പുസ്തകം വില്‍ക്കാന്‍ മഹിളാപ്രധാന്‍ ഏജന്‍റുമാര്‍ക്കൊപ്പം വിദ്യാഭ്യാസമന്ത്രിയും

പ്രളയദുരന്തത്തില്‍ പെട്ടവരെ സഹായിക്കാനായി ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ സാഹിത്യ അക്കാദമി പുറത്തിറക്കിയ ‘പ്രളയാക്ഷരങ്ങള്‍’ എന്ന പുസ്തകം വിറ്റ് ജില്ലയില്‍ വീടുകള്‍ നിര്‍മ്മിക്കുമെന്ന് പ്രൊഫ. സി. രവീന്ദ്രനാഥ്. പുതുക്കാട് മണ്ഡലത്തില്‍ മഹിളാപ്രധാന്‍ ഏജന്‍റുമാരുടെ നേതൃത്വത്തില്‍ വീടുകള്‍ തോറും നടത്തിയ പുസ്തക വില്പന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പുസ്തകവുമായി വീടുകളിലെത്തുമ്പോള്‍ നവകേരളം സൃഷ്ടിക്കുന്നതിനുള്ള തയ്യാറെടുപ്പായി വേണം വാങ്ങുന്നവര്‍ കരുതാന്‍. ജില്ലയില്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ഒരു ലക്ഷം കോപ്പി പുസ്തകങ്ങള്‍ വിറ്റാല്‍ ലഭിക്കുന്ന പണം കൊണ്ട് അഞ്ച് വീടുകള്‍ നിര്‍മ്മിക്കാനാകുമെന്നത് വലിയൊരു കാര്യമായി ഓരോരുത്തരും കരുതിയാല്‍ ജനകീയ കൂട്ടായ്മയിലുള്ള ഒരു പുനര്‍സൃഷ്ടിയായും നമുക്കിതിനെ കാണാന്‍ കഴിയും.- മന്ത്രി പറഞ്ഞു.  മഹിള പ്രധാന്‍ ഏജന്‍റുമാരിലൂടെ നടക്കുന്ന പ്രവര്‍ത്തനം സമൂഹത്തിന് മാതൃകയാണെന്നും മന്ത്രി സി.രവീന്ദ്രനാഥ് കൂട്ടിച്ചേര്‍ത്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമന്‍ അധ്യക്ഷത വഹിച്ചു.

പുതുക്കാട് ഗ്രാമപഞ്ചായത്തിലെ കണ്ണമ്പത്തൂരിലാണ് ദേശീയ സമ്പാദ്യ പദ്ധതിയിലെ മഹിളാ പ്രധാന്‍ ഏജന്‍റുമാര്‍ ‘പ്രളയാക്ഷരങ്ങളു’മായി ഗൃഹസന്ദര്‍ശനം നടത്തിയത്. 200 രൂപ വിലയുള്ള പുസ്തകത്തിന്‍റെ ഒരു ലക്ഷം കോപ്പിവിറ്റ് ജില്ലയില്‍ നിന്ന് 20 ലക്ഷം രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. സമാഹരിച്ച തുക ജില്ലാ ഭരണകൂടത്തിന് കൈമാറും. ഐനിക്കല്‍ ജോയിയുടെ വീട്ടിലായിരുന്നു വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥിന്‍റെ നേതൃത്വത്തില്‍ ആദ്യമായി പുസ്തക വില്പന. തുടര്‍ന്ന് ഒല്ലൂക്കാരന്‍ ആന്‍റു, തൃക്കൂക്കാരന്‍ മെജോസ്, ഷാജു കാളിയേങ്കര, തെക്കുംപുറം പൊറിഞ്ചു ഔസേപ്പ് തുടങ്ങിയവരുടെ വീട്ടിലും മന്ത്രി എത്തി പുസ്തകങ്ങള്‍ വിറ്റു.

പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി ശിവരാജന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ജെ. ഡിക്സന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷാജു കാളിയേങ്കര,  സതി സുധീര്‍, ഡെപ്യൂട്ടി കളക്ടര്‍ എം.ബി. ഗിരീഷ്, ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഓഫീസര്‍ പി.വി. ബിജു, അസിസ്റ്റന്‍റ് ഡയറക്ടര്‍ പി. അനില്‍കുമാര്‍, ബി.ഡി.ഒ. യു.ജി. സരസ്വതി, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എം.എസ്. സന്തോഷ് കുമാര്‍, മഹിളാപ്രധാന്‍ ഏജന്‍റുമാരുടെ സംഘടന പ്രതിനിധികളായ സീതാ ചന്ദ്രന്‍, എ.കെ. ചന്ദ്രിക, ഇ.കെ. രതി, എ.കെ. ജയശ്രീ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.