പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടമായ ചാലക്കുടി താലൂക്കാശുപത്രിയെ വര്‍ണ്ണാഭമാക്കി മാറ്റി പെയിന്‍റേഴ്സ് അസോസ്സിയേഷന്‍. തങ്ങളുടെ പ്രാരബന്ധങ്ങക്കിടയിലും സാധാരണക്കാരന്‍റെ ആശ്രയകേന്ദ്രമായ ചാലക്കുടി താലൂക്ക് ആശുപത്രിയെ പഴയകാലത്തേക്ക് തിരികെ എത്തിക്കുവാന്‍ തങ്ങളാല്‍ കഴിയും സഹായം നല്‍കാവുന്‍ പെയിന്‍റിങ്  കോണ്‍ട്രാക്ടഴേസ് അസോസ്സിയേഷന്‍ തയ്യാറായി മുന്നോട്ട് വരികയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തിലാണ് തങ്ങള്‍ പെയ്ന്‍റിങ് ജോലികള്‍ സൗജന്യമായി ചെയ്തു തരാമെന്ന് യോഗത്തില്‍ ഭാരവാഹികള്‍ പറഞ്ഞത്. അതിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തിരമായി തന്നെ പെയിന്‍റും മറ്റും സംഘടിപ്പിച്ച് ജോലികള്‍ ആരംഭിക്കുകയായിരുന്നു. കേരള ഡെക്കറേറ്റീവ് പെയിന്‍റിങ് കോണ്‍ട്രാക്ടേഴ്സ് അസോസ്സിയേഷന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സൗജന്യമായി മുപ്പത്തോളം വരുന്ന് പ്രവര്‍ത്തകര്‍ നാല് ദിവസം കൊണ്ട് ആശുപത്രിയുടെ ഒ പി വിഭാഗം, ഓഫീസ് വിഭാഗം എന്നിവയുള്‍പ്പെടെ ചുറ്റുമതിലടക്കം പൂര്‍ണ്ണമായി പെയിന്‍റിങ് നടത്തി മനോഹരമാക്കിയത്.  നെരലോക്ക് കമ്പനിയാണ് ഇതിനാവശ്യമായ പെയിന്‍റ് സൗജന്യമായി വിതരണം ചെയ്തത്. പെയിന്‍റും പണികൂലിയടക്കം ഏകദേശം ആറ് ലക്ഷത്തോളം രൂപയുടെ നിര്‍മ്മാണ ജോലികളാണ് അസോസ്സിയേഷന്‍റെ നേതൃത്വത്തില്‍ സൗജന്യനമായി നടത്തിയത്. പെയിന്‍റിങ് ജോലികളുടെ പ്രവര്‍ത്തനോദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വഹിച്ചു. ബി ഡി ദേവസ്സി എം എല്‍ എ അദ്ധ്യക്ഷത വഹിച്ചു. കെ ഡി പി സി എ സംസ്ഥാന പ്രസിഡണ്ട് ആന്‍റോ പോള്‍, ജില്ലാ പ്രസിഡണ്ട് ജി മുരളി, സെക്രട്ടറി കെ കെ രഞ്ജിത്, നഗരസഭാ ചെയര്‍പേഴ്സണ്‍ ജയന്തി പ്രവീണ്‍കുമാര്‍, വൈസ് ചെയര്‍മാന്‍ വിന്‍സന്‍ പാങ്ങാട്ടുപ്പറമ്പില്‍, വാര്‍ഡ് കൗണ്‍സിലര്‍ ഗീത സാബു, നെരലോക് കമ്പനി ഏരിയ മാനേജര്‍ ദിലീപ്, ഡോ. ശ്യാംകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നൂതനമായ സാങ്കേതി വിദ്യകളും ഉയര്‍ന്ന ഗുണനിലവാരമുളള എമല്‍ഷന്‍ പെയിന്‍റും മറ്റും ഉപയോഗിച്ചാണ് ആശുപത്രി മനോഹരമാക്കിയത്. ഇതിനു മുന്‍പ് തൃശൂര്‍ മാനസികാരോഗ്യകേന്ദ്രവും ജില്ലാ ആശുപത്രിയും അസോസ്സിയേഷന്‍റെ നേതൃത്വത്തില്‍ പെയിന്‍റിങ് നടത്തിയിട്ടുണ്ടെന്ന് അസോസ്സിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.