സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിന് തുടക്കമായി
മനസ്സിനെ ഏറ്റവുമധികം സ്വാധീനിക്കാൻ കഴിയുന്ന കലാരൂപം നാടകമാണെന്നും ഇതിനെ കൂടുതൽ ജനകീയമാക്കേണ്ടതുണ്ടെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. തൃശ്ശൂർ കെ.ടി.മുഹമ്മദ് സ്മാരക തിയേറ്ററിൽ സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ജനകീയ ജീവിതത്തിൽ നേരിടുന്ന അപകടങ്ങളെ തിരിച്ചറിയാൻ സാങ്കേതിക വിദ്യയിലൂടെ കഴിയില്ല. അത് സാംസ്‌കാരിക ഇടപെടലിലൂടെ മാത്രമേ സാധ്യമാകൂ. വർത്തമാനകാല സാമൂഹിക യഥാർഥ്യങ്ങൾ നോക്കുമ്പോൾ ഈ നാടകോത്സവത്തിന് അതിയായ പ്രസക്തിയുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരള സംഗീത നാടക അക്കാദമി ചെയർപേഴ്‌സൻ കെ.പി.എ.സി ലളിത അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട്, സെക്രട്ടറി എൻ.രാധാകൃഷ്ണൻ നായർ, നിർവ്വാഹക സമിതി അംഗം പ്രേം പ്രസാദ് എന്നിവർ സംസാരിച്ചു.
തുടർന്ന് കൊല്ലം ആവിഷ്‌കാരയുടെ ‘അക്ഷരങ്ങൾ’ നാടകം അരങ്ങേറി. ഇന്ന് (ജൂൺ മൂന്ന്) വൈകീട്ട് ആറിന് ഓച്ചിറ നാടക രംഗത്തിന്റെ ‘ഇവൻ നായിക’ നാലിന് അമ്പലപ്പുഴ സാരഥിയുടെ ‘കപടലോകത്തെ ശരികൾ’, അഞ്ചിന് കായംകുളം സപര്യ കമ്യൂണിക്കേഷൻസിന്റെ ‘ദൈവത്തിന്റെ പുസ്തകം’, ആറിന് കോഴിക്കോട് നവചേതന തിയറ്റർ ഗ്രൂപ്പിന്റെ ‘നയാപൈസ’, ഏഴിന് കോഴിക്കോട് രംഗഭാഷയുടെ ‘നിരപരാധികളുടെ ജീവിതയാത്ര’, എട്ടിന് കൊരട്ടി രജപുത്രയുടെ ‘പകിട’, ഒമ്പതിന് കേരള പീപ്പിൾസ് ആർട്‌സ് ക്ലബിന്റെ ‘മഹാകവി കാളിദാസൻ’, പത്തിന് തൃശ്ശൂർ സ്ദഗമയയുടെ ‘യന്ത്രമനുഷ്യൻ’, അമ്പലപ്പുഴ അക്ഷജ്വാലയുടെ ‘വേറിട്ട കാഴ്ചകൾ’ എന്നിവയാണ് അവതരണത്തിനായി തെരഞ്ഞെടുക്കപ്പെട്ട മറ്റു നാടകങ്ങൾ.
ജൂൺ 11 വരെ 10 ദിവസങ്ങളിലായി നടത്തുന്ന സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്. വിവിധ അവതരണ മേഖലകളിൽ നിന്നായി വിധികർത്താക്കൾ തിരഞ്ഞെടുത്ത നാടകങ്ങളാണ് അരങ്ങേറുന്നത്.