ജീവന്‍ നഷ്ടപ്പെടാതെ മനുഷ്യരെ രക്ഷിക്കാനുളള ബാദ്ധ്യത നമുക്കുണ്ടെന്ന് പഠിപ്പിച്ചുതന്നവരാണ് മത്സ്യത്തൊഴിലാളികളെന്ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. കോതകുളം-വലപ്പാട് അനുഗ്രഹ ഓഡിറ്റോറിയത്തില്‍ പ്രളയദുരിത രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കുളള ആദരവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നാളെ ഒരു ദുരന്തമുണ്ടായാല്‍ അതെങ്ങനെ ഒറ്റക്കെട്ടായി നേരിടാമെന്ന് പാഠം കൂടി  നമുക്ക് പഠിപ്പിച്ചു തന്നു. മാനവികത എന്തെന്നും നമ്മുടെ മനസ്സ് എത്ര വിശാലയമാക്കാമെന്നും അതൊരു സംസ്ക്കാരമാക്കി മാറ്റാമെന്നുമാണവര്‍ ദുരന്തമുഖത്ത് കാഴ്ചവച്ചത്. ഇതിലൂടെ മനുഷ്യജീവിതത്തിന് ഒട്ടനവധി ആശയഗതികള്‍ സംഭാവന ചെയ്യാനായി. ഇത് വരും നാളുകളില്‍ ചരിത്രത്തിന്‍റെ ഭാഗമായി ഇടംപിടിച്ച് പുതിയ രചനകളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം ജീവന്‍ വരെ പണയം വച്ചുളള മത്സ്യത്തൊഴിലാളികള്‍ കാട്ടി തന്നത്. ഇത് പ്രതിബദ്ധത ഒന്നു കൊണ്ടുമാത്രമാണ്. അനന്യമായ അവരുടെ രക്ഷാപ്രവര്‍ത്തനം ലോകത്തിനുതന്നെ മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. അതുകൊണ്ടുതന്നെ ഇതിനെ കേവലമൊരു രക്ഷാപ്രവര്‍ത്തനം മാത്രമായി കണ്ടുകൂടാ. മനുഷ്യനോടുളള അടങ്ങാത്ത സ്നേഹത്തിന്‍റെ പ്രവര്‍ത്തനമാണ്. സര്‍ക്കാര്‍ എല്ലാം ഒരുക്കങ്ങളുമായി തയ്യാറായപ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ ഇവര്‍ രംഗത്ത് വന്നതിന് കേവലം വാക്കുകളുടെ ആദരവുകൊണ്ട് തീര്‍ക്കാവുന്ന ഒന്നല്ല. അവരുടെ ഹൃദയം കൊണ്ടുളള പ്രവര്‍ത്തനത്തിന് എന്തുപറഞ്ഞാലും അതിനൊപ്പം എത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ ആദരവിന് അദ്ധ്യക്ഷത വഹിച്ചു. കടലിനോട് മല്ലടിച്ചു ജീവിക്കുന്നവരുടെ കരുത്തിന്‍റെ വിലയാണ് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ കണ്ടത്. ആറുമണി കഴിഞ്ഞാല്‍ സൈനികള്‍ ഇറങ്ങാത്തിടത്ത് ചെന്ന് ജീവന്‍ രക്ഷിച്ച ഇവര്‍ കേരളചരിത്രത്തിലെ ഏറ്റവും വലിയ പ്രവര്‍ത്തനമാണ് നടത്തിയ്ത. چകേരളത്തിന്‍റെ സൈന്യമാണ്چ മത്സ്യത്തൊഴിലാളികള്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ചത് ഇവര്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍, കര്‍ഷകര്‍, കേരള പോലീസ്, മറ്റ് വിവിധ സേനാവിഭാഗങ്ങള്‍, സന്നദ്ധ സംഘടനകള്‍ ഇവരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനമാണ് വലിയ ദുരന്തത്തില്‍ നിന്ന് കേരളത്തെ രക്ഷിച്ചത്. പുതിയ തലമുറയെ പലപ്പോഴും വിമര്‍ശിക്കുന്ന നമ്മള്‍ ദുരന്തത്തില്‍ നിന്ന് ആളുകളെ രക്ഷിക്കാന്‍ അവര്‍ കാട്ടിയ ആത്മാര്‍ത്ഥത കാണുമ്പോള്‍ വിമര്‍ശനത്തിന് കഴമ്പില്ലെന്നു മനസ്സിലാകും. വന്‍ദുരന്തത്തില്‍ നിന്ന് ഇവരെല്ലാം ചേര്‍ന്ന് കേരളത്തെ രക്ഷിച്ചത് ഒത്തൊരുമയ്ക്ക് തെളിവാണെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ സി എന്‍ ജയദേവന്‍ എം പി, എം എല്‍ എ മാരായ ഗീതാഗോപി, വി ആര്‍ സുനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഡോ. സുഭാഷിണി മഹാദേവന്‍,തദ്ദേശസ്വയംഭരണ സ്ഥാപനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. മത്സ്യഫെഡ് ചെയര്‍മാന്‍ പി പി ചിത്തരഞ്ജന്‍ സ്വാഗതവും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എം എസ് സാജു നന്ദിയും പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട 713 മത്സ്യത്തൊഴിലാളികളെ ഇരു മന്ത്രിമാരും ചേര്‍ന്ന് ആദരിച്ചു. മറ്റ് ജില്ലകളില്‍ നിന്ന് എത്തിയ രക്ഷാപ്രവര്‍ത്തകരെ അതത് ജില്ലകളില്‍ ആദരിക്കും. വലപ്പാട്  വീട്ടു കൂട്ടം സംഘം ആദരവിനെത്തിയവര്‍ക്ക് ലഘുഭക്ഷണം വിതരണം ചെയ്തു.