ജില്ലയിലെ മന്ത്രിമാരായ ഏ.സി.മൊയ്തീന്‍, പ്രൊഫ. സി.രവീന്ദ്രനാഥ്, അഡ്വ.വി.എസ്.സുനില്‍കുമാര്‍, ബി.ഡി.ദേവസി.എം.എല്‍.എ, ജില്ലാ കളക്ടര്‍ ടി.വി. അനുപമ സ്വന്തം പുസ്തകങ്ങള്‍ കൈവശം കൊണ്ടുവന്ന് ലൈബ്രറികള്‍ക്കു കൈമാറി. ഗാന്ധി ജയന്തി വാരാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം നടന്ന ചാലക്കുടി ടൗണ്‍ ഹാളിലാണ് കൈമാറ്റം നടന്നത്. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എന്‍. ഹരി പുസ്തകങ്ങള്‍ മന്ത്രിമാരില്‍ നിന്ന് ഏറ്റുവാങ്ങി. ദസ്തോവസ്കി, വൈക്കം മുഹമ്മദ് ബഷീര്‍, എം.ടി.തുടങ്ങിയ പ്രഗല്‍ഭരുടെ പുസ്തകങ്ങള്‍ക്കൊപ്പം പുതിയ എഴുത്തുകാരുടെ പുസ്തകങ്ങളുമാണ് ഇവര്‍ നല്‍കിയത്. പ്രളയത്തെ തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലെ വായനശാലകള്‍ക്ക് പുസ്തകങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ആ നഷ്ടം നികത്താന്‍ വേണ്ടിയാണ് മന്ത്രിമാര്‍ ഇത്തരത്തില്‍ സ്വന്തം പുസ്തകങ്ങള്‍ നല്‍കിയത്.

സാഹിത്യ അക്കാദമി, ഗ്രീന്‍ ബുക്സ് തുടങ്ങിയ പ്രസാധകര്‍ നല്‍കിയ പുസ്തകങ്ങളും ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഏറ്റുവാങ്ങി. ഈ പുസ്തകങ്ങള്‍ ലൈബ്രറികള്‍ക്ക് കൈമാറുകയും ചെയ്തു.