കാക്കനാട്: കേരള നിയമസഭയും സാക്ഷരതാ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ഭരണഘടന സാക്ഷരത സന്ദേശയാത്ര 20ന് ജില്ലയിൽ പര്യടനം നടത്തും. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് രാവിലെ 11.30ന്അങ്കമാലിയിൽ സ്വീകരണസമ്മേളനം ഉദ്ഘാടനംചെയ്യും. ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി കാസർഗോഡു നിന്നുമാണ് സന്ദേശയാത്ര ആരംഭിച്ചത്.

ഭരണഘടനാ സാക്ഷരതയുടെ സന്ദേശം ബഹുജനങ്ങളിൽ എത്തിക്കുക, ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാ ൻ ജനങ്ങങളിൽ ബോധവത്കരണം നടത്തുക , ഭരണഘടന സാക്ഷരതാ പരിപാടിയിൽ ബഹുജനങ്ങളെ പങ്കാളികളാക്കുക എന്നിവയാണ് യാത്രയുടെ ലക്ഷ്യം. ഭരണഘടനാ നിർമ്മാണത്തിന്റെ നാൾവഴികൾ മതനിരപേക്ഷത, വിശ്വാസം, വ്യക്തിതിസ്വാതന്ത്ര്യം, പൗരജീവിതം ലിംഗസമത്വം എന്നിവ സംബന്ധിക്കുന്ന ഭരണഘടനാ ഭാഗങ്ങൾക്ക് ഊന്നൽ നൽകിയാണ് സന്ദേശ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഇതോടൊൊപ്പം ഭരണഘടന സംരക്ഷണ സംഗമവും നടക്കും.

ജില്ലയിൽ അഞ്ച് കേന്ദ്രങ്ങളിലാണ് യാത്രയ്ക്ക് സ്വീകരണം നൽകുന്നത്. 11.30 ന് അങ്കമാലിയിലും 12.45 ന് ആലുവ ചാവറയച്ചൻ നഗറിലും, 3.30 ന് കാക്കനാട് സഹോദരൻ അയ്യപ്പൻ നഗറിലും, 4.45ന് തൃപ്പൂണിത്തുറയിൽ കെ.പി.കറുപ്പൻ നഗറിലും, 6.45 ന് മുവാറ്റുപുഴ അന്നാ മാണി നഗറിലും സ്വീകരണം നൽകും. വാഹനജാഥയായാണ് യാത്ര വരുന്നത്. പ്രത്യേകം തയാറാക്കിയ ഭരണഘടനാ സന്ദേശവാഹനം കൂടാതെ ഡയറക്ടറുടെ വാഹനവും യാത്രാസംഘം ഉൾപെടുന്ന മറ്റൊരു വാഹനവും ഉണ്ടായിരിക്കും. ഭരണഘടനാ സന്ദേശ വാഹനത്തിൽ സന്ദേശഗാനവും ഉണ്ടാകും. സ്ത്രീകൾ ഉൾപ്പെടെ 10 പേർ യാത്ര സംഘത്തിലുണ്ട്. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും അരമണിക്കൂർ നേരം വാഹനം ചിലവഴിക്കും. ബൈക്ക് റാലിയും ഇതോടൊപ്പമുണ്ട്. വിവിധ കലാപരിപാടികളും സ്വീകരണ കേന്ദ്രങ്ങളിൽ അരങ്ങേറും.

2018 നവംബർ 26 നാണ് ജനകീയ വിദ്യാഭ്യാസ പരിപാടി ആരംഭിച്ചത്. ജനു.14 ന് കാസർകോട് മഞ്ചേശ്വരത്തു നിന്ന് ആരംഭിച്ച സന്ദേശ യാത്ര സംസ്ഥാനത്ത് 52 കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് 24ന് തിരുവനന്തപുരത്ത് വെങ്ങാനൂരിൽ സമാപിക്കും.

ജില്ലയിലെ സ്വീകരണ പടികൾ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനിലിന്റെ നേതൃത്വത്തിൽ ചേംബറിൽ സംഘാടക സമിതി ചേർന്നു. സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ദീപ ജയിംസ്, സി.കെ.അയ്യപ്പൻകുട്ടി, ഉഷാകുമാരി കെ.എസ്, രമ്യ എസ് എന്നിവർ പങ്കെടുത്തു.