പ്രളയബാധിത പ്രദേശങ്ങളിലെ പൊതുവിദ്യാലയങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ ഓഗസ്റ്റ് 26, 27, 28 തീയതികളില്‍ സന്നദ്ധസേവന യജ്ഞം നടത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി സി രവീന്ദ്രനാഥ് അഭ്യര്‍ത്ഥിച്ചതനുസരിച്ച് ഇന്നലെ (ഓഗസ്റ്റ് 26) സംസ്ഥാനത്തുടനീളം നിരവധി അദ്ധ്യാപകരും അനദ്ധ്യാപകരും ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും പി റ്റി എസ്, എസ് എം സി അംഗങ്ങളും പ്രവര്‍ത്തനങ്ങളില്‍ സജ്ജീവമായി പങ്കെടുത്തു. മന്ത്രി പങ്കെടുത്ത എല്ലാവരേയും അഭിനന്ദിച്ചു. ഇന്നും (ഓഗസ്റ്റ് 27) നാളെ (ഓഗസ്റ്റ് 28) യുമായി നടക്കുന്ന തുടര്‍ പ്രവര്‍ത്തനങ്ങളിലും എല്ലാവരുടെയും സജീവ പങ്കാളിത്തവും ഇടപെടലുമുണ്ടാകണം. ഓണവധിക്കുശേഷം ഓഗസ്റ്റ് 29 ന് തന്നെ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ദുരിതാശ്വാസകേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ മറ്റു സംവിധാനങ്ങളും ഏര്‍പ്പെടുത്തും. ഒന്നാം പാദവാര്‍ഷിക പരീക്ഷകള്‍ മാറ്റി. പ്രളയത്തില്‍  പാഠപുസ്തകങ്ങളും യൂണിഫോമുകളും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് 31 നുളളില്‍ അവരവരുടെ സ്കൂളുകളില്‍ വിവരം രജിസ്റ്റര്‍ ചെയ്യണം. തുടര്‍ദിവസങ്ങളില്‍ ഇവ വിതരണം ചെയ്യണമെന്നും മന്ത്രി അറിയിച്ചു.