പൊതു പുനര്‍നിര്‍മ്മിതി പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വിദ്യാഭ്യാസ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും വിദ്യാഭ്യാസ വകുപ്പും ഉദ്യോഗസ്ഥരും പങ്കാളികളാവണമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മേഖലാ അവലോകനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷൊര്‍ണ്ണൂര്‍ സെന്‍റ് തെരേസാസ് ഹയര്‍സെക്കണ്ടറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ പുനര്‍നിര്‍മ്മിതിയില്‍ ഡി.ഡി.ഇ, ഡി.ഇ.ഒ, ഡയറ്റ് പ്രിന്‍സിപ്പല്‍മാര്‍, ഡി.പി.ഒ തുടങ്ങിയ വിദ്യാഭ്യാസ ഭരണാധികാരികളാണ് ആദ്യം മുന്നോട്ട് വരേണ്ടത്. ഭരണപരമായി ചെയ്യാനാവുന്നതെല്ലാം ചെയ്യണം. ഓരോ ജില്ലയ്ക്കും അക്കാദമിക പുനര്‍ നിര്‍മ്മാണ മാസ്റ്റര്‍ പ്ലാനും, പശ്ചാത്തല വികസന മാസ്റ്റര്‍ പ്ലാനും പ്രത്യേകം രൂപകല്‍പന ചെയ്യണം. സാമ്പത്തിക ചെലവ് സംബന്ധിച്ച ആസൂത്രണം മുന്‍കൂട്ടി നടത്തണം. മന്ത്രി പറഞ്ഞു. പ്രളയബാധിത സ്കൂളകളില്‍ എ.ഇ.ഒ, ഡി.ഇ.ഒ, ഡി.ഡി.ഇ തുടങ്ങിയ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും സന്ദര്‍ശനം നടത്തണമെന്നും. മാസ്റ്റര്‍പ്ലാന്‍ സംബന്ധിച്ച വിലയിരുത്തലുകള്‍ക്കായി സ്കൂള്‍ സന്ദര്‍ശനങ്ങള്‍ അനിവാര്യമാണെന്നും മന്ത്രി പ്രൊഫ. രവീന്ദ്രനാഥ് പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളില്‍ ജില്ലാതല മാസ്റ്റര്‍പ്ലാനിന് രൂപം നല്‍കണമെന്നും അദ്ദേഹം അറിയിച്ചു. പ്രളയക്കെടുതിയുണ്ടായിട്ടും സ്കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കൊഴിഞ്ഞു പോയിട്ടില്ലെന്നാണ് കേരളം സന്ദര്‍ശിച്ച യൂണിസെഫ് പ്രതിനിധിയുടെ കണ്ടെത്തല്‍. പൊതുവിദ്യാഭ്യാസ സംരക്ഷണ യ്ജ്ഞത്തിന്‍റെ ഭാഗമായി കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ കൈവരിച്ച  നേട്ടങ്ങള്‍ വിദ്യാര്‍ത്ഥികളെ വിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കുന്നു. സ്കൂളില്‍ പോകണമെന്ന തോന്നലാണ് കേരളത്തിലെ ഓരോ വിദ്യാര്‍ത്ഥിയെയും നയിക്കുന്നത്. അതുകൊണ്ടാണ് മറ്റ് രാജ്യങ്ങളില്‍ പതിവുള്ളതുപോലെ പ്രളയാനന്തര കൊഴിഞ്ഞുപോക്ക് കേരളത്തിലെ വിദ്യാലയങ്ങളില്‍ സംഭവിക്കാതിരുന്നത്. കേരളത്തിലെ വിദ്യാഭ്യാസ സംവിധാനം അനന്യമാണെന്ന് ലോകത്തെ കൊണ്ടു പറയിക്കാന്‍ ഇനിയും കഴിയണം മന്ത്രി വ്യക്തമാക്കി.  ഡി.പി.ഐ. പ്രതിനിധി എ അബൂബക്കര്‍, ഹയര്‍സെക്കണ്ടറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ശൈലറാം, ഹൈസ്കൂള്‍ പ്രതിനിധി നാരായണനുണ്ണി, വി.എച്ച്.എസ്.ഇ എ.ഡി ഉബൈദുള്ള എന്നിവര്‍ സംസാരിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.ജയപ്രകാശ് സ്വഗതം പറഞ്ഞു.