അടുത്ത വര്‍ഷം ജൂണ്‍ ഒന്നിന് തന്നെ പ്രവേശനോത്സവം നടത്താനാകുന്ന തരത്തില്‍ സ്‌കൂളുകളുടെ പുനര്‍നിര്‍മാണമാണ് ലക്ഷ്യമിടുന്നതെന്ന് പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. 141 സ്‌കൂളുകളാണ് പൂര്‍ണമായും തകര്‍ച്ച നേരിട്ട ലിസ്റ്റിലുള്ളത്. നവമ്പര്‍ 30 നകം മുഴുവന്‍ സ്‌കൂളുകളും അക്കാദമിക് മാസ്റ്റര്‍ പ്ലാനും ആക്ഷന്‍ പ്ലാനും തയ്യാറാക്കി സമര്‍പ്പിക്കണം. മൂന്ന് കൊല്ലത്തിനിടയില്‍ എല്ലാ മണ്ഡലങ്ങളിലും വിദ്യാര്‍ത്ഥികള്‍ക്ക് നീന്തല്‍ പഠനത്തിന് സൗകര്യം ഒരുക്കി സ്വിമ്മിംഗ് പൂളുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാതല പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി നടക്കാവ് ഗവ. ഗേള്‍സ് വി.എച്ച്.എസ്.എസില്‍ നടന്ന വിദ്യാഭ്യാസ വകുപ്പ് മേഖലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

വിദ്യാലയ പുനര്‍ നിര്‍മാണത്തിന് ജില്ല തിരിച്ച് മാസ്റ്റര്‍ പ്ലാന്‍ വേണം. അതിന് വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കണം. നിരവധി സ്‌കൂള്‍ കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തണം. സാമ്പത്തിക പിന്തുണ മാത്രമല്ല മാനസിക പിന്തുണ കൂടി ലഭിക്കുമെന്നത് പുനര്‍നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സഹായകമാകും. പുനര്‍നിര്‍മാണം ജനകീയമാകണമെന്നാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുള്ളത്. എല്ലാവിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉണ്ടാകുമ്പോള്‍ ഭൗതിക സാഹചര്യങ്ങള്‍ക്കൊപ്പം മാനസികമായ പുനര്‍നിര്‍മാണവും സാധ്യമാകും എന്ന വലിയ ലക്ഷ്യമാണ് നേടാനാകുക.

ഡിസംബറോടെ അക്കാദമിക് പരിപാടികള്‍ പൂര്‍ത്തിയാക്കി പഠന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കണം. സമഗ്ര പദ്ധതി കൃത്യമായി നടപ്പാക്കപ്പെടുന്നു എന്ന് ഉറപ്പാക്കണം. പ്രളയത്തിലും പുനരധിവാസത്തിലും വിദ്യാര്‍ത്ഥികളും അധ്യാപകരും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരു പോലെ പങ്കാളികളായിട്ടുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ പുനരധിവാസത്തിന് നേട്ടമായിട്ടുണ്ട്. ഇനി പുനര്‍നിര്‍മാണത്തിലും വിദ്യാഭ്യാസ വകുപ്പ് പങ്കാളികളാകണം. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രോതാക്കള്‍ മാത്രമാകാതെ വക്താക്കളും പ്രയോക്താക്കളുമാകണമെന്ന് മന്ത്രി പറഞ്ഞു.

പ്രളയത്തില്‍ തകര്‍ന്ന സ്‌കൂള്‍ മതിലുകളും ലാബുകളും കമ്പ്യൂട്ടര്‍ ലാബുകളും നിരവധിയുണ്ട്. ജില്ലാ-ഗ്രാമ പഞ്ചായത്തുകളുടെ ഫണ്ട് ഉപയോഗിച്ച് സ്‌കൂള്‍ കെട്ടിടങ്ങളുടെ ചെറിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും. ഒപ്പം സഹകരണ ബാങ്കുകളുടെ സഹായവും തേടാം. സ്‌കൂള്‍ പുനര്‍നിര്‍മാണത്തിന് സ്‌പോണ്‍സര്‍മാരെ കണ്ടെത്താനും ശ്രമിക്കണം. അത്തരം ശ്രമങ്ങള്‍ പ്രാവര്‍ത്തികമാകാത്ത സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ സഹായം നല്‍കും. തകര്‍ന്ന സ്‌കൂള്‍ മതിലുകള്‍ക്ക് പകരം ജൈവ വേലി നിര്‍മിക്കണം. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതിനായി ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാം. ക്യാമ്പസ് തന്നെ പാഠപുസ്തകം എന്ന സന്ദേശവുമായി സ്‌കൂളുകളില്‍ ജൈവവൈവിധ്യോദ്യാനങ്ങള്‍ നിര്‍മിക്കണം. വന്‍ മരങ്ങളും കുറ്റിച്ചെടികളും ഉള്‍പ്പെടെ 33 ശതമാനം ഹരിതാവരണമുള്ളതാകണം ഉദ്യാനങ്ങള്‍.

ലാബുകളുടെ പുനരുദ്ധാരണത്തിന് സമീപത്തെ കോളേജുകളിലെ വിദഗ്ധരുടെ സഹായം തേടണം. എം.പി, എം.എല്‍.എ ഫണ്ടും ഉപയോഗപ്പെടുത്തണം.  എച്ച്.എസ്.എസ് ലാബുകളില്‍ 35 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക് ലഭ്യമായിട്ടുള്ളത്. വെള്ളം കയറി ഉപയോഗ ശൂന്യമായ കമ്പ്യൂട്ടറുകള്‍ നന്നാക്കുന്ന കാര്യം അതത് കമ്പനികള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും തകര്‍ന്ന കമ്പ്യൂട്ടറുകള്‍ക്ക് പകരം പുതിയവ ഒരു മാസത്തിനുള്ളില്‍ എല്ലാ സ്‌കൂളുകള്‍ക്കും വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. പ്രളയത്തില്‍ പെട്ടുപോയ വിദ്യാര്‍ത്ഥികളുടെ മാനസിക പുനര്‍നിര്‍മാണം ഉറപ്പാക്കേണ്ടതുണ്ട്. സര്‍ഗശേഷി പ്രകടനത്തിനുള്ള വേദി എന്ന നിലയില്‍ കലോത്സങ്ങളും ശാസ്‌ത്രോത്സവങ്ങളും നടത്തും. എന്നാല്‍ വിദ്യാ ര്‍ത്ഥികളുടെ ചമയങ്ങള്‍ ഒഴിച്ച് സ്റ്റേജ് ഉള്‍പ്പെടെ അലങ്കാരങ്ങളും ആര്‍ഭാടവും ഒഴിവാക്കി പരമാവധി ചെലവ് ചുരുക്കിയായിരിക്കും ഇത്തവണ കലോത്സവം നടത്തുക.

എ പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ സി രാമകൃഷ്ണന്‍, വിദ്യാഭ്യാസ വിദഗ്ധന്‍ രതീഷ് കാളിയാടന്‍, ഡി.ഡി.ഇ ഇ.കെ സുരേഷ് കുമാര്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ അജിത് ഡി, സമഗ്രശിക്ഷാ പ്രൊജക്ട് ഓഫീസര്‍ എം ജയകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഡോ.പി.കെ ഷാജിയുടെ പാഠം എന്ന കവിത അധ്യാപകന്‍ സുനില്‍ തിരുവങ്ങൂര്‍ ചടങ്ങില്‍ ആലപിച്ചു. അധ്യാപകനായ വിനീഷ് വരച്ച മന്ത്രിയുടെ കാരിക്കേച്ചര്‍ ചടങ്ങില്‍ മന്ത്രിക്ക് കൈമാറി.  കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുത്തത്. സെറിബ്രല്‍ പാഴ്‌സി ബാധിച്ച, നടക്കാവ് ഗവ ഗേള്‍സ് എച്ച്.എസ്.എസ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആര്യ രാജിവ് പരീക്ഷ എഴുതുന്നതിനായി കൂടുതല്‍ സമയം അനുവദിക്കണമെന്ന് കാണിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥിന് നിവേദനം നല്‍കി.