കുറാഞ്ചേരിയില്‍ ഉരുള്‍പ്പൊട്ടലില്‍ മരണപ്പെട്ട തൃശൂര്‍ ഹോളിഫാമിലി സ്‌കൂളിലെ രണ്ട്‌ കുട്ടികളുടെ സഹപാഠികളെ പൊതുവിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്‌ സ്‌കൂളിലെത്തി ആശ്വസിപ്പിച്ചു. അഞ്ച്‌ ഇയിലെ ആന്‍ മരിയ, ആറ്‌ എയിലെ മെറിന്‍ എന്നിവരാണ്‌ ഉരുള്‍പ്പൊട്ടലില്‍ മരിച്ചത്‌. ഓണാവധിക്ക്‌ ശേഷം ഇന്നലെ(ആഗസ്റ്റ്‌ 29)യാണ്‌ സ്‌കൂള്‍ തുറന്നത്‌. രണ്ട്‌ കുട്ടികളുടെ മരണവാര്‍ത്ത ഓണാവധിക്കാലത്തു തന്നെ സഹപാഠികളെ കണ്ണീരിലാഴ്‌ത്തിയിരുന്നു. അദ്ധ്യാപകരും രക്ഷിതാക്കളും സ്‌കൂളിലെത്തിയിരുന്നു. മന്ത്രി എത്തിയപ്പോള്‍ കുട്ടികള്‍ ഏറെ സങ്കടത്തോടെയാണ്‌ അദ്ദേഹത്തെ സമീപിച്ചത്‌. കുട്ടികളെ ആശ്വസിപ്പിച്ചും അവരോട്‌ പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ പറഞ്ഞുമാണ്‌ വിദ്യാഭ്യാസ മന്ത്രി മടങ്ങിയത്‌