സംസ്ഥാനത്തെ പുനരധിവാസത്തിന് സെപ്തംബര്‍ 10 മുതല്‍ 15 വരെ സര്‍ക്കാര്‍ വിപുലമായ രീതിയില്‍ ധനശേഖരണമാണ് നടത്തുകയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. 1000 കോടിയുടെ നഷ്ടമാണ് ജില്ലയില്‍ മാത്രം കണക്കാക്കിയിരിക്കുന്നത്. പുനര്‍നിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാകണമെന്ന് മന്ത്രി  പറഞ്ഞു. പെരിഞ്ഞനം പഞ്ചായത്തിന്‍റെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റുള്ളവരുടെ വേദനമനസ്സിലാക്കാന്‍ കഴിയുമ്പോളാണ് നല്ല മനുഷ്യരാകുന്നത്.   പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായ 5, 6, 7 വാര്‍ഡുകളിലെ 210 കുടുംബങ്ങള്‍ക്കാണ് പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടമായി കട്ടില്‍, പുതപ്പ്, ബെഡ്ഷീറ്റ്, 29 തരം പാത്രങ്ങള്‍, പലവ്യഞ്ജനങ്ങള്‍, പ്രാഥമികാവശ്യത്തിനുതകുന്ന വസ്തുക്കള്‍ ക്ലീനിംഗ് ലോഷനുകള്‍ എന്നിവ നല്‍കിയത്. രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ പെരിഞ്ഞനം പഞ്ചായത്തിലെ 37 മല്‍സ്യതൊഴിലാളികളെയും ചടങ്ങില്‍ ആദരിച്ചു.  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക ് ഹരി കോലാന്ത്ര, ഹരിതം കര്‍ഷകഗ്രൂപ്പ്, ഷാര്‍ജ് മലയാളി ടൈലേഴ്സ് അസ്സോസ്സിയേഷന്‍, ചന്ദ്രപ്രകാശ് എടമന, പ്രബുദ്ധന്‍ എന്നിവര്‍ ഫണ്ട് കൈമാറി. ചക്കന്‍ചാത്ത് രവികുമാര്‍, മതിലകത്ത് വീട്ടില്‍ ഷാഹുല്‍ഹമീദ്, കിഴക്കേടത്ത് കെ കെ രജ്ഞിത്ത് , കിഴക്കേടത്ത് കെ.കെ സച്ചിത്ത് കിഴക്കേടത്ത്, മഠത്തിപറമ്പില്‍ താജുദ്ദീന്‍  എന്നിവര്‍ സര്‍ക്കാരിന് കൈമാറിയ ഭൂമിയുടെ രേഖകളും  മന്ത്രി ഏറ്റുവാങ്ങി.   ഇ ടി ടൈസണ്‍മാസ്റ്റര്‍ എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ കെ അബീദലി , പഞ്ചായത്ത് പ്രസിഡന്‍റ് കെ കെ സച്ചിത്ത്, ജില്ലാപഞ്ചായത്ത് അംഗം ബി ജി വിഷ്ണു, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍  എന്നിവര്‍ പങ്കെടുത്തു.