സർവ്വശിക്ഷാ അഭിയാനിൽ പ്രവർത്തിച്ചുവന്ന സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർക്ക് കേന്ദ്രസർക്കാർ അനുവദിച്ച വേതനത്തിന്റെ ഇരട്ടി വേതനം നല്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. കേന്ദ്രമാനവ വിഭവശേഷി വകുപ്പിന്റെ പുതിയ പദ്ധതിയായ സമഗ്ര ശിക്ഷയിലേക്ക് കരാർ നിയമനം നല്കാൻ തീരുമാനിച്ചിട്ടുള്ള കലാ-കായിക-പ്രവൃത്തി പരിചയം അദ്ധ്യാപകരായ 2685 പേർക്കാണ് ഈ ആനുകൂല്യം ലഭ്യമാകുന്നത്. എസ്.എസ്.എ പദ്ധതിയിൽ കഴിഞ്ഞ വർഷം വേതനമായി നല്കിയിരുന്ന 25200 രൂപ. പുതുതായി രൂപം നല്കിയ സമഗ്ര ശിക്ഷയിൽ കേന്ദ്ര സർക്കാർ 7000/- രൂപയായി  വെട്ടിക്കുറക്കുകയുണ്ടായി. അതിൽ തന്നെ കേന്ദ്രവിഹിതം 4200 രൂപ മാത്രമാണ്. പരിമിതികൾക്കുള്ളിലും ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പുവരുത്തണമെന്ന സംസ്ഥാന സർക്കാരിൽ ഉറച്ച നിലപാടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വിഹിതമായ 2800 രൂപയ്ക്ക് പുറമേ, സംസ്ഥാന സർക്കാർ അധികമായി അനുവദിക്കുന്ന 7,000/- രൂപ കൂടി ചേർത്ത് പ്രതിമാസം 14,000/- രൂപ വേതനം നല്കാൻ തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ മേഖലയിൽ നിന്നും സർക്കാർ പിന്മാറണമെന്ന നവലിബറൽ നയത്തിൽ നിന്ന് വ്യത്യസ്തമായി, പരിമിതികൾക്കിടയിലും പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തു­ന്നതിനും അദ്ധ്യാപകരെ സംരക്ഷിക്കുന്നതിനും സഹായകമായ നിലപാടാണ് സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നത്.