സ്ത്രീ സ്വാതന്ത്ര്യത്തിലൂടെയും സ്ത്രീ – പുരുഷ സമത്വത്തിലൂടെയുമാണ് മാനവികത ഉയര്‍ത്തിപ്പിടിക്കാനാവുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. ജില്ലാ ആസൂത്രണ ഭവന്‍ ഹാളില്‍ വനിതാമതില്‍ സംഘാടക സമതിയുടെ യോഗത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി. വനിതാമതിലിലൂടെ സമസ്ത മേഖലകളിലും സ്ത്രീ സമത്വമാണ് ലക്ഷ്യമാക്കുന്നത്. നവോത്ഥാനത്തെ പിറകോട്ടടിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാവുമ്പോള്‍ നഷ്ടം സ്ത്രീകള്‍ക്കാണെന്ന തിരിച്ചറിവാണ് ഇത്തരത്തിലൊരു പ്രവര്‍ത്തനത്തിനു തയ്യാറാവുന്നതെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തില്‍ ഒരുകാലത്ത് സമത്വം എന്ന ആശയവും സ്വാതന്ത്ര്യമെന്ന കാഴ്ചപ്പാടും ഒട്ടും ഇല്ലായിരുന്നു. ഇതിലൂടെ നിരവധി സാമൂഹിക പ്രശ്നങ്ങള്‍ ഉണ്ടായി. മനുഷ്യന്‍ മനുഷ്യനായി ജീവിക്കാതിരുന്ന കാലത്താണ് നവോത്ഥാന നായകന്മാര്‍ കേരളത്തില്‍ രംഗപ്രവേശം ചെയ്തതെന്നും ഇതിലൂടെ പുതിയൊരു ലോകവും കാഴ്ചപ്പാടും സൃഷ്ടിക്കാനും സാധിച്ചു. നവോത്ഥാന നായകന്മാര്‍ ചിന്തകളിലൂടെ ഉണ്ടാവുന്ന ചോദ്യങ്ങള്‍ സമൂഹത്തിനോട് ചോദിച്ചവരാണ്. ഇതാണ് പിന്നീട് ഫലം കണ്ടത്. ശാസ്ത്രം വളര്‍ന്നപ്പോള്‍ സാമൂഹ്യബോധവും വളര്‍ന്നുവെന്നും ഇതിലൂടെ കേരളീയ സമൂഹം ലോകത്തിനു മുന്നില്‍ അവിഭാജ്യ ഘടകമായി മാറിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരിതോമസ് അധ്യക്ഷത വഹിച്ചു. അഡ്വ. വി.ആര്‍. സുനില്‍കുമാര്‍, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.കെ. ഉദയപ്രകാശ്, കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍മാന്‍ കെ.ആര്‍. ജൈത്രന്‍, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഡോ. സുഭാഷിണി മഹാദേവന്‍, ഡോ. ഷീല, അഡ്വ. സംഗീത വിശ്വനാഥന്‍, പാര്‍വ്വതി പവനന്‍, സി.രാവുണ്ണി, ലളിത ലെനിന്‍, പ്രൊഫ. പി.വി. വിജയകുമാര്‍, പ്രൊഫ. ടി.എ. ഉഷാകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്സ് അസോസിയേഷന്‍ സെക്രട്ടറി  പി.എസ്. വിനയന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്സ് അസോസിയേഷന്‍ പ്രസിഡണ്ട് വി.എ. മനോജ് കുമാര്‍, വനിത ശിശുക്ഷേമ വകുപ്പ് ജില്ലാ മേധാവി ചിത്രലേഖ, നവോത്ഥാന മൂല്യസംരക്ഷണ സമിതി അംഗങ്ങള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍  തുടങ്ങിയവര്‍ പങ്കെടുത്തു.

ഡിസം. 20 നകം പഞ്ചായത്തുതലത്തില്‍ കമ്മിറ്റികള്‍ രൂപീകരിച്ച് വനിതാമതിലിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും രണ്ടു ദിവസം കൂടുമ്പോള്‍ പഞ്ചായത്തുകളില്‍ സംഘാടക സമിതി യോഗം ചേരണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. 27 നകം പഞ്ചായത്തുകളില്‍ വനിതാകൂട്ടായ്മ, സെമിനാറുകള്‍ എന്നിവയും സംഘടിപ്പിക്കും. വനിതാമതിലിന്‍റെ ഭാഗമായി ഡിസം.25 മുതല്‍ 29 വരെ ജില്ലാഭരണകൂടം, കേരളസാഹിത്യ അക്കാദമി, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ സാംസ്കാരിക സംവാദ യാത്ര സംഘടിപ്പിക്കാനും തീരുമാനിച്ചു. ഡിസം. 25 ന് ഉച്ചയ്ക്ക് 2 ന് കൊടുങ്ങല്ലൂരില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് സാംസ്കാരിക സംവാദ യാത്ര ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ജാഥ പ്രയാണം നടത്തും. 29 ന് വൈകീട്ട് മൂന്നിന് തൃശൂരില്‍ സമാപിക്കും. കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മുരളി പെരുനെല്ലി എംഎല്‍എയാണ് ജാഥാക്യാപ്റ്റന്‍.