തെറ്റായ ധാരണകളും ആചാരങ്ങളും നവോത്ഥാന പ്രക്രിയയിലൂടെ തിരുത്തിയാണ് നാട് പുരോഗതി നേടിയതെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. ലോകത്തെല്ലായിടത്തും ഇങ്ങനെയാണ് വളർച്ചയുണ്ടായത്. വിവേകാനന്ദൻ വിശേഷിപ്പിച്ച ഭ്രാന്താലയത്തിൽ നിന്ന് മതനിരപേക്ഷ സംസ്ഥാനമായി കേരളത്തെ രൂപപ്പെടുത്തിയത് നവോത്ഥാന നായകരുടെ നേതൃത്വത്തിൽ നടന്ന നവോത്ഥാന പ്രവർത്തനങ്ങളും സമരങ്ങളുമാണെന്ന് മന്ത്രി പറഞ്ഞു. നവോത്ഥാനം, ഭരണഘടന, കുട്ടികളുടെ അവകാശം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോൾ ഭരണഘടനയുടെ മൂല്യങ്ങളും നവോത്ഥാന പ്രവർത്തനങ്ങളും ഉൾക്കൊള്ളിക്കും. എല്ലാവരെയും ഒരുപോലെ കാണുന്ന, അവശരുടെ വിഷമങ്ങൾ മനസിലാക്കുന്ന, രാഷ്ട്രത്തെ സ്‌നേഹിക്കുന്ന ഒരു തലമുറ ഇവിടെ വളർന്നു വരുന്നതിന് പുതിയ പാഠ്യപദ്ധതി സഹായിക്കും. ലോകം ഇന്ത്യയെ ആദരിക്കുന്നത് ഇവിടത്തെ മതനിരപേക്ഷത കൊണ്ടാണ്. ലോകവേദികളിൽ ഇന്ത്യയെ എല്ലാവരും ശ്രവിക്കുന്നതും ഇൗ സംസ്‌കാരം കൊണ്ടാണ്. ലോകത്തിന് മാതൃകയാവുന്ന സമൂഹത്തെ സൃഷ്ടിക്കുന്നതിന് കുട്ടികൾ ഭരണഘടനയെ അറിയണം. ഭരണഘടനയുടെ ആമുഖത്തിലെ പരമാധികാര മതേതര ജനാധിപത്യ റിപബ്‌ളിക്ക് എന്ന ആശയം എങ്ങനെയുണ്ടായി എന്ന് മനസിലാക്കണം. ഈ ആശയങ്ങൾ ഇപ്പോൾ എങ്ങനെ നിൽക്കുന്നുവെന്നും വിശകലനം ചെയ്യണം. ഒരു ജനത സ്വാതന്ത്ര്യത്തിനായി നിരന്തരം സമരം ചെയ്യുകയും അതിനായുണ്ടായ രാഷ്ട്രീയ സാമൂഹ്യ ചലനങ്ങളുടെയും ഫലമായാണ് ഈ ആശയങ്ങൾ ഭരണഘടനയിൽ പ്രതിഫലിക്കുന്നത്.
മനസിന്റെ നവീകരണമാണ് നവോത്ഥാനം. പ്രാകൃതമായ സതി നിറുത്തലാക്കിയ ഉത്തരവ് സ്ത്രീ സമത്വത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും വലിയ സന്ദേശമാണ് നൽകിയത്. ഭർത്താവിന്റെ ചിതയിൽ സ്ത്രീ എരിഞ്ഞടങ്ങണം എന്ന ദുരാചാരമാണ് ഇതോടെ അവസാനിച്ചത്. അതോടെ മനസ് വികസിച്ച് മാനവികതയുടെയും സ്ത്രീ സമത്വത്തിന്റേയും തലത്തിലേക്ക് വന്നു. സ്ത്രീ സമത്വം, സ്വാതന്ത്ര്യം, കുട്ടികളുടെ അവകാശ സംരക്ഷണം എന്നിവയിലൂടെ മാത്രമേ കേരളത്തിന് പുരോഗതി കൈവരിക്കാനാവൂ. അറിവു നേടി, തെറ്റുകൾ തിരുത്തിയാണ് കേരളം വളർന്നതെന്ന് മന്ത്രി പറഞ്ഞു. പരിപാടിയുടെ ഭാഗമായി സ്‌കൂളിൽ ഒരുക്കിയ നവോത്ഥാനം, ഭരണഘടന, കുട്ടികളുടെ അവകാശം എന്നിവയെക്കുറിച്ചുള്ള പ്രദർശനം മന്ത്രി ഉദ്ഘാടനം ചെയ്തു. ഭരണഘടനയുടെ ആമുഖത്തോടെയുള്ള കലണ്ടർ അദ്ദേഹം പ്രകാശനം ചെയ്തു.
നവോത്ഥാന നായകരുടെ പ്രവർത്തനങ്ങളിലൂടെയാണ് കേരളം പുരോഗതിയുള്ള സമൂഹമായി മാറിയതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വി. എസ്. ശിവകുമാർ എം. എൽ. എ പറഞ്ഞു. സമൂഹത്തെ പിന്നോട്ട് നടത്താനുള്ള ശ്രമം തടയണമെന്ന് മേയർ വി.കെ. പ്രശാന്ത് അഭിപ്രായപ്പെട്ടു. ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ ഭരണഘടനയിലേക്ക് ഒരു കിളിവാതിൽ എന്ന പുസ്തകം മേയർ പ്രകാശനം ചെയ്തു. കടന്നുവന്ന പുരോഗതിയുടെ പാത വിസ്മരിച്ച് 50 വർഷം പിന്നോട്ട് പോകാനാവില്ലെന്നും ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പേരിൽ ചിലർ മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെടുകയാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. കെ. മധു പറഞ്ഞു. ആത്മവിശ്വാസത്തോടെ നാളേയിലേക്കാണ് ചുവടു വയ്‌ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ പുസ്തകം അദ്ദേഹം പ്രകാശനം ചെയ്തു.
പൊതുവിദ്യാഭ്യാസ ഡയറക്ടറും സെക്രട്ടറി ഇൻചാർജുമായ കെ. വി. മോഹൻകുമാർ സ്വാഗതം പറഞ്ഞു. നവകേരളം കർമപദ്ധതി കോഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ സുഭാഷ് ടി. വി, ഹയർസെക്കൻഡറി ഡയറക്ടർ പി. കെ. സുധീർബാബു, വൊക്കേഷണൽ ഹയർസെക്കൻഡറി ഡയറക്ടർ പ്രൊഫ. എ. ഫറൂഖ്, സമഗ്രശിക്ഷാ അഭിയാൻ സംസ്ഥാന പ്രോജക്ട് ഡയറക്ടർ ഡോ. എ. പി. കുട്ടികൃഷ്ണൻ, എസ്. ഐ. ഇ. ടി ഡയറക്ടർ അബുരാജ്, കൈറ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അൻവർ സാദത്ത്, സീമാറ്റ് ഡയറക്ടർ എം. എ. ലാൽ, എ. ഡി. പി. ഐ ജെസി ജോസഫ്, എസ്. സി. ഇ. ആർ. ടി ഡയറക്ടർ ഡോ. ജെ. പ്രസാദ് എന്നിവർ സന്നിഹിതരായിരുന്നു. ഇൻഫർമേഷൻ പബ്‌ളിക്് റിലേഷൻസ് വകുപ്പ് അഡീഷണൽ ഡയറക്ടർ പി. എസ്. രാജശേഖരൻ നന്ദി പറഞ്ഞു.