രാജ്യത്തെ പ്രതിലോമശക്തികള്‍ തങ്ങളുടെ കാര്യസാധ്യത്തിനായി വായനയെ പിറകോട്ട് വലിക്കാന്‍ ശ്രമിക്കുന്നുവെന്നും അതിന് മാറ്റംവരണമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്. കൂളിമുട്ടം നാണന്‍ സ്മാരക ഗ്രന്ഥശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വായനശാലകള്‍ സമൂഹത്തെ വായിപ്പിക്കുക മാത്രമല്ല, എങ്ങനെ വായിക്കണമെന്നുള്ള ബോധം കൂടി ഉണ്ടാക്കിയെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. വായനയിലൂടെയാണ് നവോത്ഥാനാശയം വളര്‍ന്ന് വരേണ്ടത്. വായനയിലൂടെ ദിശാബോധവും സഹൃദയത്വവും രാഷ്ട്രീയവും ഉണ്ടാകണം. ആശയോത്പാദനം വായനയുടെ പ്രത്യേകതയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നീണ്ട 13 വര്‍ഷത്തെ ശ്രമങ്ങള്‍ക്കൊടുവിലാണ് കൂളിമുട്ടം ഗ്രാമത്തിന് സ്വന്തമായൊരു വായനശാല എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നത്. ഇന്നസെന്‍റ് എം.പിയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ചാണ് ആധുനിക രീതിയിലുള്ള വായനശാല നിര്‍മ്മിച്ചിരിക്കുന്നത്. ഇ.ടി ടൈസണ്‍മാസ്റ്റര്‍ അദ്ധ്യക്ഷതവഹിച്ചു. കെ.യു.അരുണന്‍ എം.എല്‍.എ സ്മരണികപ്രകാശനം ചെയ്തു. ഇ-സേവനകേന്ദ്രം സമര്‍പ്പണം ഡോ.കെ.വി കുഞ്ഞികൃഷ്ണന്‍ നിര്‍വഹിച്ചു. പി.എന്‍. ഗോപീകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. സച്ചിത്ത്, മതിലകം പഞ്ചായത്ത് പ്രസിഡണ്ട് ഇ.ജി. സുരേന്ദ്രന്‍, സുവര്‍ണജയകുമാര്‍, സി.കെ. ഗോപിനാഥ്, കെ.എസ്.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.