* മലയിന്‍കീഴ് മാധവകവി സ്മാരക ഗവ: ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് മന്ദിരോദ്ഘാടനം നിര്‍വഹിച്ചു 

ഉന്നതവിദ്യാഭ്യാസമേഖലയെ മികവിലേക്ക് ഉയര്‍ത്താനുള്ള പശ്ചാത്തലസൗകര്യം സര്‍ക്കാര്‍ ഒരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. മലയിന്‍കീഴ് മാധവകവി സ്മാരക ഗവ: ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാഭ്യാസരംഗത്ത് കേരളം ലോകത്തിന് വരെ മാതൃകയായതുപോലെ ഉന്നതവിദ്യാഭ്യാസ മേഖലയും പരസ്പരപൂരകമായി വളര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. അക്കാദമിക മികവിലൂടെയാണ് ഉന്നതവിദ്യാഭ്യാസം മാതൃകയാകേണ്ടത്. അധ്യാപകരുടെ ജോലിഭാരം, പരീക്ഷാഫലം കൃത്യസമയത്ത് നല്‍കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിച്ച് വരികയാണ്. ജൂണ്‍ 23ന് മുമ്പ് എല്ലാ സര്‍വകലാശാലകളിലും പരീക്ഷാഫലം പുറത്തുവന്നത് അടുത്തകാലങ്ങളില്‍ ആദ്യമാണ്. അടുത്ത അക്കാദമിക വര്‍ഷത്തിനുമുമ്പ് നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടിയുണ്ടാകും. അതിനനുസരിച്ച് അധ്യാപകരും വിദ്യാര്‍ഥികളും ഉയരണം. സ്‌കൂള്‍തലങ്ങളില്‍ പഠനത്തിലൂടെ നേടിയ വിവരങ്ങള്‍ അറിവിന്റെയും ചിന്തയുടേയും തലത്തിലേക്ക് ഉയര്‍ത്തി ആശയങ്ങള്‍ ഉത്പാദിപ്പിക്കുന്ന നിലയിലേക്ക് കലാലയങ്ങള്‍ മാറണമെന്നും മന്ത്രി പറഞ്ഞു. കേരള യൂണിവേഴ്‌സിറ്റിയുടെ ബി.എസ്‌സി മാത്‌സ് പരീക്ഷയില്‍ മൂന്നാം റാങ്ക് നേടിയ മലയിന്‍കീഴ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന അഖിലിന് മന്ത്രി ചടങ്ങില്‍ ഉപഹാരം നല്‍കി.

ചടങ്ങില്‍ ഐ.ബി. സതീഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുന്‍ സ്പീക്കര്‍ എന്‍. ശക്തന്‍, മലയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. ചന്ദ്രന്‍ നായര്‍, നേമം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തളകുമാരി, ജില്ലാ പഞ്ചായത്തംഗങ്ങളായ വി.ആര്‍. രമകുമാരി, ശോഭനകുമാരി, കോളജ് പ്രിന്‍സിപ്പല്‍ ഡോ. എസ്.പി. ചാന്ദ്‌നി സാം, മലയിന്‍കീഴ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്‍. സരോജിനി, പഞ്ചായത്തംഗങ്ങളായ വി.എസ്. ശ്രീകാന്ത്, വി. വിജയകുമാര്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിലനില്‍ക്കുന്ന ആനപ്പാറ കുന്നിലാണ് പുതിയ മന്ദിരം നിര്‍മിച്ചിരിക്കുന്നത്. മൂന്നു നിലകളുള്ള പുതിയ മന്ദിരത്തില്‍ ആധുനിക സൗകര്യങ്ങളുള്ള കോണ്‍ഫറന്‍സ് ഹാളുകള്‍, ലൈബ്രറി, ലാബ് തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.