പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാതല പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി സെപ്തംബർ 27 ന് തിരുവനന്തപുരം സീമാറ്റിൽ ചേർന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ബഹു: പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്.
പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിൽ അഭൂതപൂർവമായ മുന്നേറ്റമാണ് നമ്മുടെ നാട് കൈവരിച്ചത്. മത്സ്യ തൊഴിലാളികൾ നടത്തിയ രക്ഷാപ്രവർത്തനം നമ്മ beളെല്ലാം മനസ്സിലാക്കിയതാണ്. അവരിൽ മിക്കവരും നമ്മുടെ വിദ്യാലയങ്ങളിലെ കുട്ടികളുടെ രക്ഷിതാക്കൾ കൂടിയാണ്. സമാനമായ ഇടപെടലുകൾ നടത്തിയ ധാരാളം അധ്യാപകരും കുട്ടികളുമുണ്ട്. ഒരു അധ്യാപകൻ നീന്താനറിയാതെ പ്രളയം ബാധിച്ച വീടിനു മുകളിൽ എത് നിമിഷവും ജീവൻ പൊലിഞ്ഞു പോയേക്കുമെന്ന് കരുതി ഭയന്നു കഴിഞ്ഞയാളെ തോളിലേറ്റി രക്ഷപ്പെടുത്തിയ അനുഭവം എന്നോട് പറഞ്ഞിട്ടുണ്ട്. ഇത്തരം ധാരാളം അനുഭവങ്ങൾ നിങ്ങൾക്ക് ഒരോരുത്തർക്കും പറയാനുണ്ടാവും. രക്ഷപ്പെട്ട് കരയിലെത്തിയ മനുഷ്യന്റെ വികാരമെന്തെന്നും സന്തോഷം എത്രയെന്നും പറഞ്ഞറിയിക്കാനാവില്ല. ഇങ്ങനെ മരണം ഉറപ്പായ ജീവനെ രക്ഷിക്കാൻ ഒരു കൈ വരുന്നു. സ്വന്തം ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരെ അഭിനന്ദിക്കുന്നു.
രണ്ടാം ഘട്ടത്തിൽ പുനരധിവാസ പ്രവർത്തനങ്ങളിൽ നമ്മൾ സജീവമായി. വേദനയനുഭവിക്കുന്ന മനസ്സുകൾക്ക് നൽകാവുന്ന പിന്തുണയെല്ലാം നൽകാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. വീട് നഷ്ടപ്പെട്ടവർക്ക് താൽക്കാലിക വീടായി സ്കൂളുകൾ മാറി. പുനരധിവാസ പ്രവർത്തനങ്ങളിൽ പൊതുവിദ്യാഭ്യാസ വകുപ്പും അതിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരും നടത്തിയ ഇടപെടലുകൾ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ഇന്നലെ എന്റെ ഓഫീസിൽ എത്തിയ യുനിസെഫിന്റെ വിദ്യാഭ്യാസ വിഭാഗം ഹെഡ് പറഞ്ഞത് മറ്റെവിടെയും കാണാത്ത കാഴ്ചകൾ ഇവിടെ കാണാനായി എന്നാണ്. ഈ മാതൃക മറ്റിടങ്ങളിലേക്ക് അനുയോജ്യമാംവിധം പകർത്താൻ ശ്രമിക്കും. സാധാരണ നിലയിൽ കൊഴിഞ്ഞുപോക്ക്, ബാലവേല, ദാരിദ്ര്യം, ബാലവിവാഹം മുതലായവ ദുരിതാനന്തരം സർവസാധാരണമാണ്. എന്നാൽ ഇവിടെ അവയെല്ലാം കൃത്യമായി മാനേജ് ചെയ്തിട്ടുണ്ട്. യുനിസെഫ് പറഞ്ഞ ഇക്കാര്യം പൂർണമായും ശരിയാണ് എന്ന് ഉറപ്പാക്കണം. മുഴുവൻ കുട്ടികളും സ്കൂളിൽ എത്തുന്നുണ്ടെന്ന് മുഴുവൻ വിദ്യാഭ്യാസ ഓഫീസർമാരും ഇത് പരിശോധിക്കണം.
ഓഫീസിൽ ഇരുന്ന് പുനർനിർമാണ പ്രവർത്തനം നടത്താനാവില്ല. പ്രളയബാധിത സ്കൂളുകൾ സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തുകയും ആവശ്യമായ പിന്തുണ ഉറപ്പാക്കുകയും ചെയ്യണം. ലാബ്, ലൈബ്രറി എന്നിവ ജനകീയ പങ്കാളിത്തത്തോടെ പുനർനിർമിക്കണം. കെട്ടിടം, മതിൽ, അടുക്കള, ഭക്ഷണം കഴിക്കുന്ന സ്ഥലം, കൈകഴുകുന്ന സ്ഥലം, ശുചിമുറി എന്നിവക്ക് സംഭവിച്ച കേടുപാടുകൾ നിർണയിക്കണം. അവ ജനകീയമായി പുനർനിർമിക്കേണ്ടത് എങ്ങനെയെന്ന് ആസൂത്രണം ചെയ്യണം. സർക്കാർ ഇക്കാര്യത്തിൽ ചെയ്യാവുന്നതെല്ലാം ചെയ്യാൻ ശ്രമിക്കും.
കലാകായികോത്സവത്തിന്റെ നടത്തിപ്പ് ശ്രദ്ധാപൂർവമാവണം. അതിലൂടെ അധ്യയന ദിനങ്ങൾ കൂട്ടാൻ കഴിയണം. കുട്ടിയുടെ സർഗാത്മക പ്രകടനത്തിന് ഒരു കുറവും ഉണ്ടാവരുത്. ആഢംബരം പരമാവധി കുറച്ചും ആർഭാടം ഒഴിവാക്കിയും സ്റ്റേജുകളുടെ എണ്ണം കൂട്ടിയും പരിപാടികൾ ക്രമീകരിക്കണം. ഇതിലൂടെ ബാക്കിവയ്ക്കുന്ന തുക ഉപയോഗിച്ച് പ്രളയത്തിൽ നഷ്ടപ്പെട്ട കമ്പ്യൂട്ടറുകൾക്ക് പകരം പുതിയ കമ്പ്യൂട്ടർ നൽകും.
പരിസ്ഥിതി സന്തുലനം ഉറപ്പാക്കലാണ് പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള ശരിയായ മാർഗം. അതിനുള്ള വഴികളിൽ ഒന്നാണ് ജൈവ വൈവിധ്യോദ്യാനം. എല്ലാ വിദ്യാലയങ്ങളിലും 33% പച്ചപ്പോടെ ജൈവവൈവിധ്യോദ്യാനം ഉറപ്പാക്കണം. വലിയ മരങ്ങൾ, ചെറു മരങ്ങൾ, തീരെ ചെറിയ ചെടികൾ എന്നിവ ഈ ഉദ്യാനത്തിലുണ്ടാകണം. പരമാവധി വൈവിധ്യം ഉറപ്പാക്കണം. വിവിധ തരം വേരുകൾ ഭൂമിക്കടിയിൽ സൃഷ്ടിക്കുന്ന ചെറിയ കണ്ടങ്ങളിൽ ശേഖരിക്കുന്ന വെള്ളം സമ്മർദ്ദമില്ലാതെ മണ്ണിനടിയിലെ ജലവിതരണം ഉറപ്പാക്കും. അതുവഴി ഉരുൾപൊട്ടലും മണ്ണിടിച്ചിലും തടയപ്പെടും. ഇക്കാര്യങ്ങൾ മനസിലാക്കി ക്യാമ്പസ് തന്നെ പാഠപുസ്തകമായി മാറുന്ന അവസ്ഥ സൃഷ്ടിക്കണം.
കെ.മോഹൻകുമാർ ഐഎഎസ് അധ്യക്ഷനായിരുന്നു. ഷാജഹാൻ ഐ എ എസ്, ഡോ. ജെ. പ്രസാദ്, ഡോ. എ. പി. കുട്ടികൃഷ്ണൻ, ഡോ. ലാൽ, ഡോ. സി. രാമകൃഷ്ണൻ, ഡോ. രതീഷ് കാളിയാടൻ, ഡോ. പി.പി.പ്രകാശൻ, ഡോ.പി.കെ.ജയരാജ് എന്നിവർ സംസാരിച്ചു.