പ്രളയത്തില്‍ തകരുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്ത ജില്ലയിലെ ജലസേചനസംവിധാനങ്ങളുടെ  അടിയന്തിര പുന:സ്ഥാപനത്തിന് മാസ്റ്റര്‍ പ്ലാന്‍. കൃഷിയും കുടിവെളളവിതരണവും പഴയ പോലെ നടക്കണമെന്ന് മന്ത്രിമാരായ പ്രൊഫ. സി. രവീന്ദ്രനാഥ്, അഡ്വ. വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ യോഗത്തില്‍ അറിയിച്ചു. ജില്ലയിലെ എല്ലാ റഗുലേറ്ററുകളും അത്യാധുനിക രീതിയിലുളള സംവിധാനത്തോടെ പ്രവര്‍ത്തിപ്പിക്കാനും തീരുമാനിച്ചു. കോള്‍പ്പാടങ്ങളില്‍ ഉപ്പുവെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ പ്രളയത്തില്‍ തകര്‍ന്ന മുനയം, എനമാവ്, ഇടിയഞ്ചിറ ബണ്ടുകള്‍ അടിയന്തിരമായി അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് പൂര്‍വ്വസ്ഥതിയിലാക്കും. ഇതിനായി 94 ലക്ഷംരൂപയുടെ പദ്ധതിക്ക് എസ്റ്റിമേറ്റ് തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട്. നിര്‍മ്മാണപ്രവര്‍ത്തികള്‍ക്കാവശ്യമായ നടപടിക്രമങ്ങള്‍ ഒക്ടോബര്‍ 15 ന് മുമ്പ് പൂര്‍ത്തിയാക്കാന്‍ മന്ത്രിമാര്‍ നിര്‍ദ്ദേശം നല്‍കി. തകര്‍ന്ന ചീരക്കുഴി ഡാമിന്‍്റെ താല്‍ക്കാലിക പുനര്‍നിര്‍മാണത്തിന് 55 ലക്ഷം രൂപയുടെ പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ട്. പണിതുടങ്ങി രണ്ടാഴ്ച്ചയ്ക്കകം നിര്‍മാണം പൂര്‍ത്തീകരിക്കും. പീച്ചി ജലസേചനപദ്ധതിയുടെ കനാല്‍ നവീകരണം ഉള്‍പ്പടെയുള്ള പുനര്‍നിര്‍മാണത്തിന് 3 കോടിരൂപയുടെ പദ്ധതിയാണുള്ളത്. ഇടതുകനാലിനാണ് കൂടുതല്‍ കേടുപാടുകള്‍ സംഭവിച്ചിരിക്കുന്നതെന്നതിനാല്‍ ഇതിന്‍്റെ പുനര്‍നിര്‍മാണം അടിയന്തരമായി നടത്തണമെന്ന് മന്ത്രിമാര്‍ നിര്‍ദ്ദേശം നല്‍കി. ഒരുകോടി പത്തുലക്ഷം രൂപ ചിലവില്‍ എട്ടുമന ഇല്ലിക്കല്‍ ബണ്ടിന്‍്റെ താല്‍ക്കാലിക പുനര്‍നിര്‍മാണം നടത്തി ജലസേചനയോഗ്യമാക്കും. ഷട്ടറുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ നാളെമുതല്‍ ആരംഭിക്കും. ഇതിനായി ഇരുമന്ത്രിമാരും ഇന്ന് (സെപ്തംബര്‍ 24) ഇല്ലിക്കല്‍ ബണ്ട് സ്ഥലം സന്ദര്‍ശിക്കും. പ്രദേശത്ത് റോഡുനിര്‍മാണം നടത്തണമെന്ന നാട്ടുകാരുടെ ആവശ്യം ന്യായമാണെന്നും ഇതിനാവശ്യമായ നടപടികളുമായി മുന്നോട്ടുപോകാനും മന്ത്രിമാര്‍ നിര്‍ദ്ദേശം നല്‍കി.  ജില്ലയിലെ കനാലുകളുടെ പുനര്‍നിര്‍മാണത്തിന് എസറ്റ്ിറ്റ്േ നല്‍കാന്‍ അതാത് പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കാന്‍ യോഗം തീരുമാനിച്ചു.ജില്ലയിലെ ജലസേചനത്തിനായി ഉപയോഗിക്കുന്ന  82 മോട്ടോറുകള്‍ക്കാണ് പ്രളയത്തില്‍ കേടുപാടു സംഭവിച്ചത്. ഇതുള്‍പ്പടെ ഇറിഗേഷന്‍, വാട്ടര്‍ അതോറിറ്റി, മോട്ടോറുകള്‍ അടിയന്തിരമായി പുനസ്ഥാപിക്കും. എല്ലാ ജലസേചന പദ്ധതികള്‍ക്കും ആവശ്യമായ വൈദ്യുതി ഉറപ്പുവരുത്താന്‍ കെഎസ്ഇബിയെ ചുമതലപ്പെടുത്തി. ജില്ലയിലെ പുഴകളുടെ പ്രളയാനന്തര അവസ്ഥ നേരിട്ടു മനസിലാക്കാന്‍ ഇരുമന്ത്രിമാരുടെയും നേതൃത്വത്തില്‍ തുലാവര്‍ഷത്തിനുമുമ്പ് പുഴ യാത്ര നടത്താനും തീരുമാനിച്ചു. കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ടി വി അനുപമ, ഡെപ്യൂട്ടി കളക്ടര്‍ എം.ബി. ഗിരീഷ്, ഡിസാസ്റ്റര്‍ മാനേജ്മെന്‍്റ് ഡെപ്യൂട്ടി കളക്ടര്‍ ബാബുസേവ്യര്‍, വിവിധ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.