പ്രളയബാധിതര്‍ക്കുവേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള വിഭവസമാഹരണം ഇന്ന് (സെപ്തംബര്‍ 10) മുതല്‍ 15 വരെ തൃശൂര്‍ ജില്ലയില്‍  നടക്കും. എല്ലാവരും ധനസഹായം നല്‍കണമെന്ന് തദ്ദേശസ്വയംഭരണവകുപ്പു മന്ത്രി എ.സി. മൊയ്തീന്‍, കൃഷി വകുപ്പു മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍, പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രിപ്രൊഫ. സി.രവീന്ദ്രനാഥ് എന്നിവര്‍ സംയുക്തമായി അഭ്യര്‍ത്ഥിച്ചു. എം.പിമാര്‍, എം.എല്‍.എമാര്‍,തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ഈ ദിവസങ്ങളില്‍ വിഭവസമാഹരണം നടത്തുക.

സെപ്തംബര്‍ 13, 15 തിയ്യതികളില്‍ തൃശൂര്‍, തലപ്പിള്ളി, കുന്നംകുളം, ചാവക്കാട്, കൊടുങ്ങല്ലൂര്‍, മുകുന്ദപുരം, ചാലക്കുടി താലൂക്കുകളില്‍ മന്ത്രിമാര്‍ നേരിട്ടെത്തി സമാഹരിച്ച തുക ഏറ്റുവാങ്ങും. വിഭവസമാഹരണം ഏറ്റുവാങ്ങുന്ന താലൂക്ക്, സമയം യഥാക്രമം: തൃശൂര്‍ -രാവിലെ 9.30 മുതല്‍ 10.00 . തലപ്പിള്ളി : രാവിലെ 10.30-11.00, കുന്നംകുളം : രാവിലെ 11.45 – ഉച്ചയ്ക്ക് 12.15, ചാവക്കാട് – ഉച്ചയ്ക്ക് 12.45- 1.15, കൊടുങ്ങല്ലൂര്‍ – വൈകീട്ട് 3.00- 3.30, മുകുന്ദപുരം -വൈകീട്ട് 4.00 – 4.30, ചാലക്കുടി – വൈകീട്ട് 5.00 – 5.30.

ജില്ലയിലുണ്ടായ പ്രളയത്തില്‍ വീടും ജീവനും സര്‍വവും നഷ്ടപ്പെട്ടവര്‍ക്ക് പുതിയൊരു ജീവിതവും ജീവനോപാധിയും ഒരുക്കിക്കൊടുക്കേണ്ടത് സര്‍ക്കാരിന്‍റെ ആവശ്യമാണ്. ഇതിനായി പൊതുജനങ്ങളും സന്നദ്ധ സംഘടനകളും സര്‍വകലാശാലകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും സഹായിക്കണമെന്നും മന്ത്രിമാര്‍ അഭ്യര്‍ത്ഥിച്ചു. നവകേരളസൃഷ്ടിക്കായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ഭാവി തലമുറയെ കരുതി എല്ലാവരും സഹകരിക്കണമെന്നും മന്ത്രിമാര്‍ അഭ്യര്‍ത്ഥിച്ചു.