നൂറ് കോടി രൂപയുടെ വന്‍ വികസന പദ്ധതികളുമായി പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് മാതൃകാപരമായ നേ ട്ടത്തിലെത്തിച്ചേരുമെന്നു പൊതുവിദ്യദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. രണ്ടു വര്‍ഷത്തിനുള്ളില്‍ സമഗ്രമായ വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് പഞ്ചായത്ത് വിഭാവനം ചെയ്തിരിക്കുന്നത്. ഉല്പാദന മേഖല, സേവന പശ്ചാത്തല മേഖല, വിദ്യഭ്യാസ മേഖല, ആരോഗ്യ മേഖല എന്നി പ്രധാനപ്പെട്ട നാല് വിഭാഗങ്ങളിലായി ബൃഹത്തായ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നു. നന്തിക്കര, നെല്ലായി, ആനന്ദപുരം മേല്‍പ്പാല നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിലൂടെ റെയില്‍വേ ഗേറ്റ് മൂലമുണ്ടാകുന്ന യാത്രാക്ലേശം പരിഹരിക്കാന്‍ കഴിയും. ജനങ്ങളുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്  ഓരോ പദ്ധതിയും നടപ്പിലാക്കിയിട്ടുള്ളത്.  പറപ്പൂക്കര പഞ്ചായത്തിലെ പതിനാറാം വാര്‍ഡ് നെടുമ്പാള്‍ തെക്കുംമുറി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തെക്കുംമുറി പ്രദേശത്തെ മുഴുവന്‍ ജല ലഭ്യത ഉറപ്പാക്കുന്ന ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി എം എല്‍ എ ആസ്തി വികസന ഫണ്ടില്‍നിന്നും അന്‍പതു ലക്ഷം രൂപ ചിലവിട്ടാണ് പൂര്‍ത്തീകരിക്കുക. പഞ്ചായത്തിന്‍റെയും കൃഷി വകുപ്പിന്‍റെയും ജലസേചന വകുപ്പിന്‍റെയും സംയുക്തമായ സഹകരണത്തോടെയാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയിട്ടുള്ളത്. ജല ലഭ്യത ഉറപ്പ് വരുത്തുന്നതിനായി കോള്‍പ്പാടത്തുനിന്നു വെള്ളം പമ്പു ചെയ്യുന്നതിനുള്ള അനുമതിയും ഉറപ്പാക്കിയിട്ടുണ്ട്. മുപ്പത്തി രണ്ടു ഹെക്ടര്‍ വിസ്തൃതിയില്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കും. നെടുമ്പാള്‍ പ്രദേശത്തെ  കാര്‍ഷിക മേഖലക്ക് പുതിയ ഉണര്‍വേകാന്‍ ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുന്ന ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി യിലൂടെ കഴിയുമെന്ന് മന്ത്രി പറഞ്ഞു. ജലം സംരക്ഷിക്കേണ്ടതിന്‍റെ അവശ്യകതയെക്കുറിച്ചു നാം ഓരോരുത്തരും ബോധവാډാരാകേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്‍റ് കാര്‍ത്തിക ജയന്‍ അധ്യക്ഷത വഹിച്ചു. ജലസേചന വകുപ്പ് ഏ. ഇ അനില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇരിങ്ങലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മനോജ് കുമാര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി ഡി നെല്‍സണ്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വനജ ജയന്‍, വികസനം സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രീത സജീവന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. പതിനാറാം വാര്‍ഡ് മെമ്പര്‍ അനില്‍ പുന്നയില്‍ സ്വാഗതവും മങ്കടം നടുപാടം കോള്‍ കര്‍ഷക സമിതി കണ്‍വീനര്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ടി കെ ശിവരാമന്‍ നന്ദിയും പറഞ്ഞു.