇത്തരം നടപടികൾ തികച്ചും പ്രതിഷേധാർഹമാണ്. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവരുന്നതും ഉന്നത വിദ്യാഭ്യാസ മേഖലയുടെ സ്വതന്ത്ര വളർച്ചയെ തടസ്സപ്പെടുത്തുന്നതുമായ നിർദ്ദിഷ്ട നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അഭ്യർത്ഥിച്ചു.