പ്രളയദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രളയാന്തര പുനര്‍നിര്‍മ്മാണത്തിനും പ്രകൃതി പുന:സ്ഥാപനത്തിനും ഊന്നല്‍ നല്‍കി ഒക്ടോബര്‍ 2മുതല്‍ 8 വരെ ഗാന്ധി ജയന്തിവാരാചാരണം സംഘടിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ ടി.വി. അനുപമയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല സമിതി യോഗത്തില്‍ തീരുമാനം. ജില്ലാതല ഉദ്ഘാടനം ചാലക്കുടി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഒക്ടോബര്‍ 2ന് നടക്കും. ജില്ലയിലെ  മന്ത്രിമാരായ ഏ.സി.മൊയ്തീന്‍, അഡ്വ.വി.എസ് സുനില്‍കുമാര്‍, പ്രൊഫ. സി രവീന്ദ്രനാഥ്, തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉദ്ഘാടനത്തില്‍ പങ്കെടുക്കും.

പ്രളയം ബാധിച്ച സ്ഥലങ്ങള്‍, ബസ്സ്റ്റാന്‍റുകള്‍, റെയില്‍വെസ്റ്റേഷനുകള്‍ പൊതു ശുചീകരണം നടത്തും. സ്കൂളുകളില്‍ ബ്ലൂ ആര്‍മിയും ഇതിനായി പ്രവര്‍ത്തിക്കും. മറ്റിടങ്ങളില്‍ തദ്ദേശസ്വയംഭരമസ്ഥാപനങ്ങളും വിവിധ വകുപ്പുകളും ആക്റ്റ്സും രസിഡന്‍സ് അസോസിയോഷനുകളും സന്നദ്ധസംഘടനകളും ചേര്‍ന്നാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ആരോഗ്യവകുപ്പ് പൊതു ആരോഗ്യം മുന്‍നിര്‍ത്തി പ്രളയം ബാധിച്ച ചാലക്കുടി, മാള, കുണ്ടൂര്‍ തുടങ്ങിയ ഭാഗങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ശുചിത്വമിഷന്‍ ഇ വേസ്റ്റ് കൊണ്ടുപോകുവാനുളള പദ്ധതി ആവിഷ്ക്കരിക്കും. ലൈബ്രറി കൗണ്‍സില്‍ പഞ്ചായത്തുതലത്തില്‍ പുസ്തകങ്ങള്‍ സമാഹരിച്ച് ഈ ദിവസങ്ങളില്‍ പ്രളയത്തില്‍ പുസ്തകങ്ങള്‍ നഷ്ടപ്പെട്ട ലൈബ്രറികള്‍ക്ക് പുസ്തകങ്ങള്‍ നല്‍കും. ലൈബ്രറികള്‍ക്ക് നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കില്‍ പുനര്‍ നിര്‍മ്മിയ്ക്കുകയും ചെയ്യും. ഗാന്ധിയന്‍ സംഘടനകള്‍ ഒക്ടോബര്‍ 2ന് തേക്കിന്‍കാട് മണികണ്ഠനാല്‍ പരിസരത്ത് ഗാന്ധിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും, 490 സ്കൂളുകളില്‍ അഹിംസാദിന സന്ദേശം പ്രചരിപ്പിക്കുന്ന സെമിനാറും വിദ്യാര്‍ത്ഥി സംഗമവുംസംഘടിപ്പിക്കും. എക്സൈസ് വകുപ്പ് ലഹരി വിരുദ്ധ പരിപാടികള്‍ സംഘടിപ്പിക്കുക. നെഹ്രു യുവകേന്ദ്ര കോളനികള്‍ ശുചീകരിക്കും. സാക്ഷരതമിഷന്‍ പ്രളയാന്തരകേരളത്തെ സംബന്ധിച്ച കണക്കെടുപ്പു നടത്തും. കൃഷി വകുപ്പ് കൃഷിയിടങ്ങള്‍ ശുചീകരിക്കും.

എല്ലാ ബ്ലോക്കുകളിലും പരിപാടി സംഘടിപ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് നിര്‍ദ്ദേശിച്ചു. പ്രകൃതി പുന:സ്ഥാന പ്രവര്‍ത്തനങ്ങള്‍, പുഴനടത്തം, നദീതടങ്ങളില്‍ മുള തുടങ്ങിയ സസ്യങ്ങല്‍ വച്ചുപിടിപ്പിക്കല്‍, നദീതീരം തിരിച്ചു പിടിക്കല്‍, ശുചീകരണം , ആരോഗ്യ ക്യമ്പ്, കൗണ്‍സിലിങ്ങ്, ദുരന്തം സംബന്ധിച്ച മുന്നറിയിപ്പുകളുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണം, ഫ്ളഡ് മാപ്പിംഗ് തുടങ്ങി വിവിധ പരിപാടികളാണ് ജില്ലയില്‍ സംഘടിപ്പിക്കുന്നത്. കളക്ട്രേറ്റില്‍ നടന്ന യോഗത്തില്‍ കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം.എല്‍ റോസി, ഫാ.ഡേവിസ് ചിറമ്മല്‍, പഞ്ചായത്ത് ഡെപ്യൂട്ട് ഡയറക്ടര്‍ ജെയിംസ് പി.ജെ, എഡിസി ജനറല്‍ അയന പി.എന്‍, കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.വി.ജ്യോതിഷ്കുമാര്‍, സര്‍വ്വോദയമണ്ഡലം ചെയര്‍മാന്‍ എം.കെ. കുഞ്ഞുണ്ണി നമ്പിടി, ഗാന്ധി പീസ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ വി.എസ്. ഗിരീശന്‍, ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എന്‍ ഹരി തുടങ്ങിയവര്‍ പങ്കെടുത്തു.  ഗാന്ധിജയന്തി വാരാചരണത്തിന്‍റെ ജില്ലാതല നടത്തിപ്പിന് ജില്ലാ കളക്ടര്‍ ടി.വി. അനുപമ ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് രക്ഷാധികാരിയായും സമിതി രൂപീകരിച്ചു.